യൂട്യൂബർക്ക്  നേരെ  അതിക്രമം; ഇന്ത്യയിലുള്ള കൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുതെന്ന് എംബസി

Friday 02 December 2022 11:08 AM IST

മുംബയ്: ഇന്ത്യയിലുള്ള കൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുതെന്ന് ദക്ഷിണ കൊറിയൻ എംബസി. സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് എംബസി വ്യക്തമാക്കി. ഇന്നലെയാണ് ഇക്കാര്യം നിർദ്ദേശിച്ചത്. കഴിഞ്ഞ ദിവസം മുംബയിലെ തെരുവിൽ ഒരു കൊറിയൻ യൂട്യൂബർക്ക് നേരെ നടന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. 'അതേസമയം റിപ്പബ്ലിക് ഒഫ് കൊറിയൻ എംബസി തങ്ങളെ സമീപിച്ചോ ഇല്ലയോ എന്നത് അറിയില്ല, അത് പരിശോധിക്കേണ്ടിവരുമെന്ന്' വിദേശകാര്യ മന്ത്രാലയ വക്താവായ അരിന്ദം ബാഗ് ചി പറഞ്ഞു. സംഭവത്തിന്റെ പൂർണവിവരം അറിയേണ്ടതുണ്ടെന്നും ആവശ്യപ്പെടുന്ന എല്ലാ കരുതലും സംരക്ഷണവും യുവതിക്ക് നൽകുമെന്നും ബാഗ് ചി അറിയിച്ചു.

'മുംബയ് നഗരം സുരക്ഷിതമാണ് എന്ന് കരുതിയാണ് ആളുകൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത്. അതിനാൽ തന്നെ പ്രതിക്കെതിരെ നടപടി സ്വീകരിക്കും' എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് മുംബയിലെ സബേർബൻ ഖാൻ മേഖലയിലെ തെരുവിലൂടെ നടന്ന ദക്ഷിണ കൊറിയൻ യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. പ്രതി യുവതിയെ തൊടാനും ഉമ്മവയ്ക്കാനും വാഹനത്തിൽ കയറ്റിക്കൊണ്ടു പോകാനും ശ്രമിക്കുകയായിരുന്നു. അന്ന് തന്നെ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Advertisement
Advertisement