ഗാസിയാബാദ്: കോടതിയ്ക്കുളളിൽ കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അഞ്ചോളം പേർക്ക് പരിക്ക്. ഉത്തർ പ്രദേശിലെ ഗാസിയാബാദ് കോടതിയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പുലിയെ കോടതിയിൽ കണ്ടത്. കോടതി മന്ദിരത്തിന്റെ ഒന്നാം നിലയിൽ എവിടെനിന്നോ എത്തിയ പുലിയെ കാണുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. പുലിയെ കണ്ട് സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകരും മറ്റും ഓടി അടുത്തുളള മുറിയിൽ സുരക്ഷിതരാകാൻ ശ്രമിച്ചതോടെ പുലി പ്രകോപിതനായി.
തുടർന്ന് കോടതി പരിസരത്തുണ്ടായിരുന്ന ഒരു ചെരുപ്പുകുത്തിയെ പുലി ആക്രമിച്ചു. ഇതിനുപുറമേ തൊട്ടടുത്തുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെയും പുലി ആക്രമിച്ചു. ഇതിനിടെ ഒരു മൺവെട്ടിയും വടിയുമെടുത്ത് ഓടിക്കാനെത്തിയ ഒരു അഭിഭാഷകനെയും പുലി ആക്രമിച്ചു. വിവരം അറിഞ്ഞയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി പരിക്കേറ്റവരെ നീക്കി.
വിവരം ലഭിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ കോടതി പരിസരത്തെത്തി. പുലിയ്ക്കായി ഇവർ കോടതി പരിസരത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇനിയും പുലിയെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |