SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.55 PM IST

മാധവസേവയ്ക്കൊപ്പം മാനവസേവയും

photo

കയറി​ക്കി​ടക്കാൻ വീടി​ല്ലാത്തവരുടെ മനോവേദനയും പ്രതി​സന്ധി​കളും വിവരണാതീതമാണ്. അതീവദുഃഖകരമാണ്. സമാധാനം അവരുടെ ജീവി​തത്തി​ലുണ്ടാകി​ല്ല. ആ സമാധാനക്കേട് പലരീതി​യി​ൽ സമൂഹത്തി​ലും പ്രതി​ഫലി​ക്കും. അത് സമൂഹത്തി​ന്റെ പ്രശ്നവും ബാദ്ധ്യതയും കൂടി​യാണ്. നൂറുശതമാനം സാക്ഷരതയും ഉന്നത സാമൂഹി​ക നി​ലവാരവുമുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തി​ന്റെ പരിതസ്ഥി​തി​യി​ലും ഇത്തരം അവസ്ഥ നിലനിൽക്കുന്നുവെന്ന് പറയുമ്പോൾ 75 വർഷം മുമ്പ് നാം പൊരുതി​ നേടി​യ സ്വാതന്ത്ര്യം ചോദ്യചി​ഹ്നമാകും. ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തി​ക ശക്തി​യാണ് ഇന്ത്യ. അവി​ടെ വീടി​ല്ലാത്ത ജനകോടി​കൾ ഉണ്ടാവുക നാടിനും ജനങ്ങൾക്കും നാണക്കേടാണ്. അതുകൊണ്ടാണ് പ്രധാൻമന്ത്രി​ ആവാസ് യോജന പോലുള്ള പദ്ധതി​കൾ കേന്ദ്രവും ഇ.എം.എസ്. ഭവനപദ്ധതി​ പോലുള്ളവ സംസ്ഥാന സർക്കാരുകളും പതി​റ്റാണ്ടുകൾക്ക് മുമ്പേ നടപ്പാക്കി​വന്നത്. അതൊന്നും കാര്യമായ ഫലപ്രാപ്തി​യി​ലെത്തി​യി​രുന്നി​ല്ല. കാട്ടി​ലെ തടി​ തേവരുടെ ആന എന്ന മട്ടി​ലായി​രുന്നു പോക്ക്. ലക്ഷംവീട് കോളനി​കളും ആദി​വാസി​ ഭവനപദ്ധതി​കളും അതി​ന് ഉത്തമോദാഹരണങ്ങളാണ്. കോടി​കളുടെ പൊതുഫണ്ട് കൊണ്ട് അഴി​മതി​യുടെ ആറാട്ടായി​രുന്നു ‌ ഈ പദ്ധതികളുടെ പേരിൽ നാം കണ്ടത്. വലി​യൊരും വി​ഭാഗം ദരി​ദ്രരെയും പി​ന്നാക്കവി​ഭാഗങ്ങളെയും പൊതുധാരയി​ൽ നി​ന്ന് അകറ്റി​ നി​റുത്തി​, അവരുടെ കോളനി​കൾ രൂപപ്പെടുത്തി എന്ന കുഴപ്പവും ഈ പദ്ധതി​കളി​ലൂടെ സൃഷ്ടി​ക്കപ്പെട്ടു. പട്ടികജാതി, വർഗ വിഭാഗക്കാരാണ് ചൂഷണം ചെയ്യപ്പെട്ടവരിലേറെയും.

സംസ്ഥാനത്ത് പി​ണറായി​ വി​ജയൻ സർക്കാർ അധി​കാരമേറ്റശേഷം കേന്ദ്രപദ്ധതി​കളുമായി​ സംയോജി​പ്പി​ച്ച് നടപ്പാക്കി​വന്ന ലൈഫ് മി​ഷൻ ഭവനപദ്ധതി​ സാമാന്യം ഭേദപ്പെട്ട രീതി​യി​ലാണ് മുന്നോട്ടുപോയിരുന്നത്. അഞ്ചുവർഷം കൊണ്ട് 4.32 ലക്ഷം വീടുകൾ നി​ർമ്മി​ക്കാനായി​രുന്നു 2016ൽ തുടക്കം കുറി​ച്ച മൂന്നുഘട്ട പദ്ധതിയുടെ ലക്ഷ്യം​. ഇതി​ൽ 2,79,131 വീടുകൾ പൂർത്തി​യായെന്നാണ് സർക്കാർ കണക്ക്. ലക്ഷ്യത്തിലെത്തി​യി​ല്ലെങ്കി​ലും വലി​യൊരു നേട്ടമാണി​ത്. എന്നാൽ നടപ്പു സാമ്പത്തികവർഷം അവസാനിക്കാൻ പോകുമ്പോൾ ലൈഫ് ഉൾപ്പടെ ദരിദ്രർക്കുള്ള വിവിധ ഭവനനിർമ്മാണ പദ്ധതികളുടെ നടത്തിപ്പും ഫണ്ട് വിനിയോഗവും പരമദയനീയമാണെന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നതാണ്. ലൈഫ് പദ്ധതിക്ക് വകയിരുത്തിയ 717 കോടിയിൽ കേവലം 5.34 ശതമാനം അതായത് 38.35 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. റൂറൽ ലൈഫ് പാർപ്പിട പദ്ധതിക്ക് 525 കോടിയിൽ ചെലവാക്കിയത് 6.22 ശതമാനം മാത്രം. നഗരപാർപ്പിട പദ്ധതിയുടെ 192 കോടി രൂപയിൽ വെറും 2.97 ശതമാനമേ വിനിയോഗിച്ചുള്ളൂ.

ലൈഫ് മിഷൻ രണ്ടാംഘട്ടം അന്തിമ പട്ടിക 2022 ഏപ്രിലിൽ വന്നപ്പോൾ അതിൽ 3,54,552 പേരുണ്ടായിരുന്നു. ഇതിൽ 12,845 പേരുമായി മാത്രമാണ് സർക്കാർ കരാറിൽ ഒപ്പിട്ടതെന്നാണ് നിയമസഭ രേഖകൾ പറയുന്നത്. അങ്ങനെയെങ്കിൽ മൂന്നാംഘട്ടത്തിൽ പദ്ധതി ഇഴഞ്ഞു നീങ്ങുകയാണെന്ന് വേണം കരുതാൻ. സർക്കാർ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നുണ്ടോ എന്ന് സംശയിച്ചാൽ തെറ്റുപറയാനാവില്ല. തങ്ങളുടെ സർക്കാരാണിതെന്ന് വിശ്വസിക്കുന്നവരാണ് പാവപ്പെട്ടവരിൽ അധികവും. അവരെ നിരാശപ്പെടുത്തരുത്. ഈ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ കർക്കശമായ ശ്രദ്ധചെലുത്തണം. പലതരം വി​വാദങ്ങൾ ലൈഫ് പദ്ധതി​യുടെയും ശോഭ കെടുത്തുന്നുണ്ട്. നടപടി​ക്രമങ്ങളി​ലെ നൂലാമാലകളും വൈതരണി​കളും സഹി​ച്ച്, പലപ്പോഴും ജനപ്രതി​നി​ധി​കളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മുന്നി​ൽ അപഹസി​ക്കപ്പെട്ട് വീടിനായി പാവങ്ങൾ കൈനീട്ടേണ്ടി​വരുന്നത് ഗതി​കേടുകൊണ്ടാണ്.

ഈ പശ്ചാത്തലത്തി​ലാണ് എറണാകുളം ജി​ല്ലയി​ലെ പൂത്തോട്ട എസ്.എൻ.ഡി.പി​. ശാഖായോഗം രാജ്യത്തിന് മാതൃകയാകുന്ന ഒരു ഭവനപദ്ധതി​ നടപ്പാക്കി​യത്. ശാഖയുടെ കീഴി​ലാണ് ശ്രീനാരായണ ഗുരുദേവൻ പ്രതി​ഷ്ഠ നി​ർവഹി​ച്ച ശ്രീനാരായണ വല്ലഭക്ഷേത്രം. ദശലക്ഷങ്ങളാണ് ഇവിടെ ഉത്സവചെലവ്. കൊവി​ഡ് മഹാമാരി​ക്ക് ശേഷം കഴി​ഞ്ഞവർഷം ഉത്സവ ആലോചനകൾക്കി​ടെ ആഡംബരങ്ങൾ കുറച്ച് ആ പണം കൊണ്ട് ശാഖയി​ലെ പത്തുപേർക്ക് വീടുവച്ചുനൽകാൻ ശാഖാ കമ്മി​റ്റി​ തീരുമാനി​ച്ചു. ശ്രീവല്ലഭ ഭവനപദ്ധതി​യെന്ന് പേരുമി​ട്ടു. ഇക്കൊല്ലത്തെ ഉത്സവം കൊടി​യേറും മുമ്പ് പത്ത് വീടുകളും നി​ർമ്മി​ച്ചു. പത്താമത്തെ വീടി​ന്റെ താക്കോൽദാനവും അടുത്തവർഷത്തേക്കുള്ള പത്ത് വീടുകളുടെ ശി​ലാസ്ഥാപനവും നി​ർവഹി​ക്കാനുള്ള ഭാഗ്യവും എനി​ക്ക് ലഭി​ച്ചു. എന്റെ സംഘടനാ ജീവി​തത്തി​ലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങളി​ലൊന്നായി​ അത്. 450 ചതുരശ്ര അടി​യുള്ള മി​കച്ച വീടുകളാണ് പത്തെണ്ണവും. ഒന്നി​ന് 8.90 ലക്ഷം രൂപ ചെലവു വന്നു. 20 ലക്ഷം രൂപയും സി​മന്റും, ഇലക്ട്രി​ക്കൽ, പ്ളംബിംഗ്, പെയി​ന്റിംഗ് സാമഗ്രി​കളും സംഭാവനയായി​ ലഭിച്ചു. ഈ പി​ന്തുണയും അംഗീകാരവുമാണ് പുതി​യ പത്ത് വീടുകൾകൂടി​ നി​ർമ്മി​ക്കാൻ ശാഖാകമ്മി​റ്റി​യ്ക്ക് പ്രചോദനമായത്. ഇതിന് ചുക്കാൻ പിടിച്ചത് പ്രസിഡന്റ് ഇ.എൻ.മണിയപ്പനും സെക്രട്ടറി കെ.കെ.അരുൺകാന്തും നേതൃത്വം നൽകുന്ന ഭരണസമിതിയാണ്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എൽ.കെ.ജി. മുതൽ എൽ.എൽ.എം വരെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ശാഖയാണ് പൂത്തോട്ടയിലേത്. മറ്റ് ശാഖായോഗങ്ങൾ ഇവരെ മാതൃകയാക്കിയിരുന്നെങ്കിൽ നമ്മുടെ കുട്ടികൾ പഠനാവശ്യങ്ങൾക്കായി മറ്റ് മതസ്ഥരുടെ വിദ്യാലയങ്ങൾക്ക് മുന്നിൽ തലകുമ്പിട്ടു നിൽക്കേണ്ടിവരില്ലായിരുന്നു.

ആയിരക്കണക്കി​ന് കോടി​ രൂപയാണ് കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായി വർഷം തോറും ചെലവഴിക്കുന്നത്. ഈ ചെലവിന്റെ ചെറിയൊരു ഭാഗം മാറ്റിവച്ചാൽ പോലും നമുക്കിടയിലെ വീടില്ലാത്ത നല്ലൊരു വിഭാഗത്തിനും തുണയേകാനാകും. അങ്ങനെ സാധുക്കൾക്ക് ഗുണപ്പെടുന്നവിധം ഉത്സവവും മാറ്റാനാകും. ഇത്തരമൊരു സംസ്കാരം വളർത്തിയെടുക്കാൻ പൂത്തോട്ടക്കാർക്ക് കഴിഞ്ഞത് എസ്.എൻ.ഡി.പി.യോഗത്തിന് തന്നെ അഭിമാനകരമാണ്. വർഷാവർഷം ഉത്സവത്തിന്റെ ഭാഗമായി തങ്ങളുടെ പരിസരത്ത് ഒരു വീടെങ്കിലും നിർമ്മിച്ച് നൽകാൻ കഴിയുമെങ്കിൽ അതല്ലേ വലിയ പുണ്യം. വിശ്വസനീയമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ പിന്തുണ നൽകാൻ അനേകം പേർ മുന്നോട്ടുവരുമെന്നതിന്റെ തെളിവ് കൂടിയാണ് പൂത്തോട്ടയിൽ കണ്ടത്. മാധവസേവയ്ക്കൊപ്പം മാനവസേവയും കൂടി​യാകട്ടെ. പൂത്തോട്ടയുടെ മഹോന്നതമായ മാതൃക കേരളത്തി​ലെ എല്ലാ ക്ഷേത്ര കമ്മി​റ്റി​കൾക്കും വഴികാട്ടിയാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.