SignIn
Kerala Kaumudi Online
Friday, 18 October 2019 7.45 AM IST

ചർച്ചകൾ അവസാനിക്കുന്നു, പാകിസ്ഥാനും ഇന്ത്യയും ഒരിക്കലും തീരാത്ത പോരിലേക്കോ?

imran-khan-modi

1947ലെ വിഭജനത്തോടെ തുടങ്ങിയതാണ് ഇന്ത്യ-പാക് ശത്രുത. ബ്രിട്ടീഷുകാർ തങ്ങളുടെ കുടിലമായ 'ഡിവൈഡ് ആൻഡ് റൂൾ' തന്ത്രം അവസാനമായി പയറ്റിയതിന്റെ ഫലം. മതേതരമായാണ് രാജ്യത്തെ രണ്ടാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചതെന്നാണ് പറയപ്പെടുന്നതെങ്കിലും പാകിസ്ഥാൻ മുസ്ലിം രാഷ്ട്രമായും, ഇന്ത്യ ഹിന്ദു ഭൂരിപക്ഷമുള്ള ജനാധിപത്യത്തിൽ അധിഷ്ഠിതമായ രാജ്യമായും പരിണമിച്ചു. വിഭജനത്തോടെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമായി കലാപങ്ങളും ആരംഭിച്ചു. അതോടൊപ്പം കുടിയേറ്റങ്ങങ്ങളും. ലോകം കണ്ട ഏറ്റവും വലിയ കുടിയേറ്റം ഇന്ത്യ-പാക് വിഭജനത്തോടെയാണ് സംഭവിക്കുന്നത്.

ഈ വിടവ് വർദ്ധിക്കാനും ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറാനും കാശ്മീർ കാരണമായി. ബ്രിട്ടീഷുകാർ ഇന്ത്യ വിടും മുൻപ് തന്നെ ഇന്ത്യൻ വൻകരയുമായി വലിയ ബന്ധം പുലർത്താത്ത ഒരു പ്രദേശമായിരുന്നു കാശ്മീർ. മഹാരാജ ഹരി സിംഗ് ഭരിച്ചിരുന്ന ഈ രാജ്യത്തിന്റെ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. പാകിസ്ഥാൻ കാശ്മീരിന് മേൽ അവകാശം ഉന്നയിക്കാനുള്ള പ്രധാന കാരണവും ഇത് തന്നെ. ഇന്ത്യ-പാക് ശത്രുത കാശ്മീരിന്റെ വിഷയത്തോടെ തീർത്താൽ തീരാത്ത പ്രശ്നമായി. ഈ പ്രശ്നവും കെട്ടിവലിച്ചുകൊണ്ട് ഇന്ത്യയും പാകിസ്ഥാനും ആദ്യം ചെല്ലുന്നത് ഐക്യരാഷ്ട്രസഭയിലാണ്. സമാധാനം നിലനിർത്തുന്നതിനായി, ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം, ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ കാശ്മീരിൽ നിന്നും പിൻവലിക്കാൻ തീരുമാനിച്ചു. എന്നാൽ പാകിസ്ഥാൻ രഹസ്യമായി വീണ്ടും കാശ്മീരിലേക്ക് തങ്ങളുടെ സൈനികരെ എത്തിച്ചുകൊണ്ടിരുന്നു.

indira-benazir

ഇതേ വിഷയം ചർച്ച ചെയ്ത് പരിഹരിക്കാൻ ബുദ്ധിമുട്ടാണെന്ന് കണ്ട് 1965ൽ ഇരു രാജ്യങ്ങളും യുദ്ധത്തിനൊരുങ്ങി. അങ്ങനെ കാശ്മീരിന് മേലുള്ള രണ്ടാമത്തെ ഇന്ത്യ പാക് യുദ്ധം ആരംഭിച്ചു. യുദ്ധത്തിൽ ഇന്ത്യയ്ക്കായിരുന്നു മുൻകൈ. എന്നാൽ അധികം വൈകാതെ ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് ഇരുരാജ്യങ്ങളെയും യുദ്ധത്തിൽ നിന്നും പിൻവലിച്ചു. എന്നാൽ അധികനാൾ ഈ സമാധാനം നീണ്ടുനിന്നില്ല. ഇപ്പോഴത്തെ ബംഗ്ളാദേശിന്റെ ഭാഗമായിരുന്ന കിഴക്കൻ പാകിസ്ഥാന് വേണ്ടിയായിരുന്നു ഇരു രാജ്യങ്ങളും വീണ്ടും യുദ്ധക്കളത്തിലേക്ക് ഇറങ്ങുന്നത്. തങ്ങളുടെ രാജ്യത്തിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കാൻ പാകിസ്ഥാനും, ആ ശ്രമത്തെ എതിർത്ത് തോൽപ്പിച്ച് ബംഗ്ലാദേശിന് സ്വന്തന്ത്ര്യം വാങ്ങിക്കൊടുക്കാൻ ഇന്ത്യയും. യുദ്ധത്തിൽ പാകിസ്ഥാൻ തോറ്റു. എന്നാൽ പിന്നീട് ദീർഘകാലം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നീണ്ടുനിന്ന ശീതയുദ്ധത്തിന് 1971ലെ ഈ യുദ്ധം തറക്കല്ലിട്ടു.

1972ലെ ഷിംല കരാറിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചുവെങ്കിലും പാകിസ്ഥാന്റെ ഭാഗത്തുനിന്നും കരാർ ലംഘനങ്ങൾ തുടർന്നു. പിന്നീട് കാർഗിൽ യുദ്ധത്തിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മിൽ വീണ്ടും കൊമ്പുകോർക്കുന്നത്. ഈ യുദ്ധത്തിൽ പാകിസ്ഥാന് വൻ തിരിച്ചടി ഏൽക്കേണ്ടി വന്നു. എന്നിരുന്നാലും ഇരു രാജ്യങ്ങളും തമ്മിൽ നയതന്തന്ത്ര ചർച്ചകൾ തുടർന്നു. വാജ്‌പേയിയുടെ ബി.ജെ.പി സർക്കാരിന്റെ കാലത്തും, മൻമോഹൻ സിംഗിന്റെ കോൺഗ്രസ് സർക്കാരിന്റെ കാലത്തും നടന്ന ചർച്ചകളിലൂടെ താൽകാലിക പരിഹാരങ്ങളിൽ മാത്രമേ എത്താനായുള്ളൂവെങ്കിലും നയതന്ത്ര ചർച്ചകൾ തുടരാൻ തന്നെയായിരുന്നു ഇരു രാജ്യങ്ങളും തീരുമാനിച്ചത്.

kargil-war

2014ലാണ് നരേന്ദ്രമോദിയുടെ കീഴിലുള്ള ബി.ജെ.പി സർക്കാർ വീണ്ടും ഇന്ത്യയിൽ വീണ്ടും അധികാരത്തിൽ വരുന്നത്. നവാസ് ഷെരീഫിന്റെ കാലത്ത് സൗഹൃദപരമായ ബന്ധമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർന്നതെങ്കിലും പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ സർക്കാർ അധികാരത്തിൽ വന്നതോടെ ഈ ബന്ധത്തിൽ വീണ്ടും വിള്ളലുകൾ കണ്ടുതുടങ്ങി. പുൽവാമ ആക്രമണത്തോടെയും തുടർന്ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ പ്രത്യാക്രമണത്തോടെയും ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തിന് കാര്യമായ പരിക്ക് സംഭവിച്ചു.

ഒടുവിൽ കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ വച്ച് നടന്ന എസ്.സി.ഒ ഉച്ചകോടിയിൽ മുൻപെങ്ങും ഇല്ലാത്തത് പോലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത പരസ്യമായി. ഉച്ചകോടിയിൽ വച്ച് കണ്ടുമുട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൗഹൃദം പുതുക്കാനോ പരസ്പരം ഹസ്തദാനം ചെയ്യാനോ പോലും തയാറായില്ല. നയതന്ത്ര ചർച്ചകൾക്കായി പാകിസ്ഥാൻ ഇന്ത്യയുടെ പിറകേ വരാൻ ഉദ്ദേശിക്കുന്നില്ലെന്നു കൂടി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണോയെന്നാണ് നയതന്ത്ര വിദഗ്ധർ ഭയപ്പെടുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PAKISTAN INDIA, INDIAN PAKISTAN RELATIONS, NARENDRA MODI, IMRAN KHAN, NAWAZ SHEREEF, ATAL BIHARI VAAJPAYEE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.