കത്തുന്ന വേനലിൽ പനനൊങ്കാണ് താരം

Thursday 26 January 2023 12:53 AM IST
നെന്മാറ- നെല്ലിയാമ്പതി റോഡരികിൽ വില്പനയ്ക്കായി വച്ചിരിക്കുന്ന പനനൊങ്ക്.

വടക്കഞ്ചേരി: കത്തുന്ന വേനൽച്ചൂടിലേക്ക് ജില്ല കടന്നതോടെ പനനൊങ്കിന് ആവശ്യക്കാരേറി. പനനൊങ്ക് വിളവെടുപ്പ് സീസൺ ആയതിനാൽ മിക്ക പാതയോരങ്ങളിലും വില്പന സജീവമാണ്. മറ്റു ജില്ലകളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് പാലക്കാടൻ തനിമയാർന്ന പനനൊങ്കിന് ഏറെയും ആവശ്യക്കാരായെത്തുന്നത്.

മധുരമുള്ള നൊങ്ക്,​ കരിക്ക് വിൽക്കുന്ന പോലെ പാതയോരത്ത് കൂട്ടിയിട്ട് വിൽക്കുന്നതാണ് രീതി. നൊങ്ക് ചെത്തി കണ്ണുകൾ മാത്രമായി പ്ലാസ്റ്റിക് കവറിൽ നൽകുകയാണ് ചെയ്യുന്നത്. ടൂറിസ്റ്റ് വാഹനങ്ങളിൽ വരുന്നവർ കൂട്ടത്തോടെ വാങ്ങി കൊണ്ടുപോകുന്നുണ്ട്.

ഒരു നൊങ്കിന് 30 രൂപയാണ് വില ഈടാക്കുന്നത്. തമിഴ്നാട്ടിലെ കരിമ്പന കൂടുതലുള്ള പ്രദേശങ്ങളിൽ ഒന്നിന് 300 രൂപ പാട്ടം നൽകിയാണ് വ്യാപാരികൾ നൊങ്ക് ശേഖരിക്കുന്നത്. വർഷത്തിൽ അഞ്ചുമാസം നൊങ്ക് ലഭിക്കും. നൊങ്ക് കുല കയർ കെട്ടിയിറക്കി സംഭരിക്കും. വെട്ടിയിറക്കിയ പനനൊങ്ക് പത്തുദിവസം വരെ കേടുകൂടാതെ സൂക്ഷിച്ച് വില്പന നടത്താം.

കൊഴിഞ്ഞാമ്പാറ, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം, പൊള്ളാച്ചി തുടങ്ങി തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിന്നാണ് പ്രധാനമായും നൊങ്ക് എത്തുന്നത്. ശനി, ഞായർ തുടങ്ങിയ അവധി ദിവസങ്ങളിലാണ് കൂടുതൽ കച്ചവടം.

-മുരുകേശൻ,​ വ്യാപാരി,​ ഗോവിന്ദാപുരം.

Advertisement
Advertisement