അതിർത്തി ചെക്ക് പോസ്റ്റുകളിൽ രിശോധന: എംഡിഎംഎയും കഞ്ചാവും പിടികൂടി

Sunday 04 September 2022 12:10 AM IST

സുൽത്താൻ ബത്തേരി: ഓണത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ കേരളത്തിലേയ്ക്ക കൊണ്ടുവരുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതിർത്തി ചെക്കുപോസ്റ്റുകളിൽ എക്‌സൈസ് പൊലീസും ഡാൻസാഫ് ഫോറസ്റ്റുമായി ചേർന്ന് കൊണ്ട് സംയുക്ത പരിശോധന ആരംഭിച്ചു. 10 ഗ്രാം കഞ്ചാവും 0.4 ഗ്രാം എം.ഡി.എം.എയും പിടികൂടി. കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് കോഴിക്കോട് കൊടിയത്തുർ സ്വദേശി ഉറവിങ്കൽ വീട്ടിൽ സിറാജുദ്ദീൻ (30) എം.ഡി.എം.എ കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് കിനാലൂർ സ്വദേശി കുളത്തുവയൽ വീട്ടിൽ കെ.വി അജ്മൽ (24) എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്താലായിരുന്നു പരിശോധന.
കർണാടക എക്‌സൈസുമായി സഹകരിച്ച് കഴിഞ്ഞ ദിവസം മുത്തങ്ങയിലും അതിർത്തി ചെക്കുപോസ്റ്റുകളിലും പരിശോധന നടത്തുകയും ചെയ്തു. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്ര ചരക്ക് വാഹനങ്ങൾ അതിർത്തികളിൽ കർശന പരിശോധനക്ക് ശേഷമാണ് സംസ്ഥാനത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. അതിർത്തി വഴി രാസലഹരി വൻതോതിൽ കടത്തികൊണ്ടുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സ്‌ക്വാഡിനെ തന്നെ നിരീക്ഷണത്തിനായി വെച്ചിട്ടുണ്ട്. പരിശോധന കർനമാക്കിയതോടെ ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
പരിശോധനക്ക് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീൻ, ഡാൻസാഫ് പോലീസ് സബ് ഇൻസ്‌പെക്ടർ അഖിൽ, എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എച്ച് ഷെഫീഖ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജി ബാബു, പ്രിവന്റീവ് ഓഫീസർ കെ.വി വിജയകുമാർ, എം.പി ഹരിദാസൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ചാൾസ്‌കുട്ടി, നിഷാദ്എന്നിവർ പങ്കെടുത്തു.

Advertisement
Advertisement