SignIn
Kerala Kaumudi Online
Friday, 29 March 2024 7.15 AM IST

സർവമത സമ്മേളനത്തിന്റെ ചരിത്രസാക്ഷ്യമായി ഒരു സരസ്വതീക്ഷേത്രം

building
ആലുവയിലെ സർവ്വമത സമ്മേളനത്തിന്റെ ചരിത്രസ്മാരകമായി എസ്.എൻ.ഡി.പി യോഗം ഹയർസെക്കൻഡറി സ്കൂളിലെ പഴയ കെട്ടിടം

ആലുവ: ശതാബ്ദി ആഘോഷിക്കുന്ന ആലുവ സർവമത സമ്മേളനത്തിന്റെ ചരിത്രസാക്ഷ്യമായി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സാരോപദേശം മാലോകരെ പഠിപ്പിക്കാൻ ശ്രീനാരായണഗുരുവാണ് ആലുവയിൽ ചൂർണ്ണിനദക്കരയിലെ (പെരിയാർ) ആശ്രമവാടിയിൽ സർവസമത സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനവേദി പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നെങ്കിലും അതിന്റെ ഒരുക്കങ്ങളെല്ലാം നടന്നത് അക്കാലത്ത് ഗുരുദേവൻ സ്ഥാപിച്ച സംസ്കൃത പാഠശാലയിലായിരുന്നു. ആ വിദ്യാലയം പിന്നീട് പ്രൈമറി സ്കൂളായും ഹൈസ്കൂളായും ഹയർസെക്കൻഡറിയായും വളർന്നു. ഇന്ന് സ്കൂളിന്റെ നടത്തിപ്പ് ചുമതല എസ്.എൻ.ഡി.പി യോഗത്തിനാണ്. ആലുവയിലെ ഏറ്റവും മികച്ച ഹയർസെക്കൻഡറി സ്കൂൾ എന്ന ബഹുമതിയും ഗുരുദേവന്റെ പാദസ്പർശത്താൽ പവിത്രമായ ഈ സരസ്വതി ക്ഷേത്രത്തിനുണ്ട്. 100 വർഷത്തിനിടെ അദ്വൈതാശ്രമത്തിനും അതിന്റെ ചുറ്റുപാടിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചെങ്കിലും മാറ്റമില്ലാത്ത ഏക ചരിത്രസ്മാരകമായി ഇന്നും അവശേഷിക്കുന്നത് ഈ വിദ്യാലയവും അതിന് സമീപത്തെ വൈദീകമഠവും മാത്രമാണ്.

1921ലെ മലബാർ കലാപം ഉൾപ്പെടെ നാട്ടിൽ വർദ്ധിച്ചുവന്ന മതപ്പോരുകളുടെ പശ്ചാത്തലത്തിൽ 'പലമതസാരവുമേകം' എന്ന മാനവ സാഹോദര്യ മന്ത്രം ജനഹൃദയങ്ങളിൽ എത്തിക്കുക എന്നതായിരുന്നു ശ്രീനാരായണഗുരുവിന്റെ ലക്ഷ്യം. 1924 മാർച്ചിലെ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനനഗരിയുടെ കവാടത്തിന് മുന്നിൽ ഗുരു നിർബന്ധപൂർവം എഴുതിവയ്പ്പിച്ച 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്ന സന്ദേശം പിന്നീട് ഏത് തർക്കവിഷയത്തിലും മലയാളികൾ എടുത്തുപ്രയോഗിക്കുന്ന വജ്രായുധമായും മാറിയെന്നതും യാഥാർത്ഥ്യം. ഗുരുദേവൻ തുടങ്ങിവച്ച ദൗത്യം പൂർണതയിലെത്തിക്കാൻ ശിഷ്യന്മാരുടെ നേതൃത്വത്തിൽ എല്ലാ ശിവരാത്രി നാളിലും അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ 100ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SNDP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.