കൊഹ്‌ലിക്കെതിരെ ബി.സി.സി.ഐയിൽ അതൃപ്‌തി

Wednesday 07 September 2022 2:34 AM IST

മുംബയ്: ടെസ്റ്റ് ക്യാപ്ടൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചപ്പോൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ച സമയത്ത് എം.എസ് ധോണി മാത്രമാണ് തനിക്കൊരു മെസേജ് എങ്കിലും അയച്ചതെന്ന വിരാട് കൊഹ്‌ലിയുടെ വെളിപ്പെടുത്തലിൽ ബി.സി.സി.ഐയിൽ അതൃപ്തിയെന്ന് സൂചന. കൊഹ്‌ലിക്ക് ബി.സി.സി.ഐയിൽ നിന്നും ടീമംഗങ്ങളിൽ നിന്നുമെല്ലാം വലിയ പിന്തുണ ലഭിച്ചെന്നും മറിച്ച് പറയുന്നത് സത്യമല്ലെന്നും ബി.സി.സി.ഐയിലെ ഒരു ഉന്നതൻ ഇൻസൈഡ് സ്‌പോർട്ടിനോട് പ്രതികരിച്ചു.

വിരാടിന് എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു, ടീം അംഗങ്ങളിൽ നിന്നും ബി.സി.സി.ഐയിൽ നിന്നും എല്ലാവരിൽ നിന്നും. പിന്തുണ ലഭിച്ചില്ലെന്ന് പറയുന്നത് വാസ്തവമല്ല. താളംവീണ്ടെടുക്കാൻ അദ്ദേഹത്തിന് ഇടവേളകൾ നൽകി. ടെസ്റ്റിലെ നായകസ്ഥാനം ഒഴിഞ്ഞപ്പോൾ ബി.സി.സി.ഐയിലെ എല്ലാവരും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. ഇപ്പോൾ അദ്ദേഹം എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് അറിയില്ല.'' - പ്രതികരണം ആരാഞ്ഞ ഇൻസൈഡ് സ്‌പോർട്ടിനോട് ബി.സി.സി.ഐയിലെ ഉന്നതൻ വ്യക്തമാക്കി. നേരത്തേ സുനിൽ ഗവാസ്കറും കൊഹ്‌ലി പറഞ്ഞതിനെതിരെ ആതൃപ്തി പരസ്യമായി പ്രകടമാക്കിയിരുന്നു. ആരുടെ സന്ദേശമാണ് കൊഹ്‌ലി പ്രതീക്ഷിച്ചിരുന്നതെന്ന് വ്യക്തമാക്കണമെന്ന് ഗാവസ്കർ ആവശ്യപ്പെട്ടു.

Advertisement
Advertisement