ലക്‌നൗ: 32 വർഷം മുൻപ് നൂറ് രൂപ കൈക്കൂലി വാങ്ങിയ കേസിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥന് തടവുശിക്ഷ. റെയിൽവേയിൽ ക്ളാർക്കായിരുന്ന രാം നാരായൺ വർമയാണ് ശിക്ഷിക്കപ്പെട്ടത്. ഇയാൾക്കെതിരെ 15,000 രൂപ പിഴയും കോടതി ചുമത്തി. ലക്‌നൗവിലെ സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
രാം നാരായണിന്റ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസിൽ രണ്ടുദിവസം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന വാദവും കോടതി തള്ളി. ശിക്ഷാ ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കേസ് പരിഗണിച്ച സ്‌പെഷ്യൽ സി ബി ഐ ജഡ്‌ജി അജയ് വിക്രം സിംഗ് വിലയിരുത്തി.
1992ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മെഡിക്കൽ പരിശോധന നടത്തുന്നതിനായി രാം നാരായൺ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. റിട്ട. ലോക്കോ ഡ്രൈവർ രാം കുമാർ തിവാരിയാണ് കേസ് നൽകിയത്. പെൻഷൻ അനുവദിച്ച് കിട്ടുന്നതിനായി മെഡിക്കൽ പരിശോധന ആവശ്യമായിരുന്നു. ഇതിനായി രാം നാരായണിനെ സമീപിച്ചപ്പോൾ 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. ഒടുവിൽ രാം നാരായൺ 100 രൂപയ്ക്ക് വഴങ്ങിയെന്നും പരാതിയിൽ പറയുന്നു. പിന്നാലെ കൈക്കൂലി വാങ്ങുന്നതിനിടെ വർമയെ സി ബി ഐ കയ്യോടെ പിടികൂടുകയായിരുന്നു. 2022 നവംബറിലാണ് വർമ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |