SignIn
Kerala Kaumudi Online
Friday, 29 March 2024 7.34 PM IST

മുഷാറഫ്: വാഴ്‌ചയും വീഴ്‌ചയും

musharaf-

പാക്കിസ്ഥാനിൽ പർവേസ് മുഷാറഫിന്റെ വാഴ്‌ചയും വീഴ്‌ചയും സംഭവബഹുലമായിരുന്നു. ഉച്ചിതൊട്ട കൈ കൊണ്ട് ഉദകക്രിയയും എന്ന് പറഞ്ഞതു പോലെ,​ മുഷാറഫിനെ വാഴിച്ചതും വീഴ്‌ത്തിയതും പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ആണ്. പാലുകൊടുത്ത കൈയ്ക്ക് കൊത്തിയെന്ന പോലെ തന്നെ വാഴിച്ച നവാസ് ഷെരീഫിനെ മുഷാറഫ് തിരിഞ്ഞു കടിക്കുകയും ചെയ്‌തു. മറ്റൊരു പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയുടെ കാര്യത്തിലും അതു തന്നെ സംഭവിച്ചു. ബേനസീർ പ്രധാനമന്ത്രി ആയപ്പോൾ മുഷാറഫ് വേണ്ടപ്പെട്ട സൈനിക ഓഫീസറായിരുന്നു. മേജർ ജനറലായി പ്രൊമോഷൻ നൽകിയത് ബേനസീറാണ്. ബേനസീറിന്റെ ടീമിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി. പിൽക്കാലത്ത് അധികാരം പിടിച്ച് സ‌ർവശക്തനായ മുഷാറഫിന്റെ അധികാരപ്രമത്തതയ്‌ക്കെതിരെ അതേ ബേനസീർ വാളെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബേനസീർ കൊല്ലപ്പെട്ടത് മുഷാറഫ് സുരക്ഷ നൽകാത്തതിനാലാണെന്ന് കേസുമുണ്ടായി.

നവാസ് ഷരീഫ് രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോൾ (1997–99) വിശ്വസ്തനായ സേനാമേധാവിയായിരുന്നു മുഷാറഫ്. വൈകാതെ ബന്ധം വഷളായി. 1998ൽ, ഭരണത്തിൽ സൈന്യത്തിനു പ്രാമുഖ്യം ആവശ്യപ്പെട്ട സേനാ മേധാവി ജഹാംഗിർ കരാമത്തിന്റെ രാജിയെത്തുർന്നാണ് മുഷാറഫ് മേധാവിയാകുന്നത്. സീനിയറായിരുന്ന അലി ഖലിഖാനെ മറികടന്നാണ് ഷെരീഫ് മുഷാറഫിനെ നിയമിച്ചത്. അലിഖാനും മുതിർന്ന ജനറൽമാരും രാജിവച്ചു. 1999-ൽ കാർഗിലിലെ നുഴഞ്ഞുകയറ്റം പ്രധാനമന്ത്രി ഷെറീഫ് അറിയാതെ മുഷാറഫിന്റെ നേതൃത്വത്തിൽ പട്ടാളം തുടങ്ങിയതാണെന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ മുഷാറഫും സൈന്യവും ഷെരീഫിനെ എല്ലാം അറിയിച്ചിരുന്നതിന്റെ വിവരങ്ങൾ പുറത്തു വന്നു. തന്നെ അറിയിച്ചില്ലെന്ന ഷെറീഫിന്റെ നിലപാട് മുഷാറഫിനെ കുപിതനാക്കി. അതോടെ സൈന്യവും സർക്കാരും തമ്മിലുള്ള ഉരസലായി.

1999 ഒക്ടോബറിൽ ലങ്കൻ സന്ദർശനം കഴിഞ്ഞു വന്ന മുഷാറഫിന്റെ വിമാനത്തിന് ഷെരീഫ് കറാച്ചി വിമാനത്താവളത്തിൽ ലാൻഡിംഗ് അനുമതി നിഷേധിക്കുകയും മുഷാറഫിനെ സൈനിക മേധാവിസ്ഥാനത്തു നിന്ന് പുറത്താക്കുകയും ചെയ്‌തു. മുഷാറഫിന്റെ വിശ്വസ്ത സൈന്യം ഷെരീഫിനെ വീട്ടുതടങ്കലിലാക്കി. കറാച്ചി വിമാനത്താവളം വളഞ്ഞ് മുഷാറഫിന് ലാൻഡിംഗ് സൗകര്യം ഒരുക്കി. ലാൻഡിംഗ് അനുമതി കിട്ടാതെ ഏറെനേരം ആകാശത്തു വട്ടമിട്ട മുഷാറഫിന്റെ വിമാനം ഇന്ധനം തീരുന്നതിനു തൊട്ടു മുൻപാണ് നിലംതൊട്ടത്. തുടർന്ന് സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ച മുഷറഫ്, ഷെരീഫിനെ പുറത്താക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. മുഷറഫുമായി ഒത്തുതീർപ്പുണ്ടാക്കി ഷരീഫും കുടുംബവും രാജ്യംവിട്ടു.

2007 മുഷാറഫിന് കഷ്‌ടകാലമായിരുന്നു. ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ ചൗധരിയെ പുറത്താക്കി; നൂറിലേറെ ജഡ്ജിമാരെ പിരിച്ചുവിട്ടു. പിന്നെ തിരിച്ചടികളുടെ പരമ്പര. മുഷാറഫിനെതിരായ ജനവികാരം തിരിച്ചറിഞ്ഞ നവാസ് ഷെരീഫ് പാക്കിസ്ഥാനിലെത്തിയെങ്കിലും മുഷാറഫ് സൗദിയിലേക്ക് തിരിച്ചയച്ചു. നവംബറിൽ ഷെരീഫ് വീണ്ടും തിരിച്ചെത്തി. പ്രവാസത്തിലായിരുന്ന ബേനസീർ ഭൂട്ടോയും തിരിച്ചെത്തി. ഡിസംബർ 27ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബേനസീർ കൊല്ലപ്പെട്ടു. 2008 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ ബേനസീറിന്റെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി വൻ വിജയം നേടി.

ഇംപീച്മെന്റ് ഉറപ്പായതോടെ മുഷാറഫ് സ്ഥാനമൊഴിഞ്ഞു. 2013ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തിയ ഷെരീഫ് മുഷാറഫിനെതിരായ കേസുകൾ പൊടിതട്ടിയെടുത്തു. 2017ൽ ഷെരീഫിനെയും സുപ്രീംകോടതി പുറത്താക്കി. അതോടെ രണ്ടുപേർക്കും ഒരേ ഗതിയായി. നാടുവിട്ടതിനാൽ മുഷാറഫ് ജയിലിലായില്ല. രോഗബാധിതനായി മുഷാറഫ് ദുബായിൽ ആശുപത്രിയിലായി. രോഗിയായ ഷെരീഫ് ചികിത്സയ്ക്കായി ലണ്ടനിലേക്കും പോയി.

ദുബായിൽ കഴിയവേ പാക് രാഷ്ട്രീയത്തിൽ തിരിച്ചുവരാൻ മുഷാറഫ് ആൾ പാകിസ്‌ഥാൻ മുസ്‌ലിം ലീഗ് എന്ന പാർട്ടി രൂപീകരിച്ചു. 2013 മാർച്ചിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് പാകിസ്ഥാനിൽ തിരിച്ചെത്തിയ മുഷാറഫിനു പക്ഷേ മത്സരിക്കാനായില്ല. അദ്ദേഹത്തിന്റെ പത്രികകൾ തള്ളപ്പെട്ടു. പിന്നാലെ വീട്ടുതടങ്കലിലുമായി. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഇഫ്‌തിഖാർ മുഹമ്മദ് ചൗധരി ഉൾപ്പെടെ അറുപതോളം ജഡ്‌ജിമാരെ തടങ്കലിലാക്കിയ കേസിലായിരുന്നു അറസ്റ്റ്. ബേനസീറിന് സുരക്ഷ നൽകാതെ അവരുടെ മരണത്തിനിടയാക്കി തുടങ്ങിയ കേസുകൾ വേറെയും.

2014ൽ മുഷാറഫിനെതിരെ പ്രത്യേക കോടതി വധശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹ കുറ്റം ചുമത്തി. ക്രിമിനൽ കുറ്റത്തിന് വിചാരണ നേരിടുന്ന രാജ്യത്തെ ആദ്യ സൈനിക ഭരണാധികാരി. 2016 ൽ, വിദേശയാത്രാ നിരോധനം നീക്കിയതോടെ വീണ്ടും ദുബായിയിലേക്ക്. 2017ൽ, ബേനസീർ വധക്കേസിൽ മുഷാറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു .2008ൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ മുഷാറഫ് അറസ്റ്റിലായി. ഭരണഘടന അട്ടിമറിച്ചതുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ടു. വീട്ടുതടങ്കലിലായ അദ്ദേഹത്തെ 2016-ൽ ദുബായിലേക്കു പോകാൻ അനുവദിച്ചു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലാണ് ഭീകരവിരുദ്ധ കോടതി വധശിക്ഷ വിധിച്ചത്. മുഷാറഫിന്റെ ഹർജിയിൽ ലാഹോർ ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പാകിസ്ഥാനിലേക്ക് തിരികെ വന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSHARAF
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.