രാഹുൽ ഗാന്ധിയെ കേരള അതിർത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കണമായിരുന്നു, ഫാസിസത്തെ തോൽപ്പിക്കാൻ മതേതര പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന് അടൂർ ഗോപാലകൃഷ്‌ണൻ
തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കേരളാതിർത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കണമായിരുന്നുവെന്ന് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ തേടിയും രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തുന്നതിന് ക്ഷണിക്കാനുമെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലെത്തിയ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിന്നാൽ മാത്രമേ ഫാസിസത്തെ തോൽപ്പിക്കാൻ കഴിയൂ എന്നും അടൂർ പറഞ്ഞു.
നാളെയാണ് യാത്ര കേരളത്തിൽ പ്രവേശിക്കുന്നത്.തിരുവനന്തപുരം ജില്ലയിൽ 11,12,13,14 തീയതികളിഷ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കുന്ന രീതിയിലാണ് യാത്രയുടെ ക്രമീകരണം. 15,16 തീയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളിൽ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളിൽ തൃശൂർ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂർത്തിയാക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിലെ ഗൂഡല്ലൂർ വഴി കർണാടകത്തിൽ പ്രവേശിക്കും
സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. രാവിലെ ഏഴ് മുതൽ 11 വരെയും വൈകന്നേരം നാല് മുതൽ ഏഴ് വരെയുമാണ് യാത്രയുടെ സമയക്രമം. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നപോകുന്നത്. 3570 കിലോമീറ്റർ പിന്നിട്ട് ജനുവരി 30ന് സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും.