സ്വയം കെടുത്തരുത്,​ പ്രതീക്ഷകളിലൂടെ പടുത്തുയർത്താം

Friday 23 September 2022 12:00 AM IST

പ്രബുദ്ധ കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിൽ അധികമാണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യത്തിന് മുന്നിലാണ് നാം. ഓരോ ദിവസവും നിരവധി ആത്മഹത്യാ വാർത്തകളാണ് മാദ്ധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലേക്കെത്തുന്നത്. ഒരു സമൂഹത്തിന്റെയും ലോകത്തിന്റെ തന്നെയും മാനസികാരോഗ്യം തകരാറിലാകുന്നതിന്റെയും യുവാക്കളും കൗമാരക്കാരും കുട്ടികളും ഉൾപ്പെടെ വലിയൊരു വിഭാഗം ആത്മധൈര്യമില്ലാതെ ജീവിതം കൈവിട്ടുകളയുന്നതിന്റെയും വേദനപ്പിക്കുന്ന ചിത്രങ്ങൾ നമുക്ക് മുന്നിൽ നിൽക്കുന്നു.

കേരളത്തിലെ ആത്മഹത്യാ നിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചിരിക്കുന്നു എന്നതും അടിയന്തരശ്രദ്ധ പതിയേണ്ട വസ്തുതയാണ്. കേരളത്തിൽ ഒരുലക്ഷം പേരിൽ 26.9 പേർ ആത്മഹത്യ ചെയ്യുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലോക ആത്മഹത്യാപ്രതിരോധ ഫെഡറേഷൻ, ലോകാരോഗ്യ സംഘടന, ലോകമാനസികാരോഗ്യ ഫെഡറേഷൻ എന്നിവരെല്ലാം ആത്മഹത്യാപ്രതിരോധത്തിനായി പ്രവർത്തിക്കുന്നുണ്ട്.

ധൈര്യം കുറയുന്നു

ഇന്ത്യയ്ക്കും കൊല്ലത്തിനും

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2021 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കഴിഞ്ഞവർഷം 1,64,033 പേർ ആത്മഹത്യയിലൂടെ മരണം വരിച്ചു. മുൻവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 7.2 ശതമാനം കൂടുതലാണ്. ഒരുലക്ഷം പേരിൽ 12 പേർ പ്രതിവർഷം ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യയിലേറ്റവും കൂടുതൽ ആത്മഹത്യാനിരക്കുള്ള ജില്ല കേരളത്തിലെ കൊല്ലം ജില്ലയാണ്. ഒരുലക്ഷം പേരിൽ 43.9 പേരാണ് കഴിഞ്ഞവർഷം കൊല്ലം ജില്ലയിൽ ആത്മഹത്യ ചെയ്തത്.

അന്താരാഷ്ട്ര വൈദ്യശാസ്ത്ര ഗവേഷണ ജേർണലായ ലാൻസെറ്റ് 2021 ൽ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം ലോകത്തിലേറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന രാജ്യം ഇന്ത്യയാണ്. ആത്മഹത്യാപ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകൾ ഊന്നിപ്പറയുന്നത്.

മനസ് പിടിവിട്ട്

നമ്മുടെ കുട്ടികൾ

വിദ്യാർത്ഥികളുടെ മരണത്തിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ആത്മഹത്യയാണെന്നും ലാൻസെറ്റ് 2021 ൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. ആകെ വിദ്യാർത്ഥി മരണങ്ങളിൽ എട്ട് ശതമാനം സംഭവിക്കുന്നത് ആത്മഹത്യകൾ കാരണമാണ്. കഴിഞ്ഞവർഷം ഇന്ത്യയിൽ 13000 വിദ്യാർത്ഥികൾ ആത്മഹത്യയിലൂടെ മരണപ്പെട്ടു. ആത്മഹത്യകളുടെ പ്രധാന കാരണങ്ങളായി റിപ്പോർട്ട് സൂചിപ്പിക്കുന്നത് കുടുംബപ്രശ്നങ്ങളും രോഗങ്ങളും ലഹരിവസ്തുക്കളുടെ ദുരുപയോഗവുമാണ്. 33 ശതമാനം ആത്മഹത്യകൾ കുടുംബപ്രശ്നങ്ങൾ മൂലം സംഭവിക്കുമ്പോൾ 18.6 ശതമാനം ശാരീരിക - മാനസിക രോഗങ്ങൾ മൂലം സംഭവിക്കുന്നു.10 ശതമാനം ആത്മഹത്യകൾ മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ദുരുപയോഗം മൂലം സംഭവിക്കുന്നു എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

മാനസികാരോഗ്യ

സാക്ഷരത
മാനസികാരോഗ്യ സാക്ഷരതാ ബോധവത്‌കരണം വ്യാപകമാക്കണം. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന പ്രചോദക ഘടകങ്ങൾ.
വിഷാദരോഗം, അമിത ഉത്കണ്ഠ, സംശയരോഗം, ചിത്തഭ്രമം, ഉന്മാദ
വിഷാദ രോഗം, മദ്യാസക്തിയും മയക്കുമരുന്ന് അടിമത്തവും
എന്നിവയൊക്കെ ആത്മഹത്യയിലേക്ക് നയിക്കാവുന്ന മാനസിക ആരോഗ്യപ്രശ്നങ്ങളാണ്.

മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സമൂഹം പുലർത്തുന്ന മുൻവിധികൾ ചികിത്സതേടുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നു. ചികിത്സയെടുക്കാതെ പോകുന്ന
മാനസികാരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നു. ലഹരി മരുന്നുകളുടെ ലഭ്യത തടയുകയും അവയുടെ വിപണനത്തിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ ലഹരികൾ മൂലമുള്ള ആത്മഹത്യകൾ വലിയൊരളവ് വരെ തടയാൻ സാധിക്കും.

പ്രതിരോധത്തിന്

പ്രായോഗിക പാഠങ്ങൾ
വ്യക്തിബന്ധങ്ങളുടെ ഊഷ്മളത മെച്ചപ്പെടുത്താനും പ്രതിസന്ധികൾ
മറികടക്കാനുമുള്ള ജീവിതനിപുണത വിദ്യാഭ്യാസം സ്കൂൾതലം മുതലേ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക. ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ പ്രായോഗിക പരിശീലനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്നതും വളരെയേറെ പ്രയോജനം ചെയ്യും.

അദ്ധ്യാപകരും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് മാനസികാരോഗ്യ പ്രഥമശുശ്രൂഷ പരിശീലനം നൽകി ശാക്തീകരിക്കണം. വിദ്യാർത്ഥികളുടെ ഇടയിൽ ആത്മഹത്യാ
പ്രതിരോധ സന്നദ്ധസേന രൂപീകരിച്ച് പരിശീലനം നല്കുക. എല്ലാ താലൂക്ക് ആശുപത്രികളിലും സൈക്യാട്രിസ്റ്റ് തസ്തിക സൃഷ്ടിക്കുന്നതിലൂടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സ ജനങ്ങൾക്ക് സ്വന്തം വീടിനടുത്ത് ഉറപ്പുവരുത്താനാവും.

Advertisement
Advertisement