SignIn
Kerala Kaumudi Online
Saturday, 20 April 2024 5.45 AM IST

ക്ളിഫ് ഹൗസിൽ യോഗം ചേർന്നതായി സ്വപ്‌ന പറഞ്ഞുവെന്ന് കുഴൽനാടൻ, കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി, ഉപദേശം വേണ്ടെന്നും മുന്നറിയിപ്പ്; സഭയിൽ വാക്‌പോര്

pinarayi-vijayan

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്‌പോര്. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയതാണ് സഭയിൽ ബഹളം ഉണ്ടാകാൻ കാരണം. മാത്യു കുഴൽനാടനാണ് നോട്ടീസ് നൽകിയത്. വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കോഴ വാങ്ങിയതും അറസ്റ്റിലായതും കേസിൽ അന്വേഷണം നിലച്ചതും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. എന്നാൽ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്‌പീക്കർ നിഷേധിച്ചു.

പ്രമേയം അടിസ്ഥാനമില്ലാത്ത പ്രശ്നമാണെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. സമാനവിഷയം സഭയിൽ നേരത്തെയും ഉന്നയിച്ചിരുന്നു. പഴയ വീഞ്ഞും പഴയ കുപ്പിയും പഴയ ലേബലും, പക്ഷേ ആൾ മാത്രം മാറിയെന്നേയുള്ളൂ. ലൈഫ് മിഷനെതിരെ സംഘടിത ആക്രമണം നടക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടിയന്തര പ്രമേയമെന്നും മന്ത്രി കുറ്റപ്പെടുത്തി.

യു എ ഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് നിയമവകുപ്പ് കൂടി കണ്ടിട്ടാണ്. ലൈഫ് മിഷനോ സർക്കാരിനോ സാമ്പത്തിക ഉത്തരവാദിത്തമില്ല. സർക്കാർ ഭൂമിയിൽ നേരത്തെയും പല സന്നദ്ധസംഘടനകളും വീടുവച്ചിട്ടുണ്ട്. ഭാവനാപൂ‌ർണമായ സ്വപ്നസമാനമായ പദ്ധതിയാണ് ലൈഫ് മിഷനെന്നും മന്ത്രി വ്യക്തമാക്കി. പൂർത്തീകരണം നടന്ന വീടുകളുടെ എണ്ണവും അതിന് ചെലവഴിച്ച തുകയും മന്ത്രി സഭയിൽ വിവരിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യൂണിടാക് ബിൽഡേഴ്‌സ് കോൺസുലേറ്റുമായി ബന്ധമുണ്ടായിരുന്ന ചിലർക്ക് നിശ്ചിത തുക നൽകിയെന്നാണ് ആരോപണം. ഇതുമായി ലൈഫ് മിഷനും ഉദ്യോഗസ്ഥർക്കും യാതൊരു ബന്ധവുമില്ല. ലൈഫ് മിഷൻ വിദേശ നിക്ഷേപം സ്വീകരിച്ചിട്ടില്ല. യു എ ഇ റെഡ്‌ക്രസന്റ് അവരുടെ കരാറുകാരൻ വഴി നടപ്പാക്കിയ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ഏത് തരത്തിലുള്ള അന്വേഷണം നടത്തുന്നതിനോടും സർക്കാരിന് എതിർപ്പില്ല. ലൈഫ് മിഷൻ കോഴ ഇടപാട് എന്ന ആരോപണം തന്നെ വസ്തുതാവിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലൈഫ് മിഷൻ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവും ശാസ്ത്രീയവുമായ അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാട്‌സ്‌ആപ്പ് വഴി അയച്ച സന്ദേശങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രി അനുമതിക്കത്ത് നൽകിയോയെന്ന് ചാറ്റുകൾ ചൂണ്ടിക്കാട്ടി കുഴൽനാടൻ ചോദിച്ചു. ക്ളിഫ്‌ഹൗസിൽ യോഗം ചേർന്നതായി സ്വപ്‌ന പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഇടത് നിൽക്കുന്നയാൾ ഇന്ന് ജയിലിലാണ്. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികൾ. ആരോപണങ്ങൾ കള്ളമാണെങ്കിൽ കോടതിയെ സമീപിക്കണം. ഇത് താൻ എഴുതിയ തിരക്കഥയല്ലെന്നും കുഴൽനാടൻ പറഞ്ഞു.

എന്നാൽ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്നെ സ്വപ്ന കണ്ടിട്ടില്ല. മാത്യു കുഴൽനാടൻ ഏജൻസിയുടെ വക്കീൽ ആകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിയെ സമീപിക്കണമെന്നുള്ള ഉപദേശം വേണമെങ്കിൽ കുഴൽനാടനെ സമീപിക്കാമെന്നും മാത്യു കുഴൽനാടന്റെ ഉപദേശം അനുസരിച്ച് മുന്നോട്ടുപോകേണ്ട ആവശ്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFE MISSION CASE, ASSEMBLY, NOTICE OF URGENT MOTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.