ഏറ്റുമാനൂർ : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ വിവിധ പദ്ധതികൾക്കായി 1.63 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി പത്രസമ്മേളനത്തിൽ അറിയിച്ചു. സ്കൂളുകളുടെ പുനർവൈദ്യുതീകരണത്തിനായുള്ള 17 ലക്ഷത്തിന്റെയും, നീണ്ടൂർ കുരിശുപള്ളി കാരാടി റോഡ് നവീകരണത്തിനായുള്ള 8 ലക്ഷം രൂപയുടെയും ടെൻഡർ നടപടി ഉടൻ പൂർത്തിയാകും. അപ്പർ കുട്ടനാട്ടിലെ നെൽ കാർഷികമേഖലക്കായി 36 ലക്ഷവും, റോഡ് നവീകരണത്തിന് 35 ലക്ഷം രൂപയും അനുവദിച്ചു. ആർപ്പൂക്കര മണിയാപറമ്പ് ആര്യാട്ടുഴ പാടശേഖരത്തിന് 16 ലക്ഷം, ആർപ്പൂക്കര ചൂരത്തറ പാടശേഖരത്തിന് 10 ലക്ഷം, നീണ്ടൂർ മക്കോത്ത് പാടശേഖരത്തിന് 10 ലക്ഷം, അതിരമ്പുഴ മാർക്കറ്റ് മുണ്ടുവേലി പടി റോഡ് നവീകരണത്തിനും കലുങ്ക് നിർമ്മാണത്തിനും 17 ലക്ഷം, ആർപ്പൂക്കര കസ്തൂർബ ആറാട്ടു കടവ് റോഡ് പുനരുദ്ധാരണത്തിന് 10 ലക്ഷം, നീണ്ടൂർ കുരിശുപള്ളികാരാടി റോഡ് നവീകരണത്തിന് 8 ലക്ഷം എന്നിങ്ങനെ അനുവദിച്ചു. വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി അതിരമ്പുഴ, ആർപ്പൂക്കര, അയ്മനം, നീണ്ടൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശത്ത് മിനി ഹൈമാസ്റ്റ് ലൈറ്റിനും, സ്ട്രീറ്റ് ലൈനിനുമായി 35 ലക്ഷം രൂപ അനുവദിച്ചു. പദ്ധതികൾ മാർച്ച് 31ന് മുൻപ് പൂർത്തിയാക്കുമെന്ന് റോസമ്മ സോണി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |