SignIn
Kerala Kaumudi Online
Saturday, 20 April 2024 6.03 AM IST

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന്

tripura

ന്യൂഡൽഹി: 60 അംഗ ത്രിപുര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്നലെ നടന്ന നിശബ്ദ പ്രചാരണത്തിൽ ബി.ജെ.പി, സി.പി.എം നേതൃത്വത്തിലുള്ള മുന്നണികൾ സജീവമായിരുന്നു. അതിനിടെ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ രാഷ്ട്രീയം വിടുകയാണെന്ന തിപ്രമോത ചെയർമാൻ പ്രദ്യോത് ദേബ ബർമന്റെ പ്രഖ്യാപനം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന തന്ത്രങ്ങളിലാണ് മുന്നണികൾ. പ്രദ്യോതിന് സി.പി.എമ്മുമായി രഹസ്യധാരണയുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു.

ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിക്കും. 22 വനിതകളുൾപ്പെടെ 259 സ്ഥാനാർത്ഥികളുടെ വിധി ഇന്ന് നിർണയിക്കും 28.13 ലക്ഷം വോട്ടർമാരാണുള്ളത്. ഭരണകക്ഷിയായ ബി.ജെ.പിയാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. ബി.ജെ.പിയുടെ 55 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാ ഒരുക്കവും നടത്തിയതായി ചീഫ് ഇലക്ടറൽ ഓഫീസർ ഗിത്തെ കിരൺകുമാർ ദിനകരറാവു പറഞ്ഞു. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി അഞ്ച് സീറ്റിൽ മത്സരിക്കുന്നു. സി.പി.എം 43 സീറ്റിലും കോൺഗ്രസ് 13 എണ്ണത്തിലും മത്സരിക്കുമ്പോൾ ഒരു സ്വതന്ത്രനുൾപ്പടെ 4 സീറ്റുകളിൽ ഇടത് സംഘടനകളാണ് പോരിനിറങ്ങുന്നത്. തിപ്രമോത പാർട്ടി 42 മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസ് 28 എണ്ണത്തിലും മത്സരിക്കും.

സംസ്ഥാനത്തെ 3, 328 പോളിംഗ് ബൂത്തുകളിൽ 1,100 എണ്ണം പ്രശ്നബാധിത പ്രദേശമാണെന്നും 28 എണ്ണം അതീവ ഗുരുതരമായ ക്രമസമാധാന പ്രശ്നമുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 25,000 കേന്ദ്ര സുരക്ഷ സേനാംഗങ്ങളെ വിന്യസിച്ചതായി സംസ്ഥാന പൊലീസ് നോഡൽ ഓഫീസർ ജി.എസ് റാവു പറഞ്ഞു. സംസ്ഥാന പൊലീസ് സേനയുടെ 30,000 പേരും ക്രമസമാധാന പാലനത്തിനായി രംഗത്തുണ്ട്. 31,000 പോളിംഗ് ഉദ്യോഗസ്ഥരെയും നിയമിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ രാവിലെ 6 വരെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാന അതിർത്തികളും അടച്ചു.

തിപ്രമോത പാർട്ടി ചെയർമാൻ രാഷ്ട്രീയം വിട്ടു
പിന്നിൽ ഗ്രൂപ്പ് പോര്

ന്യൂഡൽഹി: ത്രിപുര തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നില്ക്കെ രാഷ്ട്രീയം വിടുകയാണെന്ന് തിപ്രമോത പാർട്ടി ചെയർമാൻ പ്രദ്യോത് ദേബ ബർമ. ഇന്നലെ ട്വിറ്ററിലൂടെയായിരുന്നു ഇരുമുന്നണികളെയും ഞെട്ടിച്ചു കൊണ്ട് പ്രദ്യോതിന്റെ പ്രഖ്യാപനം. പാർട്ടിയിലെ വിഭാഗീയതയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

ഇന്ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം രാഷ്ട്രീയം വിടും. ഇനിയൊരിക്കലും ബുബഗ്ര(രാജാവ്) ആയി വോട്ട് തേടില്ല. ഇതെന്റെ രാഷ്ട്രീയ വേദിയിലെ അവസാന പ്രസംഗമാണ്. ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസ സൗകര്യവുമില്ലാത്ത പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പോരാടി. എന്നാൽ ഈ പോരാട്ടത്തിന്റെ വികാരം മനസിലാക്കാതെ പല നേതാക്കളും തന്നെ അവഗണിച്ചു. പാർട്ടിയിലെ ഒരു വിഭാഗം വഞ്ചിച്ചു. ഇത് വേദനാജനകമാണ്. എന്നാൽ നിങ്ങൾക്ക് വേണ്ടി ഞാൻ കഠിനമായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നും എന്റെ ജനങ്ങളോടൊപ്പമുണ്ടാകും. പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സുരക്ഷണത്തിനും സ്കോളർഷിപ്പിനും വേണ്ടി പ്രവർത്തിക്കും. താൻ ബംഗാളി വിരുദ്ധനല്ല. രബീന്ദ്രനാഥ ടാഗോറിനെയും ആചാര്യ ജഗദീഷ് ചന്ദ്രബോസിനെയും ബഹുമാനിക്കുന്ന കുടുംബത്തിന് ബംഗാളി വിരുദ്ധരല്ലെന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ല. അദ്ദേഹം പറഞ്ഞു.

ഞാൻ ഒരു വെല്ലുവിളി ഏറ്റെടുക്കുമ്പോൾ സമുദായത്തെ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് ബർമയ്ക്ക് അറിയാം. ഈ യുദ്ധത്തിൽ ഞാൻ അവന് ഒരിഞ്ച് ഭൂമി നൽകില്ല. ജിഷ്ണു ദേബ ബർമ മത്സരിക്കുന്ന ചരിലാം മണ്ഡലത്തിലെ തിപ്രമോത പാർട്ടി സ്ഥാനാർത്ഥി സുബോധ് ദേബ ബർമയുടെ പ്രചരണ റാലിയിൽ പ്രദ്യോത് പറഞ്ഞു. എന്നാൽ ഇത് രാജകുടുംബത്തിലെ പോരാട്ടമല്ലെന്നും പാവപ്പെട്ടവർക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിന് ശേഷം ബുബഗ്ര രാഷ്ടീയത്തിലുണ്ടാകില്ലെന്ന് ഉറപ്പാണ്. എന്നാൽ ഞാൻ

തീരുമാനത്തിന് പിന്നിൽ

ഗ്രൂപ്പ് പോര്

പാർട്ടിയിലെ ഗ്രൂപ്പ് പോരാണ് പ്രദ്യോത് ദേബിന്റെ പ്രഖ്യാപനത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാംനഗർ മണ്ഡലത്തിലെ ഇടത് സ്വതന്ത സ്ഥാനാർത്ഥി പുരുഷോതം റായ് ബർമന് പിന്തുണ പ്രഖ്യാപിച്ച് പ്രദ്യോത് ദേബ് ഇടത് വേദിയിലെത്തിയിരുന്നു. ഇത് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പ്രതിഷേധത്തിനിടയാക്കി. കോൺഗ്രസ് പാരമ്പര്യമുള്ള രാജകുടുംബാംഗമായ പ്രദ്യോത് ദേബിനൊപ്പമുള്ള നേതാക്കളും കോൺഗ്രസ് പാർട്ടിയിൽ നിന്നും വന്നവരാണ്. മറ്റൊരു ഗോത്രവർഗ പാർട്ടിയായ ഐ.പി.എഫ്.ടി തിപ്രമോതയിൽ ലയിക്കാമെന്ന് പ്രദ്യോതിന് നൽകിയ വാഗ്ദാനം പാലിക്കാത്തതിലും അദ്ദേഹം നിരാശനായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.