നെടുമ്പാശേരി: പുരാതന തീർത്ഥാടന കേന്ദ്രമായ അകപ്പറമ്പ് സെന്റ് ഗർവാസിസ്, പ്രോത്താസിസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥരും ഇരട്ടസഹോദരങ്ങളുമായ പുണ്യവാന്മാരുടെ തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഇരട്ടക്കുട്ടികളുടെ സംഗമം ശ്രദ്ധേയമായി.
ജാതിമത ഭേദമെന്യേ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ഇരട്ടകളുടെയും ഗർവാസീസ്, പ്രോത്താസീസ് നാമധാരികളുടെയും സംഗമത്തിൽ പങ്കെടുത്തു. മുപ്പതിലധികം ഇരട്ടസഹോദരങ്ങൾ പങ്കെടുത്തു. വികാരി ഫാ. ഡോ. ജോർജ് നെല്ലിശേരി ഇരട്ടകൾക്ക് ഉപഹാരം നൽകി ആദരിച്ചു.
ഫാ. റോബിൻ അറയ്ക്കപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും നടന്നു.
ഒമ്പതിന് ഇടവകയിലെ സന്യസ്തസംഗമം സംഘടിപ്പിക്കും. ഇടവകയിൽനിന്നും പൗരോഹിത്യവും സന്ന്യാസവും സ്വീകരിച്ചവരുടെയും അകപ്പറമ്പ് ഇടവക പരിധിയിൽ സേവനം ചെയ്യുന്ന നസ്രേത്ത് നൊവിഷ്യേറ്റ്, സാന്താ തെരേസ കോൺവൻറ്, പോട്ട ഡിവൈൻ ഇൻറർസെസ്സറി റിട്രീറ്റ് സെൻറർ, ഡോട്ടേഴ്സ് ഓഫ് സെന്റ് ജോസഫ് കോൺവെന്റ്, മോണ്ടി ഹോം, സി.എം.സി. ലൂർദ്ദ് മാതാ കോൺവെന്റ് തുടങ്ങി സന്ന്യാസ സമൂഹങ്ങളിലെ സന്യസ്തരുടെയും സംഗമവും സമർപ്പണവും 5.30ന് ഫാ. ക്രിസ്റ്റി മടത്തേട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.
10,11,12 തീയതികളിലാണ് വിശുദ്ധ കന്തീശങ്ങളുടെ തിരുനടയിലെ തിരുനാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |