കൂട്ടിക്കട ആർ.ഒ.ബിയുടെ രൂപരേഖയിൽ നേരിയമാറ്റം ചന്തക്കടയിൽ ഗതാഗതം സുഗമമാക്കാൻ റൗണ്ട് എബൗട്ട്

Saturday 24 December 2022 12:39 AM IST

കൊല്ലം: ഇരവിപുരം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡ് അവസാനിക്കുന്ന ചന്തക്കടയിൽ റൗണ്ട് എബൗട്ട് കൂടി ഉൾപ്പെടുത്തി കൂട്ടിക്കട ആർ.ഒ.ബിയുടെ രൂപരേഖ പരിഷ്കരിച്ചു. ഒരു മാസത്തിനുള്ളിൽ സ്ഥലമേറ്റെടുക്കലിനുള്ള കല്ലിടൽ ആരംഭിക്കും.

തട്ടാമല റോഡിലെ അരിവാൾ മുക്ക്, ഇരവിപുരം റോഡിലെ ചന്തക്കട എന്നിവിടങ്ങളിൽ നിന്നാണ് കൂട്ടിക്കട ആർ.ഒ.ബിയുടെ അപ്രോച്ച് റോഡുകൾ ആരംഭിക്കുന്നത്. മയ്യനാട് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ചന്തക്കടയിലെത്തിയാണ് പാലത്തിൽ പ്രവേശിക്കേണ്ടത്. ഇരവിപുരം റോഡിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ വാഹനങ്ങൾ കൂട്ടിക്കടയിൽ എത്തുന്നത് മയ്യനാട് റോഡിൽ നിന്നാണ്. ഈ വാഹനങ്ങൾ ചന്തക്കടയിൽ എത്തുമ്പോൾ അപ്രോച്ച് റോഡ് അവസാനിക്കുന്നിടത്ത് ഗതാഗത കുരുക്ക് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതൊഴിവാക്കാനാണ് അലൈൻമെന്റ് പരിഷ്കരിച്ച് റൗണ്ട് എബൗട്ട് കൂടി ഉൾപ്പെടുത്തിയത്.

റൗണ്ട് എബൗട്ട് നിർമ്മിക്കാനായി ഈ ഭാഗത്ത് നേരത്തെ ആലോചിച്ചതിനെക്കാൾ അല്പം കൂടി സ്ഥലം ഏറ്റെടുക്കേണ്ടി വരും. എന്നാൽ കെട്ടിടങ്ങളെയൊന്നും ബാധിക്കില്ല. ആദ്യം തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം പാലം നിർമ്മാണത്തിനായി ഇരവിപുരം, മയ്യനാട് വില്ലേജുകളിൽ ഉൾപ്പെടുന്ന 220 സെന്റ് ഭൂമി ഏറ്റെടുക്കാൻ രണ്ട് മാസം മുൻപ് ഉത്തരവായിരുന്നു. എന്നാൽ ചന്തമുക്കിൽ ക്രമീകരണം വേണമെന്ന ആവശ്യം ഉയർന്നതോടെ സ്ഥലമേറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു. നിർവഹണ ഏജൻസിയായി ആർ.ബി.ഡി.സി.കെയുടെ നേതൃത്വത്തിൽ പുതിയ സ്ഥലമേറ്റെടുക്കൽ രൂപരേഖ തയ്യാറായി വരികയാണ്. ഇത് റവന്യു വകുപ്പിന് കൈമാറിയാലുടൻ കല്ലിടൽ തുടങ്ങും. അതിന് ശേഷം സർവേ നടത്തി ഏറ്റെടുക്കുന്ന ഭൂമികളുടെ സർവേ നമ്പരും അളവും തയ്യാറാക്കും. ഇതിനൊപ്പം തന്നെ സാമൂഹ്യാഘാത പഠനവും നടക്കും. തൊട്ടുപിന്നാലെ വില നിശ്ചയിച്ച് നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലം ഏറ്റെടുക്കും. ഇതിന് ഒന്നരവർഷമെങ്കിലും വേണ്ടിവരും. സ്ഥലമേറ്റെടുത്ത ശേഷമേ നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ തുടങ്ങു.

കൂട്ടിക്കട ആർ.ഒ.ബി

തട്ടാമല - കൂട്ടിക്കട റോഡിൽ തുടങ്ങി കൂട്ടിക്കട - തിരുമുക്ക് റോഡിൽ അവസാനിക്കുന്ന തരത്തിലാണ് ഓവർബ്രിഡ്ജ്. അപ്രോച്ച് റോഡുകൾ സഹിതം 462.811 മീറ്ററാണ് ആകെ നീളം. 10.2 മീറ്ററാണ് വീതി. 52.24 കോടി രൂപ ഓവർബ്രിഡ്ജ് നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. നിലവിലെ ലെവൽക്രോസിൽ നിന്ന് തട്ടാമല ഭാഗത്തേക്ക് മാറിയാണ് ഓവർബ്രിഡ്ജ് റെയിൽവേ ലൈയ‌്നിനെ മറികടക്കുന്നത്.

Advertisement
Advertisement