പൊലീസുകാർക്ക് നേരെ ബുള്ളറ്റ് ഇടിച്ചുകയറ്റിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

Tuesday 27 September 2022 12:00 AM IST

കൊല്ലം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ പൊലീസുകാർക്ക് നേരെ ബുള്ളറ്റ് ഇടിച്ചുകയറ്റിയ പി.എഫ്.ഐ

പ്രവർത്തകൻ പിടിയിൽ. കൂട്ടിക്കട നഗർ 55, ചെക്കാലയിൽ ഷംനാദ് മൻസിലിൽ ഷംനാദ്(30) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷംനാദിനെ കഴിഞ്ഞദിവസം രാത്രി വാളത്തുംഗൽ നിന്നാണ് ഇരവിപുരം പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഇരവിപുരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്റണി, കൊല്ലം എ.ആർ ക്യാമ്പിലെ സി.പി.ഒ നിഖിൽ എന്നിവർക്ക് പരിക്കേറ്റിരുന്നു. പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമം, വഴിയാത്രക്കാരെ ആക്രമിക്കൽ എന്നീ വകുപ്പുകളാണ് ഷംനാദിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. രണ്ട് വധശ്രമം അടക്കം മറ്റ് മൂന്ന് കേസുകളിലെ പ്രതിയാണ് ഷംനാദ്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ കൊല്ലം പള്ളിമുക്കിലായിരുന്നു സംഭവം. തട്ടാമലയിൽ ബസിന് നേരേ കല്ലേറുണ്ടായ സ്ഥലത്ത് പോയി ബൈക്കിൽ മടങ്ങുകയായിരുന്നു ആന്റണിയും നിഖിലും അടങ്ങിയ ബൈക്ക് പട്രോളിംഗ് സംഘം. ഇതിനിടെ,​ പള്ളിമുക്കിൽ യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അവിടേക്ക് തിരിച്ചു. യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തിവരികയായിരുന്ന ഷംനാദ്,​ പള്ളിമുക്ക് ജംഗ്ഷനിലുണ്ടായിരുന്ന പൊലീസുകാർ പിടികൂടാൻ ശ്രമിച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ തടയാൻ ശ്രമിച്ച ആന്റണിക്കും നിഖിലിനും നേരെ ബുള്ളറ്റ് ഇടിച്ചുകയറ്റിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

ബുള്ളറ്റിന്റെ നമ്പർ തിരിച്ചറിഞ്ഞ പൊലീസ് സംഘം ഷംനാദിന്റെ വീട്ടിലെത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഷംനാദ് കമ്മിഷണറെ വിളിച്ച് തന്റെ വാഹനം അനാവശ്യമായി പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതിപ്പെട്ടു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് ഷംനാദിനെ കണ്ടെത്താൻ ശ്രമം തുടങ്ങിയെങ്കിലും നിമിഷങ്ങൾക്കകം ഫോൺ സ്വിച്ച് ഓഫ് ചെയ്തു. അക്രമത്തിൽ കണ്ണിന്റെ താഴെയുള്ള അസ്ഥിക്ക് പൊട്ടലേറ്റ ആന്റണിയെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

Advertisement
Advertisement