തിരുവനന്തപുരം: ഇസ്രയേലിൽ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായ സംഭവത്തിൽ തുടർനടപടികൾക്കൊരുങ്ങി സർക്കാർ. സംഘത്തിൽ നിന്ന് മുങ്ങിയ കണ്ണൂർ സ്വദേശിയായ കർഷകൻ ബിജു കുര്യന്റെ വിസ റദ്ദാക്കി തിരികെ അയക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എംബസിയ്ക്ക് കത്ത് നൽകാനാണ് സർക്കാരിന്റെ നീക്കം. ഇന്ന് കൃഷിമന്ത്രി പി പ്രസാദ് നടത്തുന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കുമെന്നാണ് വിവരം.
വളരെ ആസൂത്രിതമായാണ് കണ്ണൂർ സ്വദേശിയായ കർഷകൻ മുങ്ങിയതെന്നാണ് മനസിലാക്കുന്നതെന്ന് കഴിഞ്ഞദിവസം മന്ത്രി പ്രതികരിച്ചിരുന്നു. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രയേലിലേയ്ക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമായിരുന്നു സംഘത്തിലേയ്ക്ക് കർഷകരെ തിരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നുമാണ് ബിജു അപ്രത്യക്ഷനായത്. ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസിൽ പോകുന്നതിനായി സംഘം ഹോട്ടലിൽനിന്നും പുറത്തിറങ്ങുന്നതിനിടെ ബിജു മുങ്ങുകയായിരുന്നു. ഇവിടെ നിന്നും ബസിൽ കയറവേയാണ് ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവർ മനസിലാക്കിയത്. ഹോട്ടലിൽ നിന്നും ബിജു പാസ്‌പോർട്ട് അടങ്ങിയ ബാഗുമായാണ് ഇറങ്ങിയതെന്ന് സംഘാംഗങ്ങൾ പറഞ്ഞിരുന്നു.
സംഭവത്തിൽ ഇസ്രയേൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയ് എട്ടുവരെയാണ് ബിജുവടക്കമുള്ള കർഷക സംഘത്തിന് ഇസ്രയേലിൽ തുടരാൻ അനുമതിയുള്ളത്. സർക്കാരിന്റെ അഭ്യർത്ഥനയിലാണ് വിസ അനുവദിച്ചത്. വിമാന ചെലവ് ബിജുവാണ് വഹിച്ചത്.
അതേസമയം, കാണാതായ കർഷകൻ നാട്ടിലെ ഭാര്യയെ വിളിച്ചതായി ബന്ധു വെളിപ്പെടുത്തിയിരുന്നു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്. സഹോദരൻ ബെന്നിയാണ് ബിജു ഭാര്യയെ വിളിച്ച കാര്യം വെളിപ്പെടുത്തിയത്. ബിജു കുര്യനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |