അഞ്ചൽ: അഞ്ചലിൽ ട്രാൻ.ബസും ഓമിനി വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3 മണിയോടെ അഗസ്ത്യക്കോട് അമ്പലംമുക്ക് ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. പുനലൂരിലേയ്ക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ കാട്ടാമ്പള്ളി സ്വദേശി ആകാശ് (23), കടവറം സ്വദേശി സുനിൽ (48), തടിക്കാട് സ്വദേശി അൽതാഫ് (26), കരുകോൺ സ്വദേശി ആർഷാദ് (27) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പെട്ടവരെ ഓടിക്കൂടിയ നാട്ടുകാർ വാൻ പൊളിച്ചാണ് പുറത്തെടുത്തത്. ഇതിനിടെ രക്ഷാപ്രവർത്തനത്തിന് പുനലൂരിൽ നിന്ന് ഫയർഫോഴ്സും അഞ്ചൽ സി.ഐ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. പരിക്കേറ്റ നാലുപേരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ആകാശ്, സുനിൽ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലഞ്ചേരിയിൽ ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്നവരാണ് അപകടത്തിൽ പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |