SignIn
Kerala Kaumudi Online
Friday, 29 March 2024 3.06 AM IST

സാഹിത്യാസ്വാദനത്തിലെ ചക്രവർത്തി

prof-m-krishnan-nair

പ്രൊഫ. എം. കൃഷ്ണൻ നായർ മരണത്തോടടുത്ത് രോഗബാധിതനായി വീട്ടിൽ കഴിഞ്ഞപ്പോൾ പല ദിവസങ്ങളിലും ഞാനദ്ദേഹത്തെ കാണാൻ ചെന്നിട്ടുണ്ട്.

ഒരു ദിവസം ദുഃഖത്തോടെ എന്നോടദ്ദേഹം പറഞ്ഞു. 'സുധീറേ, ഇനി എനിക്ക് അധികം നാളില്ല. മരണം എന്നെ ഇല്ലാതാക്കും. അതിനുശേഷവും പുതിയ പുസ്തകങ്ങൾ വരും. അവയൊന്നും എനിക്ക് വായിക്കാനാവില്ലല്ലോ! നമ്മളന്വേഷിച്ച കാൾ ക്രൗസിന്റെ നാടകവും വായിക്കാതെയാവും ഞാൻ മരിക്കുക.' അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ആസ്ട്രിയൻ നാടകകൃത്ത് കാൾ ക്രൗസിന്റെ 'ദി ലാസ്റ്റ് ഡെയ്സ് ഓഫ് മാൻകൈൻഡ് 'എന്ന നാടകത്തിനു വേണ്ടി ഞങ്ങളൊരുപാട് ശ്രമിച്ചിരുന്നു. അന്നത് കിട്ടിയിരുന്നില്ല. ഇതെപ്പറ്റിയാണ് അദ്ദേഹം സൂചിപ്പിച്ചത്. തന്റെ മരണാനന്തരം ഇറങ്ങാൻ പോവുന്ന നല്ല പുസ്തകങ്ങളൊന്നും വായിക്കാനാവില്ലല്ലോ എന്ന വേവലാതിയോടെ മരിച്ചുപോയ വായനക്കാരനായിരുന്നു എം.കൃഷ്ണൻ നായർ!


പുതിയ പുസ്തകങ്ങളെ ഓരോന്നായി കീഴടക്കിക്കൊണ്ട് വായനയുടെ വ്യാപ്തിമണ്ഡലം നിരന്തരം വർദ്ധിപ്പിച്ചുകൊണ്ടിരുന്ന സാഹിത്യാസ്വാദകനായിരുന്നു അദ്ദേഹം. ആസ്വാദനത്തിലെ ചക്രവർത്തി എന്നുതന്നെ വിശേഷിപ്പിക്കാം. വിശ്വസാഹിത്യ ചരിത്രത്തിൽപോലും അപൂർവമായിരിക്കും ഇത്തരമൊരു വായനക്കാരൻ. സാഹിത്യ വാരഫലം എന്ന സമാനതകളില്ലാത്ത പ്രതിവാര പംക്തി 35 ലേറെ വർഷം തുടർച്ചയായി എഴുതി എന്നതും അവിശ്വസനീയമാണ്. ഇത്രയധികം കാലം സ്വീകാര്യമായി നിലനിന്ന ഒരു പംക്തിയുടെ ജനപ്രിയത പ്രത്യേകം പറയേണ്ടതില്ലല്ലോ.


എം. കൃഷ്ണൻ നായർ അദ്ദേഹത്തിന്റെ ഒരു പ്രബന്ധസമാഹാരത്തിന് എഴുതിയ കുറിപ്പിൽ എഴുത്തിലെ തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്.

'സൂര്യനു സ്വന്തം പ്രകാശമുണ്ട്. ചന്ദ്രൻ സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിച്ചാണ് തിളങ്ങുന്നത്. ഇതുപോലെ ആന്തരപ്രകാശം പ്രസരിപ്പിക്കുന്ന മഹാവ്യക്തികളുണ്ട് ഈ ലോകത്തിൽ. മറ്റുള്ളവരുടെ പ്രകാശത്തിൽ ശോഭിക്കുന്നവരുമുണ്ട്. ഈ ഗ്രന്ഥകാരൻ രണ്ടുവിഭാഗത്തിലും പെടുന്ന ആളല്ല. കലാകാരന്മാരുടെ ആന്തരശോഭ കണ്ടും ബാഹ്യശോഭ കണ്ടും കണ്ണഞ്ചി അതിന്റെ ഒരംശം ബഹുജനത്തിനുവേണ്ടി തന്നാലാവും വിധം ഗ്രന്ഥകാരൻ ആവിഷ്‌കരിക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ പ്രബന്ധങ്ങൾ. അതു കാണുന്നവർ യഥാർത്ഥങ്ങളായ തേജോഗോളങ്ങളിലേക്കു പോകണമെന്നേ എനിക്ക് ഉദ്ദേശ്യമുള്ളൂ.'

തനിക്ക് ആസ്വദിക്കാൻ സാധിച്ച സാഹിത്യസൗന്ദര്യത്തിന്റെ പ്രകാശം ബഹുജനത്തിനു വേണ്ടി ആവിഷ്‌‌കരിക്കുക എന്ന പ്രവൃത്തിയാണ് അദ്ദേഹം നിർവഹിച്ചതെന്ന് വ്യക്തം. കൂട്ടത്തിൽ സാഹിത്യമെന്ന ലേബലിൽ എഴുതപ്പെടുന്നവയുടെ വൈകല്യങ്ങളെപ്പറ്റി തന്റെ വായനക്കാരെ ഗ്രഹിപ്പിക്കാനും സമയം കണ്ടെത്തി. സാഹിത്യ സൃഷ്ടികളുടെ അഗാധതയോളം ചെന്ന് അതിന്റെ സത്ത കണ്ടെത്തി അത് വായനക്കാർക്ക് മുന്നിലെത്തിക്കുന്നതിൽ ഈ നിരൂപകൻ കാണിച്ച തിടുക്കവും അസാധാരണമാണ്.

സാഹിത്യ വാരഫലം എന്ന തന്റെ പംക്തിയെ അദ്ദേഹം 'ലിറ്റററി ജേണലിസം' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അത് ബഹുജനത്തിനു വേണ്ടിയുള്ളതാണ്. അതിൽ വലിയ ഉൾക്കാഴ്ച കലർത്തി പ്രൗഢമാക്കിയാൽ വായനക്കാർ അകന്നു പോകുമെന്നും അദ്ദേഹം ഏറ്റുപറഞ്ഞു. ഒരർത്ഥത്തിൽ ആ പംക്തി നിർവഹിച്ചത് വലിയ ജനാധിപത്യ ദൗത്യമായിരുന്നു. ഗൗരവമായ സാഹിത്യത്തെ മലയാളത്തിലെ സാധാരണ വായനക്കാരുടെ ആസ്വാദന ലോകത്തിലേക്കെത്തിക്കുക എന്ന ദൗത്യം. അതിനായി സാഹിത്യബാഹ്യമായ പല കാര്യങ്ങളും അദ്ദേഹം പംക്തിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മിക്കപ്പോഴും അത് സാഹിത്യ വിമർശനത്തോളം തന്നെ സാംസ്‌കാരിക വിമർശനവുമായിരുന്നു. താൻ പിന്തുടർന്ന രീതിയെ അദ്ദേഹം തന്നെ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്.


'ടോൾസ്റ്റോയിയുടെ 'ഡെത്ത് ഓഫ് ഐവൻ ഇലീച്ച് ' വായിക്കുന്നവർ പ്രാപഞ്ചികശക്തിയെന്തെന്ന് അറിയും. അവർ സമുന്നതരായി മാറും. പക്ഷേ അതു വായിക്കാതെ 'തോട്ടിയുടെ മകനും ' 'തഹശീൽദാരുടെ അച്ഛനും 'വായിച്ചു കൊണ്ടിരുന്നാൽ ആന്തരമായ പരിഷ്‌കാരമോ സംസ്‌കാരമോ കിട്ടുകയില്ല.' വാരഫലത്തിനു പുറമേ ധാരാളം വിമർശനലേഖനങ്ങളും അദ്ദേഹമെഴുതിയിട്ടുണ്ട്.

സൗന്ദര്യബോധപരമായ താത്പര്യങ്ങളാണ് എപ്പോഴും അദ്ദേഹത്തിന്റെ എഴുത്തിന്റെ അടിസ്ഥാനമായി പ്രവർത്തിച്ചത്. ലോകത്തെ പ്രധാന ക്ലാസിക്കുകളെല്ലാം വായിച്ചാസ്വദിച്ചതിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ഒരു സൗന്ദര്യബോധം കൃഷ്ണൻനായർ എന്ന നിരൂപകനിൽ എപ്പോഴും പ്രവർത്തിച്ചു. അതിനെ മുൻനിറുത്തിയാണ് അദ്ദേഹം വർത്തമാനകാല രചനകളെയും വായിച്ചത്. വായനയിലൂടെ പുതിയ സൗന്ദര്യാവിഷ്‌‌കാരങ്ങൾ കണ്ടെത്തുമ്പോൾ ആ മനസ് വല്ലാതെ ആഹ്ലാദിച്ചു. നീചമായ എഴുത്ത് ശരിക്കും ക്രൈം ആണെന്നും അദ്ദേഹം കരുതി. മുഖം നോക്കാതെ വിമർശിച്ചതിനാൽ പല എഴുത്തുകാരും അദ്ദേഹത്തിന്റെ ശത്രുക്കളായി. സാഹിത്യ വിമർശന രംഗം എപ്പോഴും സംഘർഷം നിറഞ്ഞതായിരിക്കുമല്ലോ. ആ സംഘർഷത്തെ അദ്ദേഹം ആസ്വദിക്കുകയായിരുന്നു. ഈ സംഘർഷം സാഹിത്യത്തിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം കരുതിയത്. സാഹിത്യമെന്ന പേരിലെ കബളിപ്പിക്കലിനെ അദ്ദേഹം നിരാകരിച്ചു. എഴുത്ത് പേനയിലൂടെയുള്ള പോരാട്ടങ്ങളായി. എഴുത്തുകാർ ആത്മപരിശോധന നടത്തി.


കൃഷ്ണൻ നായർക്ക് വായന ആത്മീയമായ ഒരു ദാഹമായിരുന്നു. എഴുത്ത് വിമലീകരണവും. രണ്ടും മുൻവിധിയില്ലാതെ ജീവിതാന്ത്യം വരെ തുടർന്നുപോന്നു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. സാഹിത്യത്തിലെ ഏറ്റവും പുതിയ രചനകളെപ്പോലും വലിപ്പം ചെറുപ്പം നോക്കാതെ സ്വന്തം വായനയിലൂടെ സവിശേഷമായ വിലയിരുത്തലിനു വിധേയമാക്കി വിധികല്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ ഇതൊക്കെ ചെറിയ കാര്യങ്ങളായി തോന്നാം. എന്നാൽ ഇന്റർനെറ്റും ഗൂഗിളുമൊന്നുമില്ലാതിരുന്ന ഒരു കാലത്താണ് വിശ്വസാഹിത്യത്തിലെ ഓരോ ചലനങ്ങളെയും അദ്ദേഹം ഒപ്പിയെടുത്ത് വായനക്കാരിലെത്തിച്ചത് !


അദ്ദേഹത്തിന്റെ വിമർശനത്തിൽ അസംതൃപ്തരായ എഴുത്തുകാർക്കു പോലും അദ്ദേഹത്തെ അവഗണിക്കാനായില്ല. സാഹിത്യമാണ് അദ്ദേഹത്തെ ക്ഷോഭിപ്പിച്ചത്. എഴുത്തുകാരല്ല. രചനകളോട് സഹാനുഭൂതിയില്ല. അവയെ തന്റെ സൗന്ദര്യ ശിക്ഷണത്തിന്റെ മൂശയിലിട്ട് വിലയിരുത്തുമ്പോൾ ആ മനസിൽ എഴുത്തുകാരുടെ മുഖമുണ്ടായിരുന്നില്ല. വിപുലമായ സാഹിത്യ പരിചയത്തിന്റെ പിൻബലത്തോടെ അദ്ദേഹമെടുത്ത നിലപാടുകൾ മലയാളി വായനക്കാരുടെ ആസ്വാദന നിലവാരത്തിൽ

തീർച്ചയായും വലിയ സ്വാധീനം ചെലുത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROF M KRISHNAN NAIR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.