ഭൂമി തരംമാറ്റൽ: ഈടാക്കിയ ഫീസിന്റെ വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശം

Saturday 08 October 2022 2:17 AM IST

കൊച്ചി: ഭൂമി തരംമാറ്റാൻ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഈടാക്കുന്ന ഫീസിനത്തിൽ എത്ര തുക ലഭിച്ചെന്നും അതിലെത്ര തുക കൃഷി വികസന ഫണ്ടിലേക്ക് കൈമാറിയെന്നും അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു. 2018 മുതൽ ഇത്തരത്തിൽ സമാഹരിച്ച തുക കൃഷി വികസന ഫണ്ടിലേക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. കൃഷ്‌ണകുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഹർജി വന്നശേഷം 18 കോടി രൂപ ഫണ്ട് നിക്ഷേപിച്ചതായി സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. 2021 -2022 ൽ സമാഹരിച്ച 239 കോടി രൂപയിലേറെ സമാഹരിച്ചത് ഫണ്ടിലേക്ക് അടച്ചിട്ടില്ലെന്നും 2020 -2021 ൽ 700 കോടിയിലേറെ രൂപ സമാഹരിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. തുടർന്നാണ് സർക്കാർ രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചു സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

Advertisement
Advertisement