സംസ്ഥാന വരുമാനത്തിന്റ 10 % ടൂറിസത്തിൽ നിന്ന് : മുഖ്യമന്ത്രി

Friday 25 November 2022 4:11 AM IST

■ഗവർണർക്ക് പരോക്ഷ മറുപടി■ഗുജറാത്ത് മാതൃക ചൂണ്ടിക്കാട്ടി വി.മുരളീധരൻ

തിരുവനന്തപുരം: ടൂറിസം മേഖലയിലെ വരുമാനത്തെച്ചൊല്ലി വിമർശന ശരങ്ങളെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി.മുരളീധരനും. തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജിയൻസിയുടെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.

സംസ്ഥാനത്തെ ആഭ്യന്തര വരുമാനത്തിന്റെ പത്ത് ശതമാനത്തിലധികം വിനോദ സഞ്ചാരമേഖലയിൽ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ ഈ കണക്ക് പറയുന്നത്,

മറ്റു ചിലർ കേരളത്തിന്റെ വരുമാനം വേറെ നിലയിലാണെന്ന് പറഞ്ഞ് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ പ്രധാന വരുമാനമാർഗമെന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ പരാമർശത്തിന് പരോക്ഷ മറുപടിയായാണ് മുഖ്യമന്ത്രി ഇത് സൂചിപ്പിച്ചത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയിൽ വലിയ

കുതിപ്പുണ്ടായെങ്കിലും, ഗുജറാത്തിലെ സാമ്പത്തിക മുന്നേറ്റവും ,അതവിടെ സൃഷ്ടിച്ച വ്യവസായ നിക്ഷേപ സൗഹൃദാന്തരീക്ഷവും നമ്മൾ കാണണമെന്ന് കേന്ദ്ര മന്ത്രി വി.

മുരളീധരൻ പറഞ്ഞു. മിന്നൽ ഹർത്താലും പണിമുടക്കുമില്ലാത്ത സാഹചര്യം

അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുന്ദരമായ ഭൂപ്രകൃതിക്കൊപ്പം ജനങ്ങളുടെ ഐക്യവും മതനിരപേക്ഷതയും സൗഹാർദ മനോഭാവവുമാണ് ഇവിടേക്ക് ടൂറിസ്റ്റുകളെ

ആകർഷിക്കുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു.

കോൺഗ്രസിൽ ഇടഞ്ഞു നിൽക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, ശശി തരൂരും ഉദ്ഘാടന വേദി പങ്കിട്ടെങ്കിലും , പരസ്‌പരം സംസാരിച്ചില്ല.ശശി തരൂർ തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ,പ്രതിപക്ഷ നേതാവേ എന്ന് നീട്ടി വിളിച്ചത് കൗതുകമായി.

Advertisement
Advertisement