കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് കേട്ടാൽ ഞങ്ങൾക്ക് ഞെട്ടലില്ലെന്ന് സുപ്രീം കോടതി; എൻഐഎയ്ക്ക് തിരിച്ചടി, ഗൗതം  വന്‌ലാഖയെ വീട്ടുതടങ്കലലിൽ മാറ്റാൻ നിർദേശം

Friday 18 November 2022 7:35 PM IST

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ തുടരുന്ന ഗൗതം വന്‌ലാഖയെ 24 മണിക്കൂറിനുള്ളിൽ വീട്ടുതടങ്കലിലേയ്ക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഇദ്ദേഹത്തിനെ വീട്ടുതടങ്കലിലേയ്ക്ക് മാറ്റാനായി നേരത്തെ പുറത്തിറക്കിയ ഉത്തരവ് പിൻലവിക്കണമെന്ന എൻഐഎയുടെ എതിർ ഹർജി സുപ്രീം കോടതി തള്ളി.വീട്ടുതടങ്കൽ ശരിയായ രീതിയിൽ നടപ്പിലാക്കാൻ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യവസ്ഥകളും വ്യക്തമാക്കി.

എഴുപത്കാരനായ ഗൗതം വന്‌ലാഖയെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഒരു മാസത്തെ വീട്ടുതടങ്കലിൽ പാർപ്പിക്കണമെന്ന സുപ്രീം കോടതി വിധി പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തെ ജയിലിൽ തന്നെ തുടർന്ന് താമസിപ്പിച്ച് വരികയായിരുന്നു. ആരോഗ്യസ്ഥിതിയെ കുറിച്ച് ഗൗതം വന്‌ലാഖ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നായിരുന്നു വിഷയത്തിൽ എൻഐയെയുടെ വാദം. കൂടാതെ അദ്ദേഹത്തെ വീട്ടുതടങ്കലിൽ പാർപ്പിക്കുന്ന സ്ഥലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും എൻഐയെയ്ക്ക് ആയി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. എന്നാൽ കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് അംഗീകാരമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ആയത് കൊണ്ട് എന്താണ് കുഴപ്പമെന്നും അക്കാര്യം തങ്ങളെ ഞെട്ടിക്കുന്നില്ലെന്നുമായിരുന്നു ജഡ്ജിമാരുടെ മറുപടി. തുടർന്ന് ഗൗതം വന്‌ലാഖയെ അടിയന്തരമായി വീട്ടുതടങ്കലിലലേയ്ക്ക് മാറ്റാനും കോടതി നിർദേശിച്ചു.