SignIn
Kerala Kaumudi Online
Saturday, 07 December 2019 9.47 AM IST

കയ്യേറ്റക്കാർക്ക് ഇനി കയ്യൂക്കുള്ള മറുപടി, ആലപ്പുഴയിൽ അദീല ഐ.എ.എസ്

alappuzha-sub-collector

ആലപ്പുഴ: കയ്യേറ്റങ്ങളുടെ നാട്ടിലിതാ കയ്യൂക്കുള്ള ഒരു കളക്ടർ. അനീതിക്കും അഴിമതിക്കും എതിരെ ശക്തമായ പോരാട്ടം നടത്തിയിട്ടുള്ള അദീല അബ്ദുള്ളയാണ് ആലപ്പുഴയിലെ പുതിയ കളക്ടർ. അഴിമതിക്കെതിരെ പടപൊരുതുന്നതിൽ ഒരു പിടി മുൻപിലാണ് പുതുതലമുറയിലെ ഐ.എ.എസ് ഉദ്യോഗസ്ഥർ. ശ്രീരാം വെങ്കിട്ടരാമനും, പ്രശാന്ത് നായരും, ഷൈനമോളും, ടി.വി അനുപമയുമൊക്കെ വ്യത്യസ്തരാകുന്നത് വെള്ളം ചേർക്കാത്ത കൃത്യനിർവഹണമാണ്. നിയമം ലംഘിക്കുന്നവർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുന്ന കളക്ടർ അനുപമക്കു പിന്നാലെയാണ് കളക്ടർ അദീല അബ്ദുള്ളയുടെ കടന്നുവരവും.

2012 ഐ.എ.എസ് ബാച്ചുകാരിയായ ഈ യുവതി മലപ്പുറം, എറണാകുളം ജില്ലകളിലെ അഴിമതിക്കാരെ വിറപ്പിച്ചാണ് ആലപ്പുഴയിലേക്കെത്തുന്നത്. കോഴിക്കോട്, കണ്ണൂർ, ഫോർട്ട് കൊച്ചി, തിരൂർ എന്നിവിടങ്ങളിൽ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള അദീല ഭൂമാഫിയക്കെതിരെ ശക്തമായ നിയമപോരാട്ടം തന്നെ നടത്തിയിട്ടുണ്ട്. മലബാറിൽ നിന്നുള്ള ആദ്യ മുസ്ലിം വനിതാ ഐ.എ.എസ് ഓഫീസറാണ് അദീല അബ്ദുള്ള.

അനുപമയ്ക്കു പിന്നാലെ മുഖം നോക്കാതെ നടപടിയെടുക്കുന്ന കളക്ടർ

alappuzha-sub-collector

സാധാരണക്കാർക്ക് എപ്പോൾ വേണമെങ്കിലും പരാതിയുമായി അദീലയുടെ മുന്നിലെത്താം, പക്ഷേ ശുപാർശക്കാർക്കാണെങ്കിൽ കളക്ടറേറ്റിന്റെ പടി പോലും ഇനി കയറാനാവില്ല. സത്യവും ന്യായവുമുള്ള പരാതികൾക്ക് പിന്നെ എന്തിനാണ് ശുപാർശ എന്നതാണ് ഈ യുവ ഐ.എ.എസുകാരിയുടെ നയം. മുൻപ് അനുപമ ആലപ്പുഴ കളക്ടർ ആയിരിക്കെയാണ് മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നത്.

മന്ത്രി സ്ഥാനം തന്നെ ഇതോടെ തോമസ് ചാണ്ടിക്ക് തെറിക്കുകയുണ്ടായി. മാദ്ധ്യമ പിന്തുണയും അനുപമക്ക് യഥേഷ്ടം ലഭിച്ചു. എന്നൽ,​ അദീലയെ സംബന്ധിച്ച് മാദ്ധ്യമങ്ങളെ എന്നും ഒരു അകലത്തിൽ നിറുത്തുന്നതാണ് പതിവ്.

എറണാകുളത്തെ ഭൂമാഫിയകൾക്കെതിരെ പോരാട്ടം

alappuzha-sub-collector

കൊച്ചിയിൽ നിന്നും അദീലയെ മാറ്റിയപ്പോൾ മാത്രമാണ് ഇവരുടെ ധീര നടപടി മാദ്ധ്യമങ്ങൾപോലും അറിഞ്ഞത്. എറണാകുളത്തും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വച്ച 100 കോടിയോളം വരുന്ന സർക്കാർ ഭൂമിയാണ് അദീല പിടിച്ചെടുത്തത്. ഒൻപതു മാസമേ ഫോർട്ട് കൊച്ചി സബ് കളക്ടർസ്ഥാനത്ത് ഇവർ ഇരുന്നിരുന്നൂള്ളൂവെങ്കിലും ഈ ചുരുങ്ങിയ കാലയളവിൽ തന്നെ സർക്കാറിന് ഉണ്ടാക്കി കൊടുത്തത് വമ്പൻ നേട്ടങ്ങളാണ്.

സ്വകാര്യ വ്യക്തികൾ കൈവശം വച്ച് അനുഭവിച്ച് കൊണ്ടിരുന്ന ആസ്പിൻവാൾ ഭൂമി സർക്കാറിലേക്ക് അദീലയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചു പിടിച്ചു കൊടുത്തത്. ഇതിനായി കോടതിയിൽ സ്വീകരിച്ച തന്ത്രപരമായ സമീപനങ്ങളും ഗുണം ചെയ്തു. കൊച്ചിൻ ക്ലബ് അനധികൃതമായി കൈവശം വച്ചിരുന്ന കോടികൾ വിലവരുന്ന നാലേക്കർ ഭൂമിക്കു മേലും അദീല കൈവച്ചു. വൈറ്റിലയിലെ അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചു പിടിക്കാനും അവർ നീക്കം നടത്തി. ഹോട്ടൽ ഗ്രൂപ്പായ ട്രെൻഡണ്‍ കായൽ കയ്യേറി പണിത ബോട്ട് യാർഡ് പൊളിച്ചു നീക്കാൻ നടപടി സ്വീകരിച്ചതും അദീല തന്നെയായിരുന്നു. പാട്ടക്കുടിശ്ശികയുള്ളവർക്കെതിരെയും ശക്തമായ നടപടികൾ ഈ സബ് കളക്ടർ സ്വീകരിച്ചു.

തിരൂരിൽ നിന്ന് തുടക്കം

സർവീസിൽ കയറി ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച ഉദ്യോഗസ്ഥ എന്നു പേരെടുത്ത യുവതിയാണ് അദീല. തിരൂർ സബ് കളക്ടർ ആയിരിക്കെ തന്നെ അവരത് തെളിയിക്കുകയും ചെയ്തു. സാധാരണക്കാർക്ക് എന്നും അദീല കയ്യെത്തും ദൂരത്ത് തന്നെയായിരുന്നു. എന്നാൽ,​ കയ്യേറ്റക്കാർക്കും നിയമവിരുദ്ധ പ്രവർത്തി നടത്തുന്നവർക്കുമാകട്ടെ അവർ ഒരു പേടി സ്വപ്നവുമായിരുന്നു.

alappuzha-sub-collector

പൊലീസ് ഒത്താശയോടെ കരിങ്കൽ കടത്തിയിരുന്ന ടിപ്പറുകൾ വേങ്ങര കിളിനക്കോട്ട് നേരിട്ട് ചെന്നാണ് അദീല പിടിച്ചെടുത്തിരുന്നത്. തട്ടമിട്ട ഈ യുവതിയുടെ സാഹസികത ആ നാട്ടുകാരെയും അമ്പരപ്പിച്ചിരുന്നു. നിരവധി ജനകീയ പ്രവർത്തനങ്ങൾക്കും അദീല തിരൂർ സബ്കളക്ടർ ആയിരിക്കെ തുടക്കം കുറിച്ചിട്ടുണ്ട്.

പളളികൾക്കെതിരെയും നടപടി

വഖഫുകൾക്കും പള്ളികൾക്കും പോലും ഇതിന്റെ പേരിൽ നോട്ടീസ് നൽകാൻ അവർ മടിച്ചിരുന്നില്ല. അങ്കമാലിയിൽ നടന്ന ഒരു ഭൂമി ഇടപാടിൽ സ്വകാര്യ വ്യക്തികൾ ഭൂമി വില കുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്ത നടപടിക്കെതിരെയും അദീല മുഖം നോക്കാതെയാണ് നടപടി സ്വീകരിച്ചത്.

ഫോർട്ട് കൊച്ചിയിൽ നിന്നും സ്ഥലം മാറ്റം

സ്വകാര്യ ഫ്ളാറ്റ് നിർമ്മാണ സ്ഥാപനത്തിന് ഏഴരയേക്കർ നികത്താൻ അനുമതി നൽകാതിരുന്നതാണ് മറ്റൊരു സംഭവം. ചതുപ്പ് നിറഞ്ഞ സ്ഥലം മണ്ണിട്ട് നികത്തുന്നതിന് അനുമതി നൽകാനാവില്ലെന്നായിരുന്നു സബ് കളക്ടർ നിലപാടെടുത്തിരുന്നത്. ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും അദീല വിട്ടില്ല.

അപ്പീൽ നൽകാൻ അവർ ശ്രമം തുടങ്ങി, ഇതിനായി റവന്യൂ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അപ്പീൽ നൽകുന്നതിനായി ശ്രമങ്ങളും നടത്തിയിരുന്നു. ഇതിനിടെയാണ് ഫോർട്ട് കൊച്ചിയിൽനിന്നും അദീല സ്ഥലം മാറ്റപ്പെട്ടത്. ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്കായിരുന്നു മാറ്റം. പിന്നീട് വ്യക്തിപരമായ കാര്യങ്ങൾ ഉന്നയിച്ച് അവർ നീണ്ട അവധിയിൽ പോയിരുന്നു. ഇപ്പോൾ ചെറിയ ഒരിടവേളക്ക് ശേഷം സര്‍ക്കാര്‍ വീണ്ടും ഒരു വലിയ ദൗത്യം അദീലയെ ഏൽപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ കളക്ടർ എന്ന നിലയിൽ വലിയ വെല്ലുവിളിയാണ് ഇനി അദീലയ്ക്ക് ഏറ്റെടുക്കേണ്ടി വരിക.

നല്ല പദവികൾക്കു വേണ്ടി ഒരു ശുപാർശക്കും ഭരണാധികാരികളുടെ അടുത്തേക്ക് അദീല പോയിട്ടില്ല. ഇനി ഒരിക്കലും പോവുകയുമില്ല. ഇക്കാര്യത്തിൽ അന്നും ഇന്നും ഉറച്ച നിലപാട് തന്നെയാണ് ഈ കോഴിക്കോട്ടുകാരിക്കുള്ളത്. കുറ്റ്യാടി സ്വദേശിയായ അദീല എം.ബി.ബി.എസ് ബിരുദം സ്വന്തമാക്കിയ ശേഷമാണ് ഐ.എ.എസ് കരസ്ഥമാക്കിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ALAPPUZHA SUB COLLECTOR, ADHEELA ABDULLA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.