SignIn
Kerala Kaumudi Online
Thursday, 25 April 2024 11.28 AM IST

ഇ -വേ ബിൽ കർശനമാക്കി സ്വർണക്കടത്ത് തടയും

bala

തിരുവനന്തപുരം: സംസ്ഥാനത്തിനകത്ത് സ്വർണക്കടത്ത് തടയാൻ ഇ വേ ബിൽ നിർബന്ധമാക്കുമെന്നും ഇതിനായി ജി.എസ്.ടി ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ കച്ചവടം നടക്കുന്ന മൂല്യമേറിയ ഉത്പന്നമാണ് സ്വർണം. ഈ മേഖലയിൽ നിന്ന് ന്യായമായ വരുമാനം കിട്ടുന്നില്ലെന്നാണ് റിപ്പോർട്ട്. ഇത് പരിഹരിക്കുന്നതിനാണ് പുതിയ നടപടികൾ. സംസ്ഥാനത്തിനകത്ത് കടത്തുന്നതിന് നിലവിൽ ഒരുത്പന്നത്തിനും ഇവേബിൽ നിർബന്ധമല്ല.

രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നതു മാത്രം 800 മുതൽ 1000ടൺ വരെ സ്വർണമാണ്. 15 ശതമാനം ആണ് ഇറക്കുമതി തീരുവ. ഇതുപ്രകാരം 65000കോടി രൂപ രാജ്യത്തിന് വരുമാനമായി ലഭിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ 60 ശതമാനവും കേരളത്തിലേക്കാണ് വരുന്നത്. ഇതിനു പുറമെയാണ് മറ്റ് മാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്ന സ്വർണം. ഒരുകിലോ സ്വർണം കടത്തുന്നതിലൂടെ ഏകദേശം എട്ടുലക്ഷം രൂപയാണ് സംസ്ഥാനത്തിന് നികുതി നഷ്ടം.നിലവിൽ ഇവേബില്ലോ ചെക്ക് പോസ്റ്റോ ഇല്ലാത്തതിനാൽ സ്വർണവ്യാപാരത്തിന്റെ വ്യാപ്തിയെക്കുറിച്ച് നികുതിവകുപ്പിന് കൃത്യമായ കണക്കില്ല. സ്വർണ്ണവ്യാപാരികൾ നൽകുന്ന റിട്ടേണുകൾ മാത്രമാണ് ആശ്രയം.ഇതും പ്രതിദിനം നടക്കുന്ന വ്യാപാരത്തിന്റെ വ്യാപ്തിയും കണക്കാക്കുമ്പോൾ വരുമാന ചോർച്ചയുണ്ടെന്നാണ് നിഗമനം. ഇത് പരിഹരിക്കാനാണ് പുതിയ നടപടികളെടുക്കുന്നത്.

ഇ–വേ ബിൽ

2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുളള സ്വർണം ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു കച്ചവടത്തിനു കൊണ്ടുപോകാൻ ഇ–വേ ബിൽ നിർബന്ധമാക്കുന്നത് സംബന്ധിച്ച് നേരത്തെ നിർദ്ദേശമുണ്ടായിരുന്നു. 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള എല്ലാ ഉത്പന്നങ്ങൾക്കും ഇ–വേ ബിൽ ബാധകമാണെങ്കിലും സുരക്ഷാകാരണങ്ങളാൽ സ്വർണത്തിനെ ഇതിൽനിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാൽ, വൻ തോതിൽ നികുതി വെട്ടിച്ചു സ്വർണക്കടത്തു നടക്കുന്നുവെന്നു കണ്ടെത്തിയതോടെ കേരളമാണ് ഇ–വേ ബിൽ നിർബന്ധമാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ അദ്ധ്യക്ഷതയിലുള്ള മന്ത്രിതല ഉപസമിതിയുടെ ശുപാർശ ജി.എസ്.ടി.കൗൺസിൽ അംഗീകരിച്ചിരുന്നു.

2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണത്തിനാണു പൊതുവേ ഇ–വേ ബിൽ ബാധകമാകുകയെങ്കിലും സംസ്ഥാനങ്ങൾക്ക് ഈ തുക മാറ്റാൻ സ്വാതന്ത്ര്യമുണ്ട്. ഈ പരിധി 5ലക്ഷമാക്കണമെന്ന് സംസ്ഥാനത്തെ സ്വർണവ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വാണിജ്യാവശ്യങ്ങൾക്കു സ്വർണം കൊണ്ടുപോകുന്നതിനാണ് ഇ–വേ ബിൽ, ഉപഭോക്താക്കൾ വാങ്ങുന്നതിനല്ല. ഇവേ ബിൽ പ്രാവർത്തികമായാൽ സംസ്ഥാനത്ത് ഇവേബിൽ പരിശോധനാസംവിധാനം നിലവിൽ വരും. മാത്രമല്ല പ്രത്യേക ഇന്റലിജൻസ് വിഭാഗത്തെയും നിയോഗിക്കും.

ഇളവ്, ആശയകുഴപ്പം?

ചട്ടഭേദഗതി നടപ്പാക്കുന്നതുസംബന്ധിച്ച ആശയകുഴപ്പമുണ്ട്. കേന്ദ്രസർക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടതെന്നാണ് നിയമവിഭാഗം പറയുന്നത്. എന്നാൽ, ജി.എസ്.ടി.കൗൺസിൽ അംഗീകരിച്ചാൽ സംസ്ഥാനത്തിന് സ്വന്തമായി വിജ്ഞാപനം ഇറക്കാമെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തതവരുത്തിയശേഷം സംസ്ഥാനം തീരുമാനം പ്രഖ്യാപിക്കും. സ്വർണ്ണത്തിന്റെ ഇ–വേ ബിൽ തയ്യാറാക്കാൻ പാർട്ട് എ മാത്രം പൂരിപ്പിച്ചാൽ മതിയെന്നാണു സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫർമാറ്റിക് സെന്റർ സംസ്ഥാനങ്ങളെ അറിയിച്ചത്. സ്വർണത്തിന്റെ തൂക്കവും മൂല്യവും രേഖപ്പെടുത്തുന്നതാണ് പാർട്ട് എ. വാഹനത്തിന്റെയും ചരക്കു നീക്കത്തിന്റെയും വിവരങ്ങൾ രേഖപ്പെടുത്തുന്ന പാർട്ട് ബി പൂരിപ്പിക്കേണ്ടതില്ല. സ്വർണത്തിന്റെ സഞ്ചാര പാത പുറത്താകാതിരിക്കാനാണിത്. ഇത്തരം രഹസ്യ വിവരങ്ങൾ പുറത്തായാൽ കവർച്ചയോ കൊള്ളയോ നടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇ–വേ ബില്ലിൽ സ്വർണ വ്യാപാരികൾക്കു മാത്രം ഇളവ് അനുവദിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EWAY BILL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.