SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.59 AM IST

സ്മാളടി ചലഞ്ചും നിരന്തരാഹാര സത്യഗ്രഹവും

opinion

അങ്ങനെ ആറ്രുനോറ്രിരുന്ന 2023-24 ലെ സംസ്ഥാന ബഡ്ജറ്റ് കഴിഞ്ഞാഴ്ച പിറന്നു. നല്ല ലക്ഷണമൊത്ത ബഡ്ജറ്റ്. ഇപ്പരുവത്തിൽ ഇതൊന്നു പുറത്തിറക്കാൻ പാവം ധനമന്ത്രി കെ.എൻ.ബാലഗോപാൽ അനുഭവിച്ച പേറ്റുനോവൊന്നും കാണാതെ യു.ഡി.എഫും ബി.ജെ.പിയുമെല്ലാം റോഡിലിറങ്ങിയിരിക്കുകയാണല്ലോ, പ്രതിഷേധവുമായി. കേരളത്തിലെ കോൺഗ്രസുകാർ ബഡ്ജറ്റും കക്ഷത്തിൽ വച്ചു റോഡിലും കളക്ടറേറ്റുകൾക്ക് മുമ്പിലും നിന്നും ഇരുന്നും തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കുന്നതിന് നൈരാശ്യത്തിൽ പൊതിഞ്ഞ ഒരു ന്യായമുണ്ട്. കാരണം സ്വന്തമായി ഒരു ബഡ്ജറ്റ് തയ്യാറാക്കാൻ കേരളത്തിൽ അവസരം കിട്ടിയിട്ട് വർഷം ആറുകഴിഞ്ഞു. കേന്ദ്രത്തിലാണെങ്കിൽ വർഷം ഒമ്പതാവുന്നു. ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രമാണ് ബഡ്ജറ്രു പുസ്തകത്തിൽ തൊടാൻ അവസരം കിട്ടുന്നത്. കൈയ്യാലപ്പുറത്തെ തേങ്ങപോലെയാണ് അവിടങ്ങളിലെ അവസ്ഥയും. കിട്ടാത്ത മുന്തിരി പുളിക്കുമെന്നു പറയാൻ കോൺഗ്രസിനുമുണ്ടല്ലോ അവകാശം. പക്ഷെ കേന്ദ്രത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഒരു ബഡ്ജറ്റു പുസ്തകം പുറത്തിറക്കിയിരുന്നു. അതെടുത്ത് പറണത്ത് വച്ചിട്ടാണ് ബി.ജെ.പിക്കാർ ബാലഗോപാലന്റെ പുസ്തകത്തിലെ കുറ്റം കണ്ടുപിടിക്കാൻ താറുംതറ്റ് ഇറങ്ങിയിരിക്കുന്നത്. അതിന്റെ പൊരുളാണ് മനസിലാവാത്തത്. അമ്മിക്കല്ലു തലയിൽ വച്ചു മുക്കികൊണ്ട് , അങ്ങാടിക്കൂട്ട് ചുമ്മുന്നവനെ കളിയാക്കും പോലെയായി ഇത്.

ബാലഗോപാൽ ആളു മിടുക്കനാണെങ്കിലും പഴയ കണക്ക് ചെമ്പകരാമൻ തോമസ് ഐസക്കിന്റെ സംഗീത കലാബോധം തൊട്ടുതീണ്ടാതെ പോയി. അല്ലെങ്കിൽ ഏതെങ്കിലും കവിതകളിലെ നാലു വരികളെടുത്തു തള്ളിക്കൂടായിരുന്നോ ബഡ്ജറ്റു പുസ്തകത്തിൽ. ഇപ്പോഴത്തെ സാഹചര്യത്തിന് പറ്രിയ കവിതകൾ ഡോ.അയ്യപ്പപണിക്കരും പി.എൻ.വിജയകുമാറുമൊക്കെ പണ്ടേ ചമച്ചിട്ടുണ്ടുതാനും.

വെറുമൊരു മോഷ്ടാവായോരെന്നെ

കള്ളനെന്നു വിളിച്ചില്ലെ, കള്ളനെന്നു വിളിച്ചില്ലെ...

കോഴിയേ മോഷ്ടിച്ചതോ..?

കോഴിയെ മോഷ്ടിച്ചെങ്കിലത്..

പൊരിച്ചു തിന്നാനായിരുന്നല്ലോ...

പശുവിനെ മോഷ്ടിച്ചതോ...?

പശുവിനെ മോഷ്ടിച്ചെങ്കിലത്

പാലുകുടിക്കാനായിരുന്നല്ലോ.... എന്ന് അയ്യപ്പപണിക്കരും ' കക്കാതെ , കവരാതെ , കള്ളം പറയാതെ , കള്ളനായ് തീർന്നുഞാൻ പണ്ടേ... എന്ന് വിജയകുമാറും എഴുതിയിട്ടുണ്ട്. ഈ വരികളൊക്കെ പുട്ടിന് പീര ഇടുന്ന തന്ത്രത്തിൽ ആ ബഡ്ജറ്റിന്റെ ഏതെങ്കിലും മൂലയ്ക്കൊക്കെ ഒന്നു ചേർത്തിരുന്നെങ്കിൽ, ഐസക്കിനെ പോലെ ബാലഗോപാലനും കിട്ടുമായിരുന്നു, ഒരു കലൈമാമണി പട്ടം. ഇന്ധനസെസ് കൂട്ടിയത് വികസന പ്രവർത്തനങ്ങൾക്കാണെന്നും മദ്യ സെസ് കൂട്ടിയത് സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങാതിരിക്കാനാണെന്നും ഭൂമിയുടെ ന്യായവില കൂട്ടിയത് ലൈഫ് പദ്ധതിക്കാണെന്നുമൊക്കെ ഒരുത്തനു മുന്നിലും ആണയിടേണ്ടിവരികയുമില്ലായിരുന്നു. അതും പോട്ട്, സി.പി.എമ്മിലെ യുവതുർക്കികളുടെ ആത്മീയനേതാവായ സാക്ഷാൽ മുഖ്യമന്ത്രിയോട് ഒരു വാക്ക് ചോദിച്ചാൽ പണം കണ്ടെത്താനുള്ള സൂത്രപ്പണി അദ്ദേഹം പറഞ്ഞുതരുമായിരുന്നല്ലോ. മഹാപ്രളയം വന്നിട്ടും ഒട്ടും കുലുങ്ങാതെ കരുത്തനായി നിന്ന മുഖ്യമന്ത്രിയുടെ ചരിതങ്ങൾ പാണന്മാർ പാടി പോലും കേട്ടിട്ടില്ലേ ബാലഗോപാൽ. അന്തിക്കൂരായ്ക്ക് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്ന് അദ്ദേഹം പൊഴിച്ച മുത്തുമണികൾ കേട്ട് എവിടെ നിന്നെല്ലാമാണ് ധനസഹായം ഒഴുകിയെത്തിയത്. സംഭാവനകൾ കുന്നുകൂടി കുന്നുകൂടി അതിന്റെ കണക്ക് സൂക്ഷിക്കാൻ പോലും പറ്റാത്ത പരുവത്തിലായി. എടുത്താൽ പൊങ്ങാത്ത കിറ്റുകൾ കൊവിഡ് കാലത്ത് പണ്ഡിത, പാമര വ്യത്യാസമില്ലാതെ എല്ലാ വീടുകളിലെത്തിയതും എങ്ങനെയെന്ന് ചിന്തിക്കണം.

അദ്ദേഹം ആവിഷ്കരിച്ച 'സാലറി ചലഞ്ച് 'എന്ന ചെപ്പടിവിദ്യയും നിസാരമായിരുന്നോ. എല്ലാവരും നല്ല മനസോടെ അതിൽ സഹകരിച്ചില്ലേ. കുഴപ്പം കാട്ടിയവരെ കുത്തിന് പിടിച്ചിരുത്തി മേടിച്ചില്ലേ. അതൊക്കെ കണ്ടുപഠിക്കണം ബാലഗോപാൽ. സാലറി ചലഞ്ച് നടത്തി വെറുപ്പ് പിടിക്കേണ്ട. പക്ഷെ അത്താഴപ്പട്ടിണിക്കാരൻ അത്താഴത്തിന് മുമ്പ് കഴിക്കുന്ന പാവം മദ്യത്തിന് സെസ് ഒഴിവാക്കിക്കൂടായിരുന്നോ. അല്ലെങ്കിൽ മുഖ്യമന്ത്രി കണ്ടുപിടിച്ച സാലറി ചാലഞ്ചിന് പകരം ഒരു 'സ്മാൾ അടി ചാലഞ്ച് ' നടപ്പാക്കിയാൽ പോരായിരുന്നോ, പണം കുമിഞ്ഞ് കൂടിയേനേ. സാമൂഹ്യ സുരക്ഷാ പെൻഷൻ വാരിക്കോരി കൊടുത്ത് അടുത്ത തിരഞ്ഞെടുപ്പിലും എല്ലാം ശരിയാക്കാമായിരുന്നു. പക്ഷെ ഇതൊക്കെ ആരോട് പറയാൻ. പ്രായോഗിക ബുദ്ധി വേണ്ടേ.

ഹർത്താൽ, വിദേശവസ്ത്ര ബഹിഷ്കരണം, ഉപ്പു സത്യഗ്രഹം,ദണ്ഡിയാത്ര.. തുടങ്ങി വിശ്വപ്രസിദ്ധ സമരങ്ങൾ വിജയകരമായി നടപ്പാക്കിയ സാക്ഷാൽ മഹാത്മജിയുടെ ശിഷ്യന്മാരായ കോൺഗ്രസുകാരെ സമരമുറകളൊന്നും ആരും പഠിപ്പിക്കേണ്ട കാര്യമില്ല. നവരസം കഴിഞ്ഞ് പിന്നെ ഒരു നാല് രസം കൂടി കാട്ടുന്ന ജഗതിയെപ്പോലെയാണ് അവർ. കാലത്തിനനുസരിച്ച് സമരത്തിന്റെ രൂപവും ഭാവവും മാറും. വെയിലത്തും മഴയത്തും മാത്രമല്ല, ശീതീകരിച്ച മുറിയ്ക്കുള്ളിൽ പോലും അവർ തീഷ്ണമായ സമരം നടത്തിക്കളയും. ബാലഗോപാലിന്റെ ബഡ്ജറ്റിലെ നികുതി വർദ്ധനയ്ക്കെതിരെ നിയമസഭയിൽ കോൺഗ്രസ് ആവിഷ്കരിച്ചത് നിരാഹാര സമരത്തിന്റെ ഒരു മോഡിഫൈഡ് രൂപമാണ്. 'നിരന്തരാഹാര സമരം'. രാവിലെ പ്രഭാതകൃത്യങ്ങളും കുളിയുമെല്ലാം കഴിഞ്ഞ് വയർനിറച്ച് ശാപ്പിട്ടിട്ട് നാല് എം.എൽ.എമാർ നിയമസഭാ കവാടത്തിലേക്ക് പ്രവേശിക്കുന്നു. ജനങ്ങൾ നൽകിയ നികുതി പണം ഉപയോഗിച്ച് നിയമസഭാ സ്പീക്കറുടെ പ്രത്യേക റൂളിംഗ് പ്രകാരം വാങ്ങികൊണ്ടുവന്ന പുത്തൻ മെത്തകളിലേക്ക് സിന്ദാബാദ് വിളികളുടെ പശ്ചാത്തലത്തിൽ ശയിക്കുന്നു. ചിലർ വായിക്കുന്നു, ചിലർ മൊബൈലിൽ ഗെയിം കളിക്കുന്നു. നിയമസഭയിലെ ശീതീകരണ അന്തരീക്ഷം പോരെന്ന് തോന്നിയ സ്പീക്കർ ടേബിൾ ഫാൻ സൗകര്യവും ലഭ്യമാക്കി. മൂന്ന് എം.എൽ.എമാർക്ക് ഓരോ ഫാൻ കൊടുത്തപ്പോൾ, മാത്യു കുഴൽനാടന് സ്പീക്കർ പ്രത്യേക വിവേചനാധികാരം പ്രയോഗിച്ച് രണ്ട് ഫാൻ അനുവദിച്ചു. ഒരു ഫാനിൽ നിന്നുള്ള കാറ്റ് ഏറ്റാൽ കുഴൽനാടന്റെ നീണ്ട മുടി മറുവശത്തേക്ക് പാറിപറക്കും. എതിർവശത്ത് മറ്റൊരു ഫാൻ കൂടി സ്ഥാപിച്ചാണ് ഈ പ്രതിസന്ധി പരിഹരിച്ചത്. നിശ്ചിത ഇടവേളകളിൽ ജ്യൂസായും പഴവർഗ്ഗങ്ങളായും അരിയാഹാരമായും ഒക്കെ ഭക്ഷണവും എത്തിക്കൊണ്ടിരുന്നു. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും സർക്കാർ ഒരു കരുണയും കാട്ടയില്ല. വർദ്ധിപ്പിച്ചതൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി ഇരട്ടചങ്ക് വിരിച്ചു നിന്ന് പറഞ്ഞതോടെ എല്ലാം കഴിഞ്ഞു. സമരക്കാർ കഴിച്ച ആഹാരം ശരീരത്ത് പിടിച്ചതു മാത്രം മിച്ചം.

പക്ഷെ അങ്ങനെ പെട്ടെന്നൊന്നും പിന്മാറുന്ന ചരിത്രമല്ല കോൺഗ്രസിന്റേത്. പുതിയ രൂപത്തിലുള്ള മറ്റൊരു സമരമുറയ്ക്ക് ചിന്തേരിടുകയാണ് നേതാക്കൾ. എപ്പോൾ, എവിടെ അത് തുടങ്ങുമെന്ന് മാത്രം അറിഞ്ഞാൽ മതി. സ്ഥിരം സമരകേന്ദ്രങ്ങളൊക്കെ മാറ്റി, ബാറുകൾക്ക് മുന്നിലും പെട്രോൾ പമ്പിനു മുന്നിലുമൊക്കെ നിരന്തരാഹാര സമരം നടത്തിയാൽ അതിനൊരു പുതുമയുണ്ടാവും.

ഇതുകൂടി കേൾക്കണേ

ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലാണ് പൊതുജനം. ഭാരം ചുമന്ന് നട്ടെല്ല് വളഞ്ഞു. ഭാരമൊന്ന് കുറയ്ക്കാൻ ഉതകും വിധമുള്ള നടപടികൾ ആരു കൈക്കൊണ്ടാലും ജനങ്ങൾ അവരെ വണങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.