അയൽസംസ്ഥാനത്ത് നി​ന്ന് ജീവനക്കാർ; സംഘർഷഭരി​തമായി​ സ്വിഗ്ഗി സമരം 

Friday 18 November 2022 1:08 AM IST

കൊച്ചി: അയൽ സംസ്ഥാനങ്ങളിൽ നിന്നു വനിതകളടക്കമുള്ള തൊഴിലാളികളെ കൊണ്ടുവന്നു സ്വിഗ്ഗി സമരം പൊളിക്കാനുള്ള മാനേജ്മെന്റ് നീക്കം സംഘർഷത്തിലേക്ക്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചവരിലേറെയും വനിതകളാണ്. കഴിഞ്ഞദിവസം ജോലിക്കു കയറിയ ഇവരെ സമരക്കാർ തടഞ്ഞതോടെ പലയിടങ്ങളിലും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സമരക്കാരിലൊരാൾക്കു മർദനമേറ്റു. മാനേജ്മെന്റിനു വേണ്ടി പ്രവർത്തിക്കുന്ന പൊലീസിലെ ഒരു വിഭാഗമാണ് മർദ്ദിച്ചതെന്നും ഇറക്കുമതി ചെയ്ത തൊഴിലാളികളെ ഗുണ്ടകളുടെ പിന്തുണയോടെയാണ് ജോലിക്കു നിയോഗിച്ചതെന്നും സമരക്കാർ ആരോപിക്കുന്നു.

കള്ളക്കേസിൽ കുടുക്കിയും ഗുണ്ടകളെ ഉപയോഗിച്ചും നേരിടാനാണ് നീക്കമെങ്കിൽ ഇതര സംഘടനകളെ കൂടി ഉൾപ്പെടുത്തി പ്രക്ഷോഭത്തിന്റെ അടുത്തഘട്ടത്തിനു തുടക്കം കുറിക്കുമെന്നു മുന്നറിയിപ്പ് നൽകി.

ഇതിനു മുന്നോടിയായി ഇന്നലെ എറണാകുളം ടി.ഡി റോഡ് മുതൽ കോൺവെന്റ് ജംഗ്ഷനിലെ സ്വിഗ്ഗി ഓഫീസ് വരെ ഫുഡ് ഡെലിവറി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. മർദ്ദനമേറ്റ തൊഴിലാളി ഇടുക്കി സ്വദേശി തോമസിനെ ആംബുലൻസിൽ കൊണ്ടുവന്നു.

ജില്ലാ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ തൊഴിലാളി- മാനേജ്‌മെന്റ് പ്രതിനിധികൾ നടത്തിയ ചർച്ചയും അലസിയതോടെയാണ് സമരം സംസ്ഥാന വ്യാപകമാക്കാൻ ഏഴായിരത്തോളം തൊഴിലാളികൾ തീരുമാനിച്ചത്. തൊഴിലാളികൾ വിട്ടുവീഴ്ചയ്ക്കു തയ്യാറായിട്ടും നിഷേധാത്മക സമീപനമാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്ന് ജില്ലാ ലേബർ ഓഫീസറും വ്യക്തമാക്കിയിരുന്നു.

സൊമാറ്റൊയിലും സമരനീക്കം

അടിമത്വ സമാനമായ തൊഴിൽ വ്യവസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സൊമാറ്റൊ തൊഴിലാളികളും രംഗത്ത്. ആവശ്യങ്ങളടങ്ങുന്ന നിവേദനം മാനേജ്മെന്റിന് ഇന്ന് സമർപ്പിക്കും. ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭമാരംഭിക്കാനാണ് തീരുമാനം.

ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കുന്നില്ലെന്നും എതിർത്താൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നതായും യോഗം വിലയിരുത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പത്മൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ബെനഡിക്ട്, നിതീഷ് ബോസ്ന, സിന്റോ തോമസ് എന്നിവർ സംസാരി​ച്ചു.

15 അംഗ സൊമാറ്റൊ യൂണിറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

>>>>>>>>>>>>>>>>>>>

ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരും. ബക്കറ്റ് പിരിവ് നടത്തി തൊഴിലാളി കുടുംബങ്ങളിലെ പട്ടിണിയകറ്റും. അക്രമമാർഗത്തോടു സംഘടനയ്ക്കു താത്പര്യമില്ല.

എ.കെ.സുരേന്ദ്രൻ, ജില്ലാ കൺവീനർ,

ഫുഡ് ഡെലിവറി വർക്കേഴ്സ് യൂണിയൻ

Advertisement
Advertisement