കലഞ്ഞൂരി​ൽ പുലിയുടെ ഏഴാംവരവ്

Thursday 08 December 2022 12:46 AM IST

കോന്നി : കലഞ്ഞൂർ പഞ്ചായത്തിലെ പാക്കണ്ടത്ത് വീണ്ടും പുലിയിറങ്ങി. ഇന്നലെ രാവിലെ റബർത്തോട്ടത്തിൽ ടാപ്പിംഗ് നടത്തുകയായിരുന്ന വിജയൻ പുലിയെ കണ്ട് ഒാടുന്നതി​നി​ടെ വീണ് പരി​ക്കേറ്റു. വനപാലകർ എത്തി പരിശോധന നടത്തി. കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ പതിനഞ്ചുദിവസങ്ങൾക്കിടെ ഏഴ് തവണയാണ് പുലിയെ കണ്ടത്. നിരവധി വളർത്തുമൃഗങ്ങളെയും പുലി ആക്രമിച്ചു കൊന്നു. കാടിറങ്ങുന്ന പുലിയുടെ വരവ് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കലഞ്ഞൂർ കുടപ്പാറയിലും കൂടൽ ഇഞ്ചപ്പാറയിലും മുറിഞ്ഞകല്ലിലും കല്ലുവിളയിലും കരയ്‌ക്കാക്കുഴിയിലും പുലിയുടെ സാന്നി​ദ്ധ്യം ഉറപ്പാക്കി​. കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ പുലിയെ കുടുക്കാൻ കൂട് സ്ഥാപിക്കണം എന്ന ആവശ്യം ഉയർന്നുവന്നെങ്കിലും നടപടി ആയില്ല. മുറിഞ്ഞകൽ കല്ലുവിള വിളയിൽ വീട്ടിൽ ജഗന്നാഥന്റെ വീടിനു സമീപത്ത് പുലി എത്തിയിരുന്നു. നായ്ക്കളുടെ കുര കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ പുലി ഓടി മറയുന്നതാണ് കണ്ടത്. തുടർന്ന് വിവരം ധരിപ്പിച്ചതിനെ തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകർ എത്തി പരിശോധന നടത്തി. ഇതിന് രണ്ട് ദിവസം മുൻപാണ് മുറിഞ്ഞകല്ലിലെ വീട്ടിലെ സി.സി.ടി​.വിയി​ൽ പുലിയുടേത് എന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചത്. മുറിഞ്ഞകല്ലിൽ പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിന് തൊട്ട് പിന്നാലെ ആണ് കൂടൽ കാരക്കുകുഴിയിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ രാജഗിരി, പാടം, അതിരുങ്കൽ, പോത്തുപാറ, രത്നഗിരി, കുളത്തുമൺ,കാരക്കക്കുഴി, പാക്കണ്ടം, മുറിഞ്ഞകൽ, ഇഞ്ചപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. പ്രദേശത്ത് അഞ്ചു ഇടങ്ങളിൽ കാമറകൾ വനം വകുപ്പ് സ്ഥാപിച്ചെങ്കിലും പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.

ഇന്നലെ രാവിലെ റബർത്തോട്ടത്തിൽ

പുലി​യെ കണ്ടു

മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി കോന്നി : കലഞ്ഞൂർ പഞ്ചായത്തിലെ പാക്കണ്ടത്ത് ജനവാസ മേഖലയിൽ പുലിയുടെ അക്രമം ഉണ്ടായത് സംബന്ധിച്ച് കെ.യു.ജനീഷ് കുമാർ എം. എൽ.എ നിയമസഭയിൽ വി​ഷയം അവതരി​പ്പി​ച്ചു. കഴിഞ്ഞ ഏഴുദിവസമായി കലഞ്ഞൂർ പഞ്ചായത്തിലെ 3,4,5,10,11 വാർഡുകളിൽ പുലിയുടെ സാന്നിദ്ധ്യം മൂലം ജനങ്ങൾ ഭീതിയിലാണ്. പുലിയുടെ സാന്നിദ്ധ്യം ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി കൂട് സ്ഥാപിക്കുകയും പ്രദേശത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന പ്രവർത്തനങ്ങളും വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും എം.എൽ.എ നിയമ സഭയിൽ ആവശ്യപ്പെട്ടു. സവിശേഷ സാഹചര്യം വിലയിരുത്തി ആവശ്യമാണെങ്കിൽ വെടിവയ്ക്കുന്നതും കൂട് വയ്ക്കുന്നതും പരിശോധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ അടിയന്തരമായി അനുമതി ഇല്ലാതെ ഇത്തരം നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

Advertisement
Advertisement