പാരീസ് : യുക്രെയിൻ അധിനിവേശത്തിൽ റഷ്യ തീർച്ചയായും പരാജയപ്പെടണമെന്നും എന്നാൽ ആ തോൽവിക്ക് പിന്നാലെ റഷ്യയെ തകർക്കാൻ ആഗ്രഹമില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഒരു ഫ്രഞ്ച് മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാശ്ചാത്യ രാജ്യങ്ങൾ യുക്രെയിനുള്ള സൈനിക സഹായങ്ങൾ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേ സമയം, റഷ്യയെ തകർക്കുക എന്ന ലക്ഷ്യത്തോടെ അവിടേക്കും യുദ്ധം വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കെതിരെയാണ് മാക്രോൺ രംഗത്തെത്തിയത്. യുക്രെയിൻ അവരുടെ സ്ഥാനങ്ങളെല്ലാം സംരക്ഷിക്കപ്പെടുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച മ്യൂണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിനിടെയിലും മാക്രോൺ യുക്രെയിൻ വിഷയം ഉന്നയിച്ചിരുന്നു. അതേ സമയം, യുക്രെയിൻ അധിനിവേശത്തിൽ റഷ്യ പരാജയപ്പെടണമെന്ന ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവനയ്ക്കെതിരെ റഷ്യ രംഗത്തെത്തി. തങ്ങളോട് കപട നയതന്ത്രം കാട്ടുന്ന മാക്രോൺ നെപ്പോളിയൻ ബൊണപ്പാർട്ടിന്റെ വിധി മറക്കരുതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഫ്രാൻസും പാശ്ചാത്യ രാജ്യങ്ങളും റഷ്യൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |