ചാരുംമൂട്: സ്വന്തം ഭൂമിയിൽ അനാഥ വൃദ്ധന് അന്ത്യവിശ്രമമൊരുക്കിയ പഞ്ചായത്ത് പ്രസിഡന്റിന് നാടിന്റെ കൈയടി. പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദാണ് സർക്കാർ വക ഭൂമിയിൽ സംസ്കരിക്കാനുള്ള ശ്രമം തടഞ്ഞ് ചിലർ നടത്തിയ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് സ്വന്തം ഭൂമിയിൽ സൗകര്യമൊരുക്കിയത്.
നൂറനാട്ടെ വീടുകളിലും കടകളിലും 40 വർഷത്തോളമായി ജോലി ചെയ്യുന്ന പാറശ്ശാല സ്വദേശി ബാബുവിനെ (80) ഇന്നലെ രാവിലെയാണ് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടത്. മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിനോദിന്റെ നേതൃത്വത്തിൽ ഉളവക്കാട് ഫാമിലി ഹെൽത്ത് സെന്ററിന് സമീപമുള്ള സർക്കാർ വക ഭൂമിയിൽ സംസ്കരിക്കാനായി കൊണ്ടുവന്നു. എന്നാൽ ചിലർ എതിർപ്പുമായി രംഗത്തെത്തി. പ്രസിഡന്റിന്റെ സ്വന്തം സ്ഥലത്ത് സംസ്കാരം നടത്താൻ അനുവദിക്കുമോ എന്നായിരുന്നു ചോദ്യം. ഇതോടെയാണ് ആശുപത്രിക്കു സമീപമുള്ള തന്റെ ഭൂമിയിൽ ബാബുവിനെ സംസ്കരിച്ചത്. അനാഥനായ ഒരാളെ സംസ്കരിക്കേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്ന് പ്രസിഡന്റ് പറഞ്ഞു. സംസ്കാര ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. അജയഘോഷ്, പി.പി.കോശി, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |