SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.21 AM IST

ജയിലിന്റെ മതിലിന് ട്രഷറിയുടെ വെട്ട് !

jayil

ആലപ്പുഴ: പുതിയ ജയിൽ കെട്ടിടത്തിൽ ജില്ല ജയിലിന്റെ പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും ചുറ്റുമതിൽ നിർമ്മാണം പാതിവഴിയിൽ കിടക്കുന്നു. ഫണ്ടിന്റെ കുറവും പെൻഷൻ ട്രഷറി ഓഫീസിന്റെയും പെൻഷൻകാരുടെ സംഘടനയുടെയും എതിർപ്പാണ് നിർമ്മാണ തടസത്തിന് കാരണം.
പെൻഷൻ ട്രഷറിയുടെ കാഷ് കൗണ്ടറിലേക്ക് സൗകര്യ പൂർവം എത്താനുള്ള മാർഗമായതിനാലാണ് പെൻഷൻകാരുടെ സംഘടന മതിൽ നിർമ്മാണത്തെ എതിർക്കുന്നത്.

കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ട്രഷറിയുടെ ഭാഗമായ പെൻഷൻ ട്രഷറിയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രധാന കവാടം എസ്.പി ഓഫീസ് കോമ്പൗണ്ടിലാണെങ്കിലും ജീവനക്കാരുടെയും പെൻഷൻ വാങ്ങാൻ വരുന്നവരുടെയും വാഹനങ്ങൾ ജയിലിന്റെ ഭാഗത്ത് പാർക്ക് ചെയ്ത ശേഷമാണ് ട്രഷറിയിലേക്ക് പ്രവേശിക്കാറുള്ളത്. ശാരീരിക അവശതയുള്ളവർക്ക് നേരിട്ട് ക്യാഷ് കൗണ്ടറിന്റെ സമീപത്ത് വരെ ഇതുവഴി വാഹനങ്ങളിൽ എത്താനാകും. ഈ സൗകര്യം നഷ്ടപ്പെടുമെന്ന് കാണിച്ച് പെൻഷൻകാരുടെ സംഘടനയും ഇടത് പക്ഷ യൂണിയൻ നേതാക്കളും കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

ജയിലിന് സുരക്ഷയൊരുക്കാൻ ഒന്നരക്കോടിയോളം രൂപ സർക്കാർ അനുവദിച്ചിരുന്നു. മതിൽ നിർമ്മാണം ആരംഭിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പും ജയിൽ വകുപ്പും ഒരുങ്ങിയെങ്കിലും തടസവാദവുമായി ട്രഷറി ജീവനക്കാരുടെ യൂണിയനും പെൻഷൻകാരുടെ സംഘടനയും രംഗത്തെത്തി. ഡെപ്യൂട്ടി കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലും അനുരഞ്ജനത്തിന് തയ്യാറാകാത്ത രീതിയിലാണ് ട്രഷറി ഓഫീസറും ഭരണകക്ഷി യൂണിയൻ നേതാവും പ്രതികരിച്ചത്.

ചൂടിൽ വലഞ്ഞ് തടവുകാർ

84 തടവുകാരെ പാർപ്പിക്കാവുന്ന സംവിധാനങ്ങളുള്ള പുതിയ ജില്ലാ ജയിലിൽ ഇപ്പോൾ 200ഓളം തടവുകാരാണുള്ളത്. ചൂട് കടുത്തതോടെ ഇരുനിലയുള്ളതും കോൺക്രീറ്റ് മേൽക്കുരയുള്ളതുമായ കെട്ടിടത്തിൽ തിങ്ങിക്കിടക്കുന്നത് തടവുകാർക്ക് മാനസിക-ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമായാണ് പഴയ കെട്ടിടം നവീകരിച്ച് മതിൽ കെട്ടി സുരക്ഷയൊരുക്കി കുറച്ച് തടവുകാരെ അവിടേക്ക് മാറ്റാൻ തീരുമാനിച്ചത്. ട്രഷറിയിലേയ്ക്ക് സുഗമമായി പോകുന്നതിന് തടസമില്ലാത്ത വഴി നല്കുന്നതിന് തയ്യാറാണെന്ന് ജയിൽ അധികൃതർ പറയുന്നു.

മതിൽ നിർമ്മിച്ചാൽ

പഴയ ജയിൽ കെട്ടിടം നവീകരിച്ച് നൂറോളം തടവുകാരെ ഇവി‌ടേക്ക് മാറ്റി പാർപ്പിക്കാനാകും. ഇതോടെ പുതിയ ജില്ലാ ജയിലിൽ തടവുകാർ തിങ്ങിക്കിടക്കുന്നതിന് പരിഹാരമാകും. മതിൽ കെട്ടി സുരക്ഷ ഒരുക്കിയിട്ടേ തടവുകാരെ മാറ്റാൻ കഴിയൂ.

പഴയ ജയിൽ നവീകരണം, മതിൽ നിർമ്മാണം എന്നിവയ്ക്ക് അനുവദിച്ചത് : 1.5 കോടി രൂപ

ജില്ലാ ജയിലും തടവുകാരും

പാർപ്പിക്കാനാകുന്നത് : 84

നിലവിൽ കഴിയുന്നത് : 200

10000ൽ അധികം വരുന്ന പെൻഷൻകാർക്കും നിക്ഷേപകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ട്രഷറിയിലേക്കുള്ള വഴി മതിൽ കെട്ടി അടക്കാനുള്ള തീരുമാനത്തിനെതിരെ കളക്ടറെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചു. കളക്ടർ വിഷയത്തിൽ ഇടപെട്ട് നടത്തിയ ചർച്ചയിൽ നിലവിലുള്ള വഴി നിലനിർത്തി മതിൽ കെട്ടാനായി ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. - എ.എ.ജലീൽ, ജില്ലാ വൈസ് പ്രസിഡന്റ്, സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.