SignIn
Kerala Kaumudi Online
Thursday, 18 April 2024 4.11 PM IST

ദിവസവും ഉണ്ണി മുകുന്ദന് നന്ദി പറയാറുണ്ട്, നടൻ തന്റെ ജീവിതം മാറ്റിമറിച്ചെന്ന് യുവതി, കുറിപ്പ്‌

unnimukundan

തന്നെ സ്വപ്‌നം കാണാൻ പഠിപ്പിച്ചത് നടൻ ഉണ്ണിമുകുന്ദനാണെന്ന് യുവതി. താരത്തെക്കുറിച്ചുള്ള ഷാമില സയ്യിദ് അലി ഫാത്തിമ എന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ യാതൊരു ലക്ഷ്യവുമില്ലാതിരുന്ന തന്റെ ജീവിതം മാറ്റിമറിച്ചത് ഉണ്ണി മുകുന്ദന്റെ ഒരു അഭിമുഖമാണെന്നും നടന് ദിവസവും നന്ദി പറയാറുണ്ടെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

This is the Perfect time to Pay My Gratitude to Unni Mukundan Unni Mukundan
ഉണ്ണി മുകുന്ദൻ വലിയ വിജയങ്ങൾ ആഘോഷിക്കുന്ന തിരക്കിലാണ്. ഞാനും അത് ആഘോഷിക്കുന്നു. പലരും വന്നു എന്നോട് ചോദിക്കുന്നു. "എന്തിന്...!" കുറച്ചു കാലങ്ങളായി എനിക്ക് ചുറ്റിനുമുള്ളവർ തമാശയായി 'വട്ടാണല്ലേ' എന്ന് ചോദിക്കുന്നു. 'എന്ന് മുതലാ ചാണകത്തിൽ വീണത്. നീയും സംഘിയായോ.. അവന്റെ മൂട് താങ്ങിക്കോ... അവൻ നിന്നെയും സംഘിയാക്കും'.. എന്നിങ്ങനെയുള്ള അടച്ചാക്ഷേപങ്ങൾ കേൾക്കുന്നു. അതിനുള്ള മറുപടിയാണ് ഈ വരികൾ.
എന്നു മുതലാണ് ഉണ്ണി മുകുന്ദന്റെ സന്തോഷങ്ങൾ എന്നെ കൂടി സന്തോഷിപ്പിക്കാൻ ആരംഭിച്ചത്. എന്ന് മുതലാണ് ഉണ്ണി മുകുന്ദന്റെ വിജയങ്ങൾ എന്റെ കൂടി വിജയങ്ങളായത്.
ഉണ്ണി മുകുന്ദൻ എനിക്കൊരു നടൻ മാത്രമായിരുന്നു കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ. ഒരു സാധാരണ സിനിമാസ്വാദക ഒരു നടനെ ഇഷ്ട്ടപ്പെടുന്ന അത്രയും ഇഷ്ടം മാത്രം.


2017ലാണ് വാപ്പച്ചി പോകുന്നത്. ഇന്നലെ വരെ സ്നേഹത്തണലായി എല്ലാമെല്ലാമായിരുന്ന ഒരാൾ.. ഇന്ന് മുതൽ അങ്ങനെയൊരാൾ ഇനിയില്ല എന്ന് വരുകിൽ.. ആ തിരിച്ചറിവ് ഒരു മരവിപ്പാണ് ഉണ്ടാക്കിയത്. ഒപ്പം ചേർത്ത് നിർത്തിയിരുന്ന പ്രിയപെട്ടവരുടെ വിയോഗം ഒരു മനുഷ്യനെ എത്രമേൽ ആഴത്തിൽ മുറിപ്പെടുത്തുമെന്നു തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ആ ഉണങ്ങാത്ത മുറിവിന്റെ നീറ്റൽ ജീവിതത്തെയാകെ പിടിച്ചുലച്ചിരുന്നു. ആ മന്ദതയിൽ ജീവിതം മുന്നോട്ടു ഒഴുകവേ ഒരിക്കൽ 2018ലാണെന്നു തോന്നുന്നു. ഒരോണക്കാലത്തു വളരെ യാദൃശ്ചികമായി യൂട്യൂബിൽ ഒരു വീഡിയോ കാണാനിടയായി. സജഷൻ വീഡിയോയുടെ കൂട്ടത്തിൽ വന്ന ഒരു വീഡിയോ. വെറുതെ ഇരിക്കാൻ ഒരുപാടു സമയം ഉള്ളത് കൊണ്ട് കണ്ടതാണ്. ഉണ്ണി മുകുന്ദന്റെ ഒരു ഇന്റർവ്യൂ. ആ വർഷം വിഷുവിനു ആണ് അത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അഭിമുഖത്തിൽ ഉണ്ണിയോട് വിഷു ഓർമകളെക്കുറിച്ചു അവതാരകൻ ചോദിക്കുന്നുണ്ട്.


വളരെ രസകരമായ ഒരു ഇന്റർവ്യൂ. ഉണ്ണി മുകുന്ദൻ അദ്ദേഹത്തിന് 30 വയസായതിനെക്കുറിച്ചും മുടി നരച്ചതിനെ കുറിച്ചും കുട്ടികൾ വന്നു അങ്കിൾ എന്ന് വിളിക്കുന്നതിനെക്കുറിച്ചുമെല്ലാം വളരെ നർമ്മത്തോടെ സംസാരിക്കുന്നുണ്ട്. അതിലങ്ങനെ മുഴുകിയിരിക്കുമ്പോളാണ് ആ ചോദ്യം വരുന്നത്. ഉണ്ണി മുകുന്ദന്റെ സ്വപ്നങ്ങളെ കുറിച്ച്. എന്റെ ജീവിതം മാറ്റിയ ഉത്തരമായിരുന്നു അതിന്റെ മറുപടി.


ഉണ്ണി അദ്ദേഹത്തിന്റെ സ്വപ്നങ്ങളെക്കുറിച്ചു പറയാൻ ആരംഭിച്ചു. അദ്ദേഹത്തിനൊരു വലിയ സ്വപ്നമുണ്ടെന്നും ഹിന്ദി സിനിമയിൽ അഭിനയിക്കണമെന്നും അതാണ് ലക്ഷ്യമെന്നും. അതിനൊരു purpose ഉണ്ട്. അദ്ദേഹം പഠിച്ചിരുന്ന സ്കൂളിന് എതിർവശമുള്ള അനുപം തിയേറ്ററിൽ അദ്ദേഹത്തിന്റെ ഒരു സിനിമ റിലീസ് ആകണം. അവിടെ ഉണ്ണിയുടെ ഒരു വലിയ കട്ട് ഔട്ട് വരണം. ഇതാണ് സ്വപ്നം. അത് കഴിഞ്ഞു അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. "ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും പറയും അതിമോഹമല്ലേ.

ഞാൻ പറയുന്നു അതിമോഹം ആവാം. ജീവിതത്തിൽ ഒരു സ്വപ്നവും ഇല്ലാത്തതാണ് disaster." ഇതായിരുന്നു വാക്കുകൾ. ഇത് കേട്ടതും ഒരു നിമിഷം ഞാൻ stuck ആയി. എന്താണ് പറഞ്ഞത് എന്ന് ഞാൻ വീണ്ടും വീണ്ടും കേട്ടപ്പോൾ എനിക്ക് മുഖത്തടി കിട്ടുന്നത് പോലെ തോന്നി. അതെന്നെ അലോസരപ്പെടുത്തി. ഉണ്ണി പറയുന്നത് എന്നെയല്ലേ ഞാൻ തിരിച്ചറിയുകയായിരുന്നു. ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞ നിമിഷം.

ഞാൻ എന്നെ കുറിച്ച് ഓർക്കാൻ ആരംഭിച്ച നിമിഷം. ഞാൻ എന്നിലേക്ക്‌ തന്നെ നോക്കാൻ ആരംഭിച്ച നിമിഷം. ആ യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞു. 'ഞാൻ ജീവിതത്തിൽ ഒരു സ്വപ്നവും ഇല്ലാത്ത ആളാണ്. ലക്ഷ്യങ്ങൾ ഇല്ല.' ആ തിരിച്ചറിവ് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ഒരു നിമിഷം ഉണ്ണി മുകുന്ദനോട് ദേഷ്യമാണ് തോന്നിയത്. ഇത്ര കടുത്ത വാക്കുകൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി.


പല പ്രാവശ്യം ഞാൻ ആ ഭാഗം കണ്ടു. ഞാൻ യാഥാർഥ്യം ഉൾക്കൊണ്ടു. അഥവാ എന്നെത്തന്നെ ഉൾക്കൊണ്ടു. ഞാൻ ജീവിതത്തിൽ ഒരു സ്വപ്നവും ഇല്ലാത്ത ആൾ ആണ്. പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ല. എന്റെ ഇരു കൈകളും ശൂന്യമായിരുന്നു. പക്ഷെ ആ തിരിച്ചറിവ് ഇല്ലാതിരുന്നതു കൊണ്ട് (വാപ്പച്ചിയെ നഷ്ട്ടപ്പെട്ടതൊഴിച്ചു) മറ്റു ദുഃഖങ്ങൾ ഇല്ലായിരുന്നു. നാളെയെക്കുറിച്ചു വ്യാകുലതകൾ ഇല്ലായിരുന്നു. ആ നിമിഷം മുതൽ എന്റെ കണ്ണുകൾ തുറന്നു.


ഉണ്ണി മുകുന്ദന്റെ വാക്കുകൾ കണ്ണുകൾ തുറപ്പിച്ചു. ഞാൻ എന്നെ നോക്കി ചിരിക്കാൻ പഠിച്ചു. ഞാൻ എന്നിലേക്ക്‌ നോക്കാൻ പഠിച്ചു. അതൊരു യാത്രയുടെ ആദ്യ ചുവടുവയ്പ്പ് ആയിരുന്നു. എന്നിലേക്കുള്ള യാത്ര. ആദ്യം ചെയ്തത് എന്റെ മുടി മുഴുവൻ വെട്ടി കളഞ്ഞു. (മുൻപും സങ്കടം വരുമ്പോൾ ഞാൻ മുടി മുറിക്കും. ഇതിലൂടെ എന്റെ നെഗറ്റീവുകൾ പുറത്തേക്കു പോകുന്നു എന്ന് കരുതും.അതോടെ പ്രശ്നങ്ങൾ തീരില്ലെങ്കിലും അത് എന്നെ ബാധിക്കാതെ ആകുമായിരുന്നു. എന്റെ സ്വന്തം ടെക്‌നിക്) അതിലൂടെ എന്റെ ഉള്ളിലെ തിരിച്ചറിയപ്പെടാതെ പോയ എല്ലാ നെഗറ്റീവുകളും പോയി എന്ന് വിശ്വസിച്ചു. അപ്പോഴും എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ലായിരുന്നു. ഉണ്ണി മുകുന്ദന് ഒരു കത്ത് എഴുതിയാലോ എന്ന് വിചാരിച്ചു. അത് ചെയ്തില്ല. പിന്നീടങ്ങോട്ട് ഉണ്ണി മുകുന്ദന്റെ ഇന്റർവ്യൂ മാരത്തോൺ ആയി കാണുന്നതായിരുന്നു പ്രധാന വിനോദം. വെറുതെ കണ്ടു തീർക്കലല്ല. അതിൽ നിന്നും എനിക്കാവശ്യമുള്ളതൊക്കെ എടുക്കാൻ ആരംഭിച്ചു. ആദ്യം ഒരു സ്വപ്നം വേണം. എന്താണ് എനിക്ക് വേണ്ടത് എന്ന് അറിയില്ലായിരുന്നു. ഒരു ശരാശരി മലയാളി എന്ന നിലയിൽ എന്റെ സ്വപ്നം ഒരു ഗവണ്മെന്റ് ജോലിയായിരുന്നു. അതായിരുന്നു ലക്‌ഷ്യം. ഇനി അതിനൊരു purpose വേണം. അതും കണ്ടു പിടിച്ചു. ഒരു നിശ്ചിത തുക ശമ്പളവും 9-5 ഡ്യൂട്ടിയും. (ചാനൽ ജോലി ഇഷ്ട്ടപ്പെട്ടിരുന്നെങ്കിലും ഷിഫ്റ്റിൽ ജോലി ചെയ്തു മടുത്തിരുന്നു.) അങ്ങനെ രാവ് പകലാക്കി ഞാൻ psc പഠനം ആരംഭിച്ചു. അടുത്തവർഷം ഒരു റാങ്ക് ലിസ്റ്റിൽ കയറി കൂടി. ആയിടയ്ക്ക് ഒരു സുഹൃത്ത് വഴി ഒരു പ്രൈവറ്റ് കമ്പനിയിൽ ഇതേ digital ലൈബ്രേറിയൻ പോസ്റ്റിൽ ജോലിക്കു ഓഫർ വന്നു. ഞാൻ purpose ആയി കണക്കു കൂട്ടിയ അതെ നിശ്ചിത തുക സാലറിയു൦ 9-5 ജോലിയും. അങ്ങനെ ആദ്യമായി ഞാൻ വിചാരിച്ച, ലക്‌ഷ്യം വച്ച കാര്യം സംഭവിച്ചു. അത് എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. അപ്പോഴും ഉണ്ണി മുകുന്ദന് ഒരു കത്ത് എഴുതിയാലോ എന്ന് കരുതി. മേൽവിലാസം അറിയാത്തതു കൊണ്ട് ചെയ്തില്ല.


ഇതിനിടയിൽ ഉണ്ണിയുടെ ഇന്റർവ്യൂ കാണുന്നത് its part of the game ആയി മാറി കഴിഞ്ഞിരുന്നു. ഉണ്ണിയിലൂടെ ആദ്യം പഠിച്ചത് സ്വപ്നം കാണാൻ ആണെങ്കിൽ രണ്ടാമത് പഠിച്ചത് എന്നെ തന്നെ സ്നേഹിക്കാനാണ്. നമ്മളാണ് നമ്മളെ ഏറ്റവും നന്നായി സ്നേഹിക്കേണ്ടതെന്നു ഉണ്ണി പറഞ്ഞ് തന്നു. അങ്ങനെ ഞാൻ എന്നെ സ്നേഹിക്കാൻ ആരംഭിച്ചു.


'എനിക്ക് ഈ ലോകത്ത്‌ ഏറ്റവും ഇഷ്ട്ടം ഷാമിലയെ ആണ്' എന്ന് പറയുന്ന ഒരാൾ പോലും എന്റെ ജീവിതത്തിൽ ഇല്ലല്ലോ എന്ന് ഞാൻ പലപ്പോഴും വിഷമിച്ചിരുന്നു. എന്നിലേക്ക്‌ ഞാൻ നോക്കിയപ്പോൾ മനസിലായത് ഞാൻ പോലും എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് മറ്റുള്ളവർ എന്നെ സ്നേഹിക്കുക. അതോടെ അത്തരം പരിഭവങ്ങൾ എല്ലാം മാറി. ഇന്ന് ഞാൻ ഈ ലോകത്ത്‌ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്നെത്തന്നെയാണ് എന്ന് എനിക്ക് ഉറക്കെ പറയാൻ കഴിയും.
60 kg ideal weight ആവശ്യമുള്ള ഞാൻ 68 കിലോയിൽ നിന്ന് 58 കിലോയിലേക്കു മാറി.
അതിനു ശേഷമാണ് ഉണ്ണിയുടെ മറ്റൊരു ഇന്റർവ്യൂ കാണാൻ ഇടയായത്. The real game changer. അതിൽ ഉണ്ണി പറയുന്നത് "നമ്മൾ നമ്മളെ എപ്പോഴും അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം. 10,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വരെ 3 മാസം കൂടുമ്പോൾ അപ്ഡേറ്റ് ആക്കും. അപ്പോൾ ഇത്രയും വിലയുള്ള നമ്മളെ നമ്മൾ അപ്ഡേറ്റ് ചെയ്യണം" അത് എന്റെ ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുന്നു. "Yes", ഞാൻ എന്നെ അപ്ഡേറ്റ് ആക്കാൻ തീരുമാനിച്ചു.


ഉണ്ണി പറയുന്നത് ഒരു ദിവസം 1% എങ്കിലും അപ്ഡേറ്റ് ആക്കുക എന്നാണ്. എന്റെ ജീവിതത്തിന്റെ സമസ്ത മേഖലയിലും അപ്ഡേറ്റ് ചെയ്യാൻ ആരംഭിച്ചു. Physically, Mentally and Spiritually. physical ഡെവലപ്മെന്റിന്റെ ഭാഗമായാണ് ബുള്ളെറ്റ് ഓടിക്കാൻ പഠിക്കാൻ തീരുമാനിച്ചത്. എനിക്ക് ടു വീലർ മാത്രമേ ഓടിക്കാൻ അറിയുമായിരുന്നുള്ളു. എന്റെ അടുത്ത സുഹൃത്തിനോട് ബുള്ളറ്റ് പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ അവനാണ് കാർ പഠിക്കാൻ പറഞ്ഞത്. ഗിയർ ഉപയോഗിക്കാൻ പഠിച്ചാൽ പിന്നെ ബൈക്ക് എളുപ്പമാകും എന്ന്. അങ്ങനെ കാർ പഠിക്കാൻ പോയി. കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയപ്പോൾ അത് എന്റെ ലോകം തന്നെ മാറ്റി. ഇന്ന് ജീവിതത്തിൽ ഒരു വലിയ സ്വപ്നമുള്ള ആളാണ് ഞാനും. A Big Dream.


എനിക്ക് ഉയരം വളരെ പേടിയായിരുന്നു. വെള്ളം ഭയങ്കര പേടിയായിരുന്നു. ധൈര്യം എന്നാൽ ഭയം ഇല്ല എന്നല്ല ഭയത്തിനു മുകളിൽ മറ്റെന്തോ ഉണ്ട് എന്നുള്ള തിരിച്ചറിവ് എന്നെ പേടിയുള്ള കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചു. ഞാൻ നീന്തൽ പഠിക്കാൻ പോയി. ഭയത്തോടെ. ആദ്യത്തെ ദിവസം വെള്ളത്തിൽ ഇറങ്ങി. പേടിയോടെ. മസിൽ ക്ഷീണിക്കുന്നത് വെള്ളത്തിൽ അറിയില്ല. ഒന്നര മണിക്കൂർ വെള്ളത്തിൽ കിടന്നു. ഭയന്നു തന്നെ. തിരിച്ചു കയറിയപ്പോൾ സ്പോട്ടിൽ ബോധം പോയി. എന്റെ സിസ്റ്റർ പൊക്കിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി. പക്ഷെ വിട്ടു കൊടുത്തില്ല. അവൾ ഫ്രീ ആയ ദിവസങ്ങളിൽ മാത്രം നീന്തൽ പരിശീലനം. തിരിച്ചു കയറുമ്പോൾ ട്രെയ്നർ മാഡം സഹപ്രവർത്തകയോട് പറയുന്നത് കേൾക്കാം.

വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട് എന്ന്. അത് മുഴുവൻ എന്റെ വയറ്റിൽ ഉണ്ട്. വെള്ളം കുടിച്ചു കുടിച്ചു ഞാൻ നീന്താൻ പഠിച്ചു. കഴിഞ്ഞ മാസം പുന്നമട house boatൽ യാത്ര പോയി. അതിൽ നിന്നും adventure speed boat drive ഉണ്ടായിരുന്നു. ഞാൻ കയറി. ഏറ്റവും പിന്നിലെ സീറ്റിൽ വെള്ളത്തിൽ ചേർന്നു കിടന്നു ആയിരുന്നു ride. ആ വെള്ളം എന്നെ ഭയപ്പെടുത്തിയില്ല. ഞാൻ എന്നെത്തന്നെ ജയിച്ച നിമിഷമായിരുന്നു അത്. കണ്ണെത്താ ദൂരത്തെ പുന്നമട കായലിനു നടുവിൽ വെള്ളത്തെ നോക്കി ആകാശത്തെ നോക്കി ഞാൻ ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞു.


ഇതിനിടയിൽ 2012ൽ പഠിച്ച യോഗ ഞാൻ പൊടിതട്ടി എടുത്തു. എന്നോ മതിയാക്കിയ മെഡിറ്റേഷൻ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. പുസ്തക വായന പുനഃരാരംഭിച്ചു. യോഗയും മെഡിറ്റേഷനും ചെയ്യുന്നതിൽ നിന്ന് പതുക്കെ പതുക്കെ സദ്ഗുരുവിന്റെ ഇഷ യോഗയിലേക്കു എത്തപ്പെട്ടു. അവിടെ നിന്നും ശാംഭവി മഹാമുദ്ര എന്ന ദീക്ഷ ക്രിയ പഠിച്ചു. അത് എന്റെ spiritual life ഏറെ ദൂരം മുന്നോട്ടു പോകാൻ സഹായകമായി. അതിലൂടെ നേടിയ അറിവ്. അനുഭവങ്ങൾ വിവരണാതീതം. എന്നെത്തന്നെ അത്ഭുതപെടുത്തിയ ഞാൻ. Thank you ഉണ്ണി മുകുന്ദൻ. ആ യാത്ര എത്തി നിൽക്കുന്നത്. ഒരു sathvik lifeൽ ആണ്.


നോൺ വെജ് ഒഴിവാക്കി, ഡയറി പ്രോഡക്ട് ഒഴിവാക്കി, പഞ്ചസാര പൂർണമായും ഒഴിവാക്കി, ജങ്ക് ഫുഡ്സ് ഒഴിവാക്കി. Only living food.രാവിലെ 9 മണിക് ശേഷം ഉറക്കം ഉണർന്നിരുന്ന എന്റെ പുലരികൾ. ഇന്ന് രാവിലെ 5 മണിക്ക് മുൻപ് ആരംഭിക്കുന്നു. യോഗ, മെഡിറ്റേഷൻ, Excercise, വായന, ഇഷ ക്രിയ, ചക്ര healing, Aura healing എന്നിങ്ങനെ പോകുന്നു. എന്നിലെ ഏറ്റവും മികച്ച എന്നെ തന്നെ നൽകാൻ ഓരോ നിമിഷവും ഞാൻ aware ആയി ഇരിക്കുന്നു. രാത്രി കിടക്കുന്നതിനു മുൻപ് ഗ്രേറ്റിറ്റ്യൂഡ് ജേർണൽ എഴുതും. എല്ലാ ദിവസവും ഉണ്ണി മുകുന്ദന് നന്ദി പറയാറുണ്ട്. അതാതു ദിവസം അന്ന് സഹായിച്ച ഓരോരുത്തർക്കും ലഭിച്ച ഭക്ഷണങ്ങൾക്കും എല്ലാം നന്ദി പറയുന്നു.

എല്ലാ ദിവസവും രാവിലെ ഉണരുമ്പോൾ കണ്ണ് തുറക്കുമ്പോൾ തന്നെ Thank you യൂണിവേഴ്‌സ്, Thank you Myself, Thank you ഉണ്ണി മുകുന്ദൻ എന്ന് പറഞ്ഞു ആരംഭിക്കുന്നു. ഉണ്ണി പറഞ്ഞത് ഒരു ദിവസം 1% എങ്കിലും അപ്ഡേറ്റ് ആക്കുക എന്നാണ്. ഞാൻ എന്നോട് കുറച്ചു കൂടി ദയ കാണിച്ചു. ഒരു ദിവസം .1% എങ്കിലും അപ്ഡേറ്റ് ആക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്. എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് ഞാൻ ശ്രദ്ധിക്കും ഇന്ന് രാവിലെ ഉണർന്ന എന്നിൽ നിന്ന് ഒരു പുതിയ വാക്കെങ്കിലും പഠിച്ച് ഞാൻ എന്നെ അപ്ഡേറ്റ് ചെയ്തോ എന്ന്.


ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ല. 2021ൽ ഉണ്ണിയുടെ ഒരു അഭിമുഖം കണ്ടപ്പോൾ ആണ് അറിയുന്നത് ഉണ്ണി ഏറ്റവും ആക്റ്റീവ് ആയിരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ ആണെന്ന്. അങ്ങനെ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഞാൻ ആരംഭിച്ചു. അതും ഉണ്ണിയുടെ അപ്‌ഡേഷൻ എളുപ്പം കിട്ടാൻ വേണ്ടി. ഇന്ന് പഴയ പോലെ ഉണ്ണിയുടെ ഇന്റർവ്യൂ ഞാൻ കാണുന്നില്ല. എന്തെന്നാൽ ഞാൻ തിരക്കിലാണ്. ഓരോ നിമിഷവും എന്നെ അപ്ഡേറ്റ് ചെയ്യാനുള്ള തിരക്ക്. ഓരോ നിമിഷവും എന്നെ ഏറ്റവും മികച്ച ഞാൻ ആയി വയ്ക്കാനുള്ള തിരക്ക്. ഓരോ നിമിഷവും എനിക്ക് ഞാൻ ഏറ്റവും നല്ല moment കൊടുക്കണം എന്നുള്ള തിരക്ക്. എന്നാലും ഇൻസ്റ്റാഗ്രാമിൽ എല്ലാ ദിവസവും ഉണ്ണിയുടെ പേജിൽ കയറി നോക്കും. എന്നെ മികച്ചതാക്കാനുള്ള എന്ത് മാജിക് ആണ് ഉണ്ണി കരുതിവച്ചിരിക്കുന്നത് എന്ന് അറിയാൻ.
ഇതുമാത്രമല്ല എന്നെ സന്തോഷിപ്പിക്കുന്ന ഒരുപിടി കുഞ്ഞു കുഞ്ഞു കാര്യങ്ങളും ഉണ്ട്. ഞാൻ തിരിച്ചറിയുന്നുണ്ട്. ജീവിതത്തിന്റെ മനോഹാരിത ചെറിയ കാര്യങ്ങളിലാണ് എന്ന്.
ഇതൊക്കെ എന്നെങ്കിലും ഉണ്ണി മുകുന്ദനെ കാണാൻ കിട്ടിയാൽ പറയണം എന്നുണ്ട്. ഇല്ലെങ്കിലും എനിക്ക് പരിഭവമില്ല. ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നത് പോലെ ഉണ്ണിയെ അത്ഭുതപെടുത്തണമെന്നില്ല. ഇതുപോലെ എത്രപേർ അവരെ inspire ചെയ്ത പ്രിയപ്പെട്ട ഉണ്ണിയോട് കഥകൾ പറയുന്നുണ്ടാവും. നൂറു കണക്കിന് കഥകൾ ഉണ്ണി കേട്ടിട്ടുണ്ടാകാം.
ഇങ്ങനെയാണ് ഉണ്ണിയുടെ സന്തോഷങ്ങൾ എന്നെ സന്തോഷിപ്പിക്കാൻ ആരംഭിച്ചത്. ഇങ്ങനെയാണ് ഉണ്ണിയുടെ വിജയങ്ങൾ എന്റെ കൂടി വിജയങ്ങൾ ആകുന്നത്.
നന്ദി ഉണ്ണി... സ്വപ്‌നങ്ങൾ ഇത്രമേൽ മധുരമാണ് എന്ന് എനിക്ക് മനസിലാക്കി തന്നതിന്...
നന്ദി ഉണ്ണി... എന്നിലെ മികച്ച എന്നെ കണ്ടെത്താൻ സഹായിച്ചതിന്...
നന്ദി ഉണ്ണി... ജീവിതം ഇത്രമേൽ മനോഹരമാണെന്ന് എന്നെ പഠിപ്പിച്ചതിന്...
സ്നേഹത്തോടെ
ഷാമില

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNNIMUKUNDAN, FB POST, SHAMILA ZAYID ALI FATHIMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.