ന്യൂയോർക്ക് : ഇറ്റി ബിറ്റി...പേര് പോലെ ഓമനത്തം നിറഞ്ഞ കുഞ്ഞാട്. യു.എസാണ് ഇറ്റി ബിറ്റിയുടെ നാട്. നട്ടെല്ലിനുള്ള തകരാർ കാരണം ഈ പാവം കുഞ്ഞാടിന്റെ പിന്നിലെ രണ്ട് കാലുകൾക്കും ജന്മനാ ചലനശേഷിയില്ലായിരുന്നു. മറ്റുള്ള ആടുകൾ ചുറ്റുപാടും ഓടിനടന്ന് കാഴ്ചകൾ ആസ്വദിക്കുമ്പോൾ ഇറ്റി ബിറ്റിക്ക് അതിനൊന്നും കഴിഞ്ഞിരുന്നില്ല.
എന്നാലിപ്പോൾ മനുഷ്യരുടെ ഇടപെടൽ ഇറ്റി ബിറ്റിയെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയിരിക്കുകയാണ്. ടി.എം.എം.എ ഫാംസ് ആൻഡ് സാങ്ങ്ച്വറി എന്ന സംഘടന ഇറ്റി ബിറ്റിയുടെ പിൻകാലുകളിൽ വീലുകൾ ഘടിപ്പിച്ച് നൽകി. ഇറ്റി ബിറ്റിക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചതാണ് ഈ വീലുകൾ. പുത്തൻ വീലുകളുമായി തന്റെ ചുറ്റുപാടും മതിയാവോളം കണ്ട് ആസ്വദിക്കുകയാണ് ഇറ്റി ബിറ്റി ഇപ്പോൾ.
ഇറ്റി ബിറ്റിയുടെ കഥ സംഘടന തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. മനുഷ്യരോട് വളരെയധികം ഇണക്കമുള്ള ഇറ്റി ബിറ്റിക്ക് ഇപ്പോൾ നന്നായി ഓടാനും കഴിയും. ഒരു മാസം മാത്രം പ്രായമുള്ള ഇറ്റി ബിറ്റിയെ സൂപ്പർ മാർക്കറ്റ് അടക്കമുള്ള പൊതുസ്ഥലങ്ങളിലും എത്തിച്ചിരുന്നു.
എല്ലായിടവും ഓടിനടന്നു കാണുന്ന ഇറ്റി ബിറ്റിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഷെയർ ചെയ്തത്. ഇറ്റി ബിറ്റിക്ക് ശസ്ത്രക്രിയ പ്രായോഗികമല്ലെന്ന് കണ്ടതോടെയാണ് വീലുകൾ ഘടിപ്പിക്കാൻ തീരുമാനിച്ചത്. വീലുകൾ ഘടിപ്പിച്ച് 24 മണിക്കൂറിന് ശേഷം ഇറ്റി ബിറ്റിക്ക് സ്വതന്ത്രമായി ഓടാൻ കഴിഞ്ഞതായി അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |