എ.കെ.ജി സെന്റർ ആക്രമണം: പ്രതിയുടെ ജാമ്യ ഹർജി തള്ളി

Friday 30 September 2022 1:23 AM IST

 സ്‌ഫോടനത്തിന്റെ തീവ്രത ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് കോടതി

തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതി ജിതിന്റെ ജാമ്യ ഹർജി കോടതി തള്ളി. ജുഡിഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേ​റ്റ് (മൂന്ന്) അഭിനിമോൾ രാജേന്ദ്രനാണ് ഹർജി തളളിയത്. എ.കെ.ജി സെന്ററിലേത് തീവ്രമായ സ്‌ഫോടനം അല്ലാത്തത് കൊണ്ട് സ്‌ഫോടക വസ്തു നിരോധന നിയമം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സ്‌ഫോടനത്തിന്റെ തീവ്രത ജാമ്യ ഹർജി കേൾക്കുമ്പോൾ പരിഗണിക്കാനാവില്ലെന്നും വിചാരണ വേളയിലാണ് ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

പ്രതിയുടെ പേരിൽ പ്രഥമദൃഷ്ട്യാ കു​റ്റം ആരോപിക്കാവുന്ന തെളിവുകൾ ഉണ്ടെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. ജിതിൻ നിരവധി കേസുകളിൽ പ്രതിയാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല. നിരോധിത സ്‌ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറേ​റ്റിന്റെ അംശം സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയെന്ന പ്രോസിക്യൂഷന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ലഭിക്കുന്ന കു​റ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. അതിനാൽ മജിസ്‌ട്രേ​റ്റ് കോടതിക്ക് ജാമ്യം അനുവദിക്കാനുളള പരിമിതിയുണ്ടെന്നും കോടതി ഉത്തരവിലുണ്ട്.

ജാമ്യം ലഭിച്ചാൽ പ്രതിയുടെ ജീവന് ആപത്ത് ഉണ്ടാവുമെന്നും സമാന കു​റ്റകൃത്യം ചെയ്യാനിടയുണ്ടെന്നുമുളള പ്രോസിക്യൂഷന്റെ ആശങ്ക കോടതി അപ്പാടെ തള്ളിക്കളഞ്ഞു. തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനവും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസും സി.പി.എം പ്രവർത്തകർ തകർത്തതിലുളള വിരോധം കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവായ പ്രതി എ.കെ.ജി സെന്ററിനു നേർക്ക് ബോംബെറിഞ്ഞ് നാശനഷ്ടവും ആളപായവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

Advertisement
Advertisement