ഭീകരബന്ധമെന്ന് കേന്ദ്രം, പോപ്പുലർ ഫ്രണ്ടിന്  5 വർഷം നിരോധനം

Wednesday 28 September 2022 11:45 PM IST

എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു

സംസ്ഥാന ജന. സെക്രട്ടറി അബ്ദുൾ സത്താർ കസ്റ്റഡിയിൽ

സംഘടന പിരിച്ചുവിട്ടെന്ന് അറിയിപ്പ്

ന്യൂഡൽഹി: ഭീകര ബന്ധം ആരോപിച്ച് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ വിവാദ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പി.എഫ്.ഐ) എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചുവർഷത്തേക്ക് നിരോധിച്ചു.

നടപടി യു.എ.പി.എ പ്രകാരംആയതിനാൽ അറസ്റ്റിലായ നേതാക്കൾക്കും പ്രവർത്തകർക്കും ഉടൻ ജാമ്യം കിട്ടില്ല. നിരോധനം പ്രാബല്യത്തിൽ വന്നു.

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരായ എൻ.ഐ.എ കേസിലെ മൂന്നാം പ്രതിയായ സംസ്ഥാന ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി ആദിനാട് മാതേരയ്യത്ത് വീട്ടിൽ അബ്ദുൾ സത്താറിനെ (51) പുതിയകാവിലുള്ള പി.എഫ്.ഐ ഡിവിഷണൽ ഓഫീസിൽ നിന്ന് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്ത് എൻ.ഐ.എക്ക് കൈമാറി. നിരോധനം അംഗീകരിക്കുന്നതായും സംഘടന പിരിച്ചു വിട്ടതായും അബ്ദുൾ സത്താർ ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ടും പോഷക സംഘടനകളും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അന്താരാഷ്‌ട്ര

ഭീകരഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും നിരോധന ഉത്തരവിൽ ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് സർക്കാരുകളുടെ നിരോധന ശുപാർശയും കണക്കിലെടുത്തു.

പി.എഫ്.ഐയുടെ രാഷ്‌ട്രീയ സംഘടനയായ എസ്.ഡി.പി.ഐക്ക് നിരോധനമില്ല.മുപ്പത് ദിവസത്തിനകം ഡൽഹി ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള യു.എ.പി.എ ട്രൈബ്യൂണലിന് നിരോധന വിജ്ഞാപനം കേന്ദ്രം കൈമാറും. പി.എഫ്.ഐയുടെ വാദം കേട്ടശേഷം ട്രൈബ്യൂണൽ തീരുമാനമെടുക്കും

9 കാരണങ്ങൾ

1. ജനാധിപത്യത്തെ തകർക്കുന്ന സാമുദായിക ധ്രുവീകരണ അജണ്ട

2. രാജ്യത്തിന്റെ ഭരണഘടനാ അധികാരത്തോട് അനാദരവ്.

3. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും സമുദായ സൗഹാർദ്ദത്തിനും ഭീഷണിയായ തീവ്രവാദ പ്രവർത്തനം

4. പി.എഫ്.ഐയുടെ സ്ഥാപകരിൽ ചിലർ നിരോധിക്കപ്പെട്ട സിമിക്ക് നേതൃത്വം നൽകിയവരാണ്.

5. ഐസിസ് അടക്കം അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധം. ചിലർ സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഭീകര പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

6. ഭീകരഗ്രൂപ്പുകൾക്കൊപ്പം രാജ്യത്ത് വർഗീയ അരക്ഷിതാവസ്ഥ വളർത്തുന്നു.

7. ക്രമസമാധാനം തകർക്കാനും സമൂഹത്തിൽ ഭീകര വാഴ്ച സൃഷ്ടിക്കാനും ശ്രമിച്ചു:

8. കേരളത്തിൽ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടി. എറണാകുളം മഹാരാജാസ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തി. ആർ.എസ്.എസ് പ്രവർത്തകരായ പാലക്കാട് സ്വദേശി സൻജിത്ത്, ആലപ്പുഴ സ്വദേശി നന്ദു കൃഷ്‌ണ, തിരൂർ സ്വദേശി ബിപിൻ ദാസ് തുടങ്ങിയവരെ കൊലപ്പെടുത്തി.

9.ഹവാല ഫണ്ട് ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു.

എസ്.ഡി.പി.ഐയുടെ ഭാവി

പ്രവർത്തനം തുടരാമെങ്കിലും നിരോധന നീക്കം ഉണ്ടായേക്കാം.

തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വിജ്ഞാപനം ഇറക്കേണ്ടത് കേന്ദ്ര നിയമമന്ത്രാലയം.

# നിരോധിച്ചാൽ, കേരളത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയുള്ള ചില തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം തുലാസിലാവും.

Advertisement
Advertisement