SignIn
Kerala Kaumudi Online
Wednesday, 16 October 2019 12.13 AM IST

ക്രിക്കറ്റ് മഹായുദ്ധം

india-vs-pakistan-worldcu
india Vs pakistan worldcup

ഇത് വെറുമൊരു ക്രിക്കറ്റ് മത്സരമല്ല, യുദ്ധം തന്നെയാണ്. അയൽക്കാരായ ഇന്ത്യയും പാകിസ്ഥാനും ഇംഗ്ളണ്ടിലെ മാഞ്ചസ്റ്ററിൽ ഇന്ന് പോരിനിറങ്ങുമ്പോൾ ലോകകപ്പിൽ അത് ഫൈനലിനും മേലെ ആവേശമുണർത്തുന്ന പോരാട്ടമായി മാറുന്നു. ഇരു രാജ്യങ്ങളിലെയും ഒാരോ പൗരനും രോമാഞ്ചത്തോടെ ക്രിക്കറ്റ് മൈതാനക്കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുന്നു. ചരിത്രത്തിലിതുവരെ ലോകകപ്പിൽ ഒരിക്കൽപ്പോലും പാകിസ്ഥാനുമുന്നിൽ തോറ്റിട്ടില്ലാത്ത ഇന്ത്യ ഇക്കുറിയും വീര്യം കൈവിടാതെയാണ് വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്നത്.

അജയ്യരായി ഇന്ത്യ

ലോകകപ്പിൽ ഇതുവരെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യ ഒരു കളിയും തോറ്റിട്ടില്ല. ഒരു മത്സരത്തിൽ മഴ മാത്രമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്. ഇതുവരെ ഇന്ത്യയ്ക്ക് കീഴടങ്ങിയത് കരുത്തരായ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയുമാണ്. ന്യൂസിലൻഡിനെതിരായ മത്സരമാണ് മഴ കൊണ്ടുപോയത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ആസ്ട്രേലിയയെ കീഴടക്കിയത് 36 റൺസിനും. ന്യൂസിലൻഡിനെതിരായ മത്സരം ഒരു പന്തുപോലുമെറിയാതെയാണ് ഉപേക്ഷിക്കപ്പെട്ടത്.

മറുവശത്ത് രണ്ട് മത്സരങ്ങളിൽ തോൽക്കുകയും ഒരു മത്സരം മഴയ്ക്ക് നൽകുകയും ചെയ്ത പാകിസ്ഥാന് ഇംഗ്ളണ്ടിനെതിരെ നേടിയ അട്ടിമറി വിജയം മാത്രമാണ് ആശ്വാസം. ആദ്യമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ വെറും 105 റൺസിനാണ് പാകിസ്ഥാൻ ആൾ ഒൗട്ടായത്. ഇൗ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോറും ഇതുതന്നെ. തുടർന്ന് ഇംഗ്ളണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 348/8 എന്ന സ്കോർ ഉയർത്തിയിട്ടും ജയിക്കാനായത് 14 റൺസിന്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരമാണ് മഴകൊണ്ടുപോയത്. തുടർന്ന് ആസ്ട്രേലിയയോട് 41 റൺസിന് തോറ്റു.

മുൻതൂക്കം ഇന്ത്യയ്ക്ക്

. ഇന്ന് പാകിസ്ഥാനുമായി പോരാടാനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് തന്നെയാണ് ക്രിക്കറ്റ് നിരൂപകരും ആരാധകരും വ്യക്തമായ മുൻതൂക്കം കല്പിക്കുന്നത്.

. വ്യക്തമായ ഗെയിം പ്ളാനോടെ കളിക്കാൻ കഴിയുന്നു എന്നതാണ് വിരാട് കൊഹ്‌ലിയുടെയും സംഘത്തിന്റെയും പ്ളസ് പോയിന്റ്.

. ആദ്യമത്സരത്തിൽ ഇന്ത്യൻ മുൻനിര താരങ്ങളൊക്കെ ബൗളിംഗിലും ബാറ്റിംഗിലും കാഴ്ചവച്ച ഫോം പാകിസ്ഥാന് പേടിസ്വപ്നമാണ്.

. ബാറ്റിംഗ് തന്നെയാണ് ഇന്ത്യയുടെ ശക്തികേന്ദ്രം. രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും ധോണിയും കെ.എൽ. രാഹുലും കേദാർ യാദവും ഹാർദിക് പാണ്ഡ്യയുമൊക്കെ ബാറ്റിംഗിൽ കരുത്ത് പകരുന്നു.

. ജസ്‌‌പ്രീത് ബുംറയാണ് ബൗളിംഗിലെ തുറുപ്പുചീട്ട്. ഭുവനേശ്വറും ഹാർദിക്കും പേസർമാരായി ഒപ്പമുണ്ടാകും. കുൽദീപ്-ചഹൽ സ്പിൻ ജോഡിയെ ഇന്നും കളിപ്പിച്ചേക്കും.

. ശിഖർ ധവാന്റെ അഭാവം മാത്രമാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. ധവാന് പകരം കെ.എൽ. രാഹുലാകും ഇന്ന് രോഹിതിനൊപ്പം ഒാപ്പണിംഗിനിറങ്ങുക. ധവാന്റെ പകരക്കാരനാകാൻ ദിനേഷ് കാർത്തികിനെയാണോ വിജയ് ശങ്കറിനെയാണോ ടീം മാനേജ്മെന്റ് സെലക്ട് ചെയ്യുകയെന്ന് മത്സരത്തിന് മുമ്പ് അറിയാം.

പഞ്ചറായ പാകിസ്ഥാൻ

. സമീപകാലത്ത് അത്ര മികച്ച ടീമല്ല പാകിസ്ഥാൻ. ലോകകപ്പിന് മുമ്പ് ഇംഗ്ളണ്ടിൽ തുടർച്ചയായി നാല് ഏകദിനങ്ങളാണ് പാകിസ്ഥാൻ തോറ്റത്. അതിലെല്ലാം 350 റൺസിലേറെ വഴങ്ങുകയും ചെയ്തു.

. അസ്ഥിരതയാണ് പാകിസ്ഥാന്റെ മുഖമുദ്ര. ലോകകപ്പിൽ അവർ സ്ഥിരത കാട്ടുന്നത് ഇന്ത്യയ്ക്കെതിരെ തോൽക്കുന്നതിൽ മാത്രമാണ്.

. കടലാസിലെ കരുത്ത് പലപ്പോഴും കളിക്കളത്തിൽ പുറത്തെടുക്കാൻ അവർക്ക് കഴിയാറില്ല.

. ഇമാം ഉൽഹഖ്, ഫഖർ സമാൻ, ബാബർ അസം, മുഹമ്മദ് ഹഫീസ്, സർഫ്രാസ് അഹമ്മദ് എന്നിവരാണ് ബാറ്റിംഗിലെ പ്രമുഖർ. എന്നാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാനുള്ള ശേഷി ഇവരാരും പ്രകടിപ്പിക്കുന്നില്ല. കൂട്ടായ പ്രവർത്തനം ഉണ്ടാകുന്നുമില്ല.

. ബൗളിംഗിലണ് പാകിസ്ഥാന്റെ ഏക പ്രതീക്ഷ. ആസ്ട്രേലിയയ്ക്കെതിരെ അഞ്ചുവിക്കറ്റ് വീഴ്ത്തി മുഹമ്മദ് ആമിർ ഫോമിലേക്ക് എത്തിയതാണ് ഏക ആശ്വാസം.

. ഷനീൻ അഫ്രീദി, വഹാബ് റിയാസ് എന്നിവരും പേസർമാരായി ടീമിലുണ്ട്. ലെഗ് സ്‌പിന്നറായി ഷദാബ് ഖാനുണ്ടാകും.

. ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല ഫീൽഡിംഗിലും പാകിസ്ഥാന്റെ സമീപ ഫോം അത്ര മികച്ചതല്ല.

മഴ മേഘങ്ങളേ മാറിനിൽക്കൂ

ലോകം കാത്തിരിക്കുന്ന ക്രിക്കറ്റ് പോരാട്ടത്തിന് വില്ലനായി ഇന്ന് മഴ അവതരിക്കുമോ എന്നാണ് ആരാധകർ ഭയക്കുന്നത്. മാഞ്ചസ്റ്ററിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇൗ ലോകകപ്പിൽ ഒാരോ മത്സരം മഴകാരണം നഷ്ടമായിരുന്നു.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, വിരാട് കൊഹ്‌ലി, വിജയ് ശങ്കർ, ധോണി, കേദാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യുസ്‌‌വേന്ദ്ര ചഹൽ, ജസ്‌പ്രിത് ബുംറ.

പാകിസ്ഥാൻ : ഇമാം ഉൽ ഹഖ്, ഫഖർ സമാൻ, ബാബർ അസം, മുഹമ്മദ് ഹഫീസ്, സർഫ്രാസ് അഹമ്മദ്, ഹാരിസ് സൊഹൈൽ, ഷൊയ്ബ് മാലിക്ക്/ആസിഫ് അലി/ഇമാദ് വാസിം, ഷദാബ് ഖാൻ, വഹാബ് റിയാസ്, ആമിർ, ഷഹീൻ അഫ്രീദി.

റണ്ണൊഴുകും പിച്ച്

ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് ഒാൾഡ് ട്രഫോൾഡിൽ ഒരുക്കിയിരിക്കുന്നത്. മഴ സാദ്ധ്യതയുള്ളതിനാൽ ടോസ് നിർണായകം.

മാഞ്ചസ്റ്ററിലെ കളി

മാഞ്ചസ്റ്ററിലെ ഒാൾഡ് ട്രഫോൾഡ് ഗ്രൗണ്ടിൽ പാകിസ്ഥാൻ ഒരൊറ്റ ഏകദിനം മാത്രമേ കളിച്ചിട്ടുള്ളൂ. 1999 ലെ ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ആയിരുന്നു അത്. അന്ന് സൂപ്പർ സിക്‌സിൽ 47 റൺസിനാണ് അവർ തോറ്റത്.

പഴയ കാലത്തെ പേസ് ബൗളിംഗിനെ എത്രയോ പടി മുന്നിലാണ് ഇന്ന് ജസ്‌പ്രീത് ബുംറയും ഭുവനേശ്വറും അണിനിരക്കുന്ന ഇന്ത്യൻ പേസ് യൂണിറ്റ്. അതുകൊണ്ടുതന്നെ പാകിസ്ഥാനെ നിഷ്‌പ്രയാസം കീഴടക്കാൻ നമുക്ക് കഴിയും.

വെങ്കിടേഷ് പ്രസാദ്

മുൻ ഇന്ത്യൻ പേസർ

ഇത് ഞാനും മുഹമ്മദ് ആമിറും തമ്മിലുള്ള പോരാട്ടമല്ല. രണ്ട് ടീമുകളും ശക്തമാണ്. ഗംഗീരമായ പോരാട്ടം പ്രതീക്ഷിക്കാം.

വിരാട് കൊഹ്‌ലി ഇന്ത്യൻ ക്യാപ്ടൻ.

2017 ചാമ്പ്യൻസ് ട്രോഫി

ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുമ്പോൾ പാകിസ്ഥാന് ആവേശം പകരുന്നത് 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലാണ്. അന്ന് ഇന്ത്യ 180 റൺസിന് തോറ്റിരുന്നു. ധവാൻ, രോഹിത്, കൊഹ്‌ലി എന്നിവരെ തുടക്കത്തിൽ തന്നെ പുറത്താക്കിയ മുഹമ്മദ് ആമിറാണ് അന്ന് പാകിസ്ഥാന് വിജയം നൽകിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, INDIA VS PAKISTAN WORLDCUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.