ഇരവിപുരം ആർ.ഒ.ബി: നാട്ടുകാരെ ബന്ദിയാക്കി റെയിൽവേയുടെ മെല്ലപ്പോക്ക് പ്രതികാരം

Friday 14 October 2022 12:57 AM IST

കൊല്ലം: ഇരവിപുരം ആർ.ഒ.ബിയുടെ റെയിൽവേ ലൈനിന് മുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നടപടി വൈകിപ്പിച്ച് റെയിൽവേയുടെ പ്രതികാരം. റെയിൽവേ ലൈനിന് ഇരുവശത്തെയും നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനിടെയാണ് മുകൾ ഭാഗത്തെ ജോലികൾ വൈകുന്നത്. ഇതിനുള്ള നിർമ്മാണ കരാർ ഇതുവരെയും റെയിൽവേ ഒപ്പിട്ടിട്ടില്ല.

റെയിൽവേ ലൈനിന് ഇരുവശത്തെയും നി‌ർമ്മാണ പ്രവർത്തനങ്ങളുടെ നിർവഹണ ഏജൻസി ആർ.ബി.ഡി.സി.കെയാണ്. എന്നാൽ,​ റെയിൽവേ ലൈനിന് മുകൾ ഭാഗത്തെ നി‌ർമ്മാണം റെയിൽവേയുടെ മേൽനോട്ടത്തിൽ പ്രത്യേകം കരാർ നൽകിയാണ് സാദ്ധ്യമാക്കുന്നത്. കഴിഞ്ഞവർഷം അവസാനം റെയിൽവേ ലൈനിന് ഇരുവശത്തെയും ആർ.ഒ.ബിയുടെ നിർമ്മാണ കരാർ ഒപ്പിട്ട് നിർമ്മാണോദ്ഘാടനവും നടത്തി. എന്നാൽ,​ അപ്പോഴും നടുവിലെ ഭാഗത്തിന്റെ ജി.എ.ഡിക്ക് അംഗീകാരം ലഭിച്ചിരുന്നില്ലെന്നാണ് റെയിൽവേ അധികൃതരുടെ വാദം. തങ്ങളുടെ അനുമതി ലഭിക്കും മുമ്പേ നിർമ്മാണം തുടങ്ങിയതിനാലാണ് തുടർ നടപടികൾ ഇഴയുന്നതെന്നും ടെണ്ടറിന്റെ കാലാവധി കഴിഞ്ഞെങ്കിലും വിലപേശി കരാർ ഉറപ്പിച്ചിട്ടില്ലെന്നും അവർ വിശദീകരിക്കുന്നു.

റെയിൽവേ ലൈനിനോട് ചേർന്നുള്ളത് ഉൾപ്പടെ ആർ.ഒ.ബിക്ക് 68 പൈലുകളാണ് ആകെയുള്ളത്. ഇതിൽ റെയിൽവേ ലൈനിനോട് ചേർന്നുള്ള 24 പൈലുകളും അതിന് മുകളിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കുമാണ് റെയിൽവേ പ്രത്യേകം കരാർ നൽകുന്നത്. ബാക്കി 44 പൈലുകളും അവയ്ക്ക് മുകളിലുള്ള പത്ത് പൈൽ ക്യാപ്പുകളിൽ എട്ടെണ്ണവും പൂർത്തിയായി. ബാക്കി രണ്ടെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഇനിയുള്ള പിയർ, പിയർ ക്യാപ്പ്, അതിന് മുകളിലുള്ള ഗർഡർ എന്നിവ സ്റ്റീൽ കൊണ്ടുള്ളതാണ്. തൃച്ചിയിൽ നിർമ്മാണം പുരോഗമിക്കുന്ന സ്റ്റീൽ ഗർഡറുകൾ വൈകാതെ എത്തും. അതിന് മുകളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള സ്ലാബ് കോൺക്രീറ്റ് കൊണ്ടാണ്. ഇവ മാർച്ചിൽ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ,​ റെയിൽവേ ലൈനിന് മുകളിലെ ആർ.ഒ.ബിയുടെ കാര്യത്തിൽ ആശങ്ക തുടരുകയാണ്. തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളും മാർച്ചിൽ പൂർത്തിയാക്കുമെന്നാണ് റെയിൽവേ പറയുന്നത്.

ഗേറ്റിന് പൂട്ട് വീണിട്ട് 9 മാസം

നിർമ്മാണ പ്രവർത്തനങ്ങൾക്കായി ജനുവരി പകുതിയോടെയാണ് ഇരവിപുരം റെയിൽവേ ഗേറ്റ് അടച്ചത്. അതിന് ശേഷമുള്ള കഴിഞ്ഞ ഒമ്പത് മാസമായി ഇരവിപുരത്തുകാർക്ക് വീതി തിരെയില്ലാത്ത ഇടറോഡുകളാണ് ആശ്രയം. വീതി തീരെയില്ലാത്ത ഈ റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ കുരുക്കും രൂക്ഷമാണ്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് രാത്രി യാത്രയും ദുസഹമാക്കുന്നു. ഇരുചക്ര വാഹന യാത്രക്കാർക്ക് തെരുവ് നായകളും ഭീഷണിയാണ്. ചുരുക്കത്തിൽ നാട്ടുകാർ ആകെ ബന്ദിയായ അവസ്ഥയിലാണ്.

Advertisement
Advertisement