കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റു കേസിലെ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശി അനൂപിന് കൈമാറിയതിന് പിന്നിൽ എട്ടു ലക്ഷം രൂപയുടെ ഇടപാട്. എറണാകുളം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ് പല ഘട്ടങ്ങളിലാണ് തുക കൈപ്പറ്റിയത്. 2022 ആഗസ്റ്റ് 27ന് പിറന്ന പെൺകുഞ്ഞിനെ നാലാം ദിവസമാണ് അനൂപിന് ലഭിച്ചത്. ആദ്യം മൂന്നു ലക്ഷം രൂപ കൈമാറി. പിന്നീട് അനൂപിനെയും ഭാര്യയെയും മാതാപിതാക്കളാക്കി, 2023 ജനുവരി 31ന് കുഞ്ഞ് ജനിച്ചതായി സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ മൂന്നു നാലു ഘട്ടമായി ബാക്കി പണവും കൈപ്പറ്റി. യഥാർത്ഥ മാതാപിതാക്കൾക്ക് പണമിടപാടിൽ പങ്കില്ല.
നിരവധി സംഗീത ആൽബങ്ങൾ ഇറക്കിയിട്ടുള്ള തൃപ്പൂണിത്തുറ സ്വദേശിയായ അനൂപും ഭാര്യയും വർഷങ്ങളായി ഒരു കുഞ്ഞിനെ നിയമപരമായി ദത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. പല കാരണങ്ങളാൽ ഇത് നടക്കാതെ വന്നതോടെ മെഡിക്കൽ കോളേജിലെ പരിചയക്കാരനെ സമീപിച്ചു.
പത്തനംതിട്ട സ്വദേശിനി പ്രസവത്തിനെത്തിയപ്പോൾ കുഞ്ഞിനെ ഒഴിവാക്കാനുള്ള സാദ്ധ്യത തേടിയ വിവരം കേസിലെ പ്രതിയായ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് അനിൽകുമാറിലൂടെ അനൂപിലെത്തുകയായിരുന്നു.
പഠനാർത്ഥം ആലുവയിലെ ബന്ധുവിന്റെ വീട്ടിൽ കഴിയുമ്പോഴാണ് ഗൃഹനാഥനിൽ നിന്ന് യുവതി ഗർഭിണിയായത്. പ്രസവത്തിനായി ഭാര്യയും ഭർത്താവുമെന്ന പേരിലാണ് ഇരുവരും മെഡിക്കൽ കോളേജിലെത്തിയത്. യുവതി ഇപ്പോൾ വിദേശത്താണെന്നും അറിയുന്നു.
അഞ്ച് മാസം പെൺകുഞ്ഞിനെ വളർത്തിയ സമ്പന്ന കുടുംബാംഗങ്ങളായ അനൂപും ഭാര്യയും ആഘോഷമായാണ് 28 കെട്ട് നടത്തിയത്. തൃപ്പൂണിത്തുറ വടക്കേ കോട്ടവാതിലിന് സമീപത്തെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറിലേറെ പേർ പങ്കെടുത്തു. ദത്തെടുത്ത കുട്ടിയാണെന്ന വിവരം പറയുകയും ചെയ്തു. നൂറ് കലാകാരന്മാരെ പങ്കെടുപ്പിച്ച് മറ്റൊരു ചടങ്ങിന് ഒരുങ്ങവേയാണ് വിവാദമുണ്ടായതും കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്നതും. കേസിനെ തുടർന്ന് അനൂപും ഭാര്യയും ഒളിവിലാണ്. മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണെന്നും അറിയുന്നു.
സംഭവത്തിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ റെക്കാർഡ്സ് വിഭാഗത്തിലെ ചില ജീവനക്കാരെ കൂടി പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ നഗരസഭാ താത്ക്കാലിക ജീവനക്കാരി രഹ്ന പൊലീസിനെ സമീപിച്ചിട്ടുണ്ട്.
മുഖ്യപ്രതി അനിൽകുമാറും അനൂപും മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നു. ജനുവരി 31ലേതാണ് സി.സി.ടി.വി ദൃശ്യങ്ങൾ. അനിൽകുമാറും ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |