Kerala Kaumudi Online
Friday, 24 May 2019 12.05 AM IST

നീലക്കുറിഞ്ഞി നീ എത്ര ധന്യ

-neelakkurinji

പന്ത്രണ്ടുവർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി മൂന്നാർ മലനിരകളിൽ പൂത്തുലഞ്ഞു നിൽക്കുന്നു. വനവും വന്യജീവികളും പുഴകളും അതിലേറെ നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയുമാണ് കേരളത്തിന്റെ വരദാനം. തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ ഇന്ന് ഏറെ സഞ്ചാരികളെ ആകർഷിക്കുന്നത് നീലക്കുറിഞ്ഞിയുടെ വശ്യസൗന്ദര്യം കൊണ്ടുകൂടിയാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ആനമുടിയുടെ ഗാംഭീര്യം. അത്യപൂർവജനുസായ വരയാടുകൾ (രാജമല), പുൽമേടുകളും ചോലവനങ്ങളും നിറഞ്ഞ മലമടക്കുകൾ, പച്ചപ്പട്ടു വിരിച്ച തേയിലത്തോട്ടങ്ങൾ, വൻമരങ്ങൾ തണലൊരുക്കുന്ന ഏലത്തോട്ടങ്ങൾ, കൊടൈക്കനാൽ, പഴനി മലനിരകളോട് ചേർന്നുകിടക്കുന്ന മൂന്നാറിലെ മലഞ്ചരിവുകളിൽ പ്രകൃതി ഒരുക്കുന്ന നീലവസന്തം മലയാളത്തിന്റെ സൗഭാഗ്യമാണ്.


സമുദ്രനിരപ്പിൽ നിന്ന് 6000 മുതൽ 8000 അടിവരെ ഉയരത്തിൽ ഉള്ള മലനിരകളിൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞിപ്പൂവുകൾക്ക് മൂന്ന് മാസത്തിന്റെ ആയുസേ ഉള്ളൂ. ഇത്തവണത്തെ പൂക്കാലം ഏതാണ്ട് കഴിയാറായി. ചെങ്കുത്തായ മലഞ്ചരിവുകളിൽ നോക്കെത്താദൂരം നീലപ്പട്ടു വിരിച്ചു നിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ കണ്ണിനും കരളിനും കുളിരുപകരുന്നു. പന്ത്രണ്ടുവർഷത്തെ കഠിന തപസ്. മഞ്ഞും മഴയും വെയിലും കാറ്റും എല്ലാം ഒരു നിയോഗംപോലെ സ്വയം ഏറ്റുവാങ്ങിക്കൊണ്ട്, ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കാതെ, 'നിജ്ജന്മകൃത്യം' പൂർത്തിയാക്കുന്ന നീലക്കുറിഞ്ഞികൾ. ഓരോ ചെടിയിലും നൂറുകണക്കിന് പൂവുകൾ ഒന്നിച്ച് വിരിയുന്നു. ഏത് പൂവിൽനിന്ന് തേൻകുടിക്കണമെന്നറിയാതെ, കുടിച്ച തേനിന്റെ ഉന്മാദത്തിൽ പാറിനടക്കുന്ന തേനീച്ചക്കൂട്ടങ്ങൾ.


പശ്ചിമഘട്ടത്തിൽ മാത്രം 64 ഇനം കുറിഞ്ഞികൾ ഉണ്ടെന്നാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയ പ്രൊഫ. ജോമി അഗസ്റ്റിന്റെ അഭിപ്രായം. ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായുള്ള ആനമുടി മലനിരകളിൽ കാണുന്ന ഇനമാണ്. 'സ്‌ട്രൊബൈലാന്തസ് കുന്തിയാനസ്' എന്ന ശാസ്ത്രനാമമുള്ള നീലക്കുറിഞ്ഞി. പകരം വയ്ക്കുവാനില്ലാത്ത ഈ മനോഹാരിതയുടെ വശ്യസൗന്ദര്യം ജീവിതത്തിലൊരിക്കലെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ജന്മപുണ്യ നഷ്ടങ്ങളിലൊന്നായിരിക്കും അതെന്ന കാര്യത്തിൽ സംശയമില്ല. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ ചരിവിൽ ജൈവവൈവിധ്യത്തിന്റെ സമ്പന്നത ഒരുക്കുന്ന നിത്യഹരിതവനങ്ങളിൽ മലമുകളിലെ ചരിഞ്ഞ പുൽമേടുകളിൽ, പാറക്കൂട്ടങ്ങൾക്കിടയിൽ ആരുടെയും ശ്രദ്ധ ആകർഷിക്കാതെ, പാഴ്‌ച്ചെടിയെന്ന് തോന്നിക്കുന്ന നീലക്കുറിഞ്ഞി തന്റെ ആയുസിന്റെ അന്ത്യനാളുകളിൽ സടകുടഞ്ഞ് എഴുന്നേറ്റ് ദേഹമാസകലം പൂവിരിയിച്ച് മറ്റു ചെടികളെയെല്ലാം നിഷ്പ്രഭമാക്കുന്ന അത്യപൂർവമായ പ്രതിഭാസം തന്റെ ജന്മകൃത്യം പൂർത്തിയാക്കുന്നതോടെ വാടിക്കരിഞ്ഞ് നാമാവശേഷമാകുന്നു.


കാലംതെറ്റി പെയ്ത കഠിനമായ മഴയിൽ രാജമലയിലെ കുറിഞ്ഞിപ്പൂക്കൾക്ക് ഇക്കുറി അല്പം മങ്ങലേറ്റിരിക്കുന്നു. ഇതിൽനിന്ന് വ്യത്യസ്തമായി ആനമലയിൽ ആയിരം മേനി പൂത്തുനിൽക്കുന്ന നീലവസന്തത്തെക്കുറിച്ച് പറഞ്ഞത് കുറിഞ്ഞി ഉദ്യാനത്തിന്റെ ചുമതലക്കാരനായ റേഞ്ച് ഓഫീസർ സന്ദീപ് ആണ്. അങ്ങോട്ടുള്ള യാത്രയ്ക്കുവേണ്ട സൗകര്യങ്ങളും അദ്ദേഹം ഒരുക്കിതന്നു. മൂന്നാറിൽ നിന്ന് മറയൂരിലേക്കുള്ള വഴിയിൽ എട്ടാംമൈലിൽ നിന്ന് തിരിഞ്ഞ് തേയിലത്തോട്ടങ്ങൾ കഴിഞ്ഞ് ഉൾവനത്തിലൂടെയുള്ള ജീപ്പുയാത്ര. ജീപ്പിൽ നിന്നിറങ്ങി കാട്ടുപൊന്തകൾ വകഞ്ഞുമാറ്റിക്കൊണ്ട് മലമുകളിലേക്ക് നടത്തം. വൻമരങ്ങളില്ലാത്ത പുൽമേടുകൾ. ആനമുടിയുടെ നിറുകയിൽ വാഗുവരടോപ്പ്, ചെറിയ ആനമുടി, ഉമയമല, വേലവർമൊട്ട തുടങ്ങിയ ഭൂപ്രദേശങ്ങളിൽ നോക്കെത്താദൂരം നീലപ്പരവതാനി വിരിച്ചപോലെ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ കഴിഞ്ഞത് ജീവിതത്തിലെ അത്യപൂർവ സൗഭാഗ്യങ്ങളിലൊന്നായി കരുതുന്നു. മൂന്ന് കുറിഞ്ഞിപ്പൂക്കാലം കാണാൻ ഭാഗ്യമുണ്ടായ ഒരാളാണ് ഇതെഴുതുന്നത് (1994, 2006, 2018).


ആനമുടിയുടെ നെറുകയിൽ നീലാകാശം. ഇത്തരത്തിലൊരു വർണവിസ്മയം ജീവിതത്തിൽ ഇനി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. കൂറ്റൻ കരിമ്പാറക്കൂട്ടങ്ങൾക്കിടയിൽ പാറപ്പുറത്തെ മണ്ണിൽ, മറ്റു വൃക്ഷങ്ങളൊന്നുമില്ലാതെ നേരിയ പുൽപ്പരപ്പിന് മുകളിലായി നോക്കെത്താദൂരം നീലപ്പട്ട് വിരിച്ച് കുറിഞ്ഞിച്ചെടികൾ ഒരുക്കുന്ന കാഴ്ച വാക്കുകൾക്ക് വിവരിക്കാനാവാത്ത അത്ര മനോഹരമാണ്. ''നേരെ വിടർന്നു വിലസീടിന നിന്നെ നോക്കി, ആരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാം'' എന്ന കുമാരനാശാന്റെ പ്രയോഗത്തിന്റെ അർത്ഥതലങ്ങൾ അനുഭവവേദ്യമാക്കുന്നത് ഇവിടെയാണ്.


ആനമലയുടെ ചെരിവുകളിൽ അസ്തമയ സൂര്യന്റെ ചെങ്കതിരുകളുടെ തിളക്കത്തിൽ വീശിയടിക്കുന്ന കുളിർക്കാറ്റിന്റെ താളക്രമത്തിൽ നമ്മെ തലോടി കടന്നുപോകുന്ന വെള്ളിമേഘങ്ങളിലെ മഞ്ഞുകണങ്ങൾ, പൂക്കളിൽനിന്ന് തേൻ നുകരാൻ വെമ്പൽ കൊള്ളുന്ന തേനീച്ചക്കൂട്ടങ്ങൾ, ഫോറസ്റ്റ് ഉദ്യോഗസ്ഥരല്ലാതെ അധികമാരുടെയും പാദസ്പർശം ഏറ്റിട്ടില്ലാത്ത പവിത്രമായ കാനനഭൂമി. പാറക്കൂട്ടങ്ങൾക്കിടയിലൂടെ കളകളാരവം മുഴക്കി തുള്ളിച്ചാടി പോകുന്ന കാട്ടരുവി. കൈക്കുമ്പിളിൽ കോരിയെടുത്ത തണുത്തവെള്ളം ഞാനും ഇഷാനും (മകളുടെ മകൻ) കുടിക്കുകയും മുഖം കഴുകുകയും ചെയ്തപ്പോൾ മനസിനും ശരീരത്തിനും അനുഭവപ്പെട്ട സുഖം പറഞ്ഞറിയിക്കാനാവില്ല. ഈ വശ്യമനോഹാരിതയിൽ അമ്പരന്നു നിൽക്കുന്ന ഭാര്യ ഗീതയും മകൾ അമ്പിളിയും. അത്യപൂർവ്വമായ ദൃശ്യങ്ങൾ നിന്നും ഇരുന്നും ചരിഞ്ഞുകിടന്നും കാമറയിൽ പകർത്തുന്ന മരുമകൻ വിനീത്. ഞങ്ങൾക്കൊപ്പം തുണയും താങ്ങുമായി നിൽക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ. പാറക്കൂട്ടങ്ങൾക്ക് മുകളിലെ നേരിയ പുൽത്തകിടിയിൽ കുറിഞ്ഞിപ്പൂക്കൾക്ക് നടുവിൽ വെള്ളിമേഘങ്ങളെ നോക്കിയിരിക്കുമ്പോൾ, ചക്രവാളസീമയിലെ അസ്തമയ സൂര്യന്റെ ചെങ്കതിരുകൾ ഒരുക്കുന്ന സായാഹ്നസൗന്ദര്യം നുകരുമ്പോൾ, ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മംകൂടി എന്ന് ആയിരംതവണ ആശിച്ചുപോയി. കേരളത്തിലും ഇന്ത്യയിലുമുള്ള പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമായ മിക്ക പ്രദേശങ്ങളിലും പോകാൻ ഭാഗ്യമുണ്ടായിട്ടുള്ള ഒരാളാണ് ഞാൻ. പക്ഷേ ഇത്തരത്തിൽ മനോഹരമായ കാഴ്ച ജീവിതത്തിലാദ്യമായാണ്. സത്യവും സൗന്ദര്യവും സങ്കല്പവും എല്ലാം ഒന്നിച്ചുപോകുന്ന വിശ്വശില്പിയുടെ വിരൽത്തുമ്പിൽ തൊടുന്ന അനവദ്യസുന്ദരമായ അനുഭവം. മടക്കയാത്രയിൽ വനത്തിലുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ആനമുടി ക്യാമ്പ് ഷെഡിൽ അല്പം വിശ്രമം. അവരുണ്ടാക്കിത്തന്ന കട്ടൻചായ കുടിച്ചപ്പോൾ ദാഹവും ക്ഷീണവും എല്ലാം മാറി. വീണ്ടും ജീപ്പിനടുത്തേക്കുള്ള നടത്തം. അതിനിടയിലാണ് സഹായിയായി വന്ന സുരേഷിന്റെ കൈയിൽ രണ്ടടിയിലേറെ നീളമുള്ള വലിയ വെട്ടുകത്തി ശ്രദ്ധയിൽപ്പെട്ടത്. പുലി , കടുവ തുടങ്ങിയ വന്യമൃഗങ്ങൾ ചാടിവന്നാൽ അവയെ നേരിടാനുള്ള ആയുധമാണെന്ന് സുരേഷ് പറഞ്ഞപ്പോഴാണ് പുലിയും കടുവയും ആനയും ഒക്കെയുള്ള വനത്തിലാണ് ഞങ്ങൾ നിൽക്കുന്നതെന്ന് ഓർക്കുന്നത്. നീലവസന്തം കാണാനുള്ള ആവേശത്തിൽ മല കയറിയപ്പോൾ ഇതൊന്നും ഓർത്തതേയില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിച്ച പ്രിയപ്പെട്ട സന്ദീപിനോടും അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടുമുള്ള കടപ്പാട് വാക്കുകൾക്കതീതമാണ്. നീലക്കുറിഞ്ഞികൾ പൂക്കുന്ന കാലത്ത്, മലനിരകൾ ആകാശനീലിമ അണിയുന്നത് കൊണ്ടാണ് നീലഗിരി എന്ന് ആ മലകൾക്ക് പേരുണ്ടായത് പശ്ചിമഘട്ടത്തിലെ ഉയർന്ന പുൽമേടുകളിൽ, ചെങ്കുത്തായ പാറയ്ക്കുമുകളിലൂടെ അനായാസം നടന്നുനീങ്ങുന്ന വരയാടുകളെ ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിൽ കാണാം. വരയുള്ള ആടുകൾ ആണ് വരയാട് എന്ന് ചിലരെങ്കിലും ധരിക്കാനിടയുണ്ട്. അത് ശരിയല്ല, വര എന്ന വാക്കിന് മലയുടെ മുകൾഭാഗം എന്നും അർത്ഥമുണ്ട്.


മനുഷ്യമനസുകളിലെന്നപോലെ സാഹിത്യത്തിലും സംഗീതത്തിലും കുറഞ്ഞിപ്പൂക്കൾ ഇടം നേടിയിട്ടുണ്ട് തമിഴിലെ സംഘകാല സാഹിത്യകൃതികളിൽ പരാമർശിക്കപ്പെടുന്ന ഐന്തിണകളിൽ (കുറിഞ്ഞി, മുല്ലൈ, പാലൈ, മരുതം, നെയ്തൽ) മലയും മലയോടുചേർന്നുള്ള പ്രദേശങ്ങളുമാണ് കുറിഞ്ഞിനിലം. സംഘം കൃതികളിൽ പ്രസിദ്ധമായ'കുറുന്തൊകൈ'യിൽ 'കുറിഞ്ചിപ്പൂകൊണ്ട് പെരുംതേൻ ഇളക്കും നാട്' എന്ന് പരാമർശമുണ്ട്. 'പുറനാനൂറി'ലും 'മധുരൈകാഞ്ചി' യിലും ഒക്കെ കുറിഞ്ഞിപൂക്കുന്ന കാലത്തെക്കുറിച്ചും അതുമായി ബന്ധപ്പെടുത്തി കാമുകി കാമുകന്മാരുടെ പ്രണയത്തെക്കുറിച്ചും കുറിഞ്ഞി തേനിന്റെ പ്രത്യേകതകളെക്കുറിച്ചും ഒക്കെ നിരവധി പരാമർശങ്ങളുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ സമ്പന്നമായ തമിഴ് സാഹിത്യത്തിലെ കവികൾ മാത്രമല്ല ആ ജനസമൂഹവും കുറിഞ്ഞി ആരാധകരായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പരാമർശങ്ങൾ. കുറിഞ്ഞി പൂക്കുന്ന കാലവുമായി ബന്ധപ്പെടുത്തി ആളുകളുടെ ആയുസ് (പ്രായം) കണക്കാക്കിയിരുന്നതായും സൂചനകളുണ്ട്. നേര്യമംഗലത്തിനും അടിമാലിക്കുമിടയിലുള്ള ചീയപ്പാറ വെള്ളച്ചാട്ടവും രാജമലയിലെ കൂറ്റൻ പാറയ്ക്കുമുകളിൽ നിന്നുള്ള നീരൊഴുക്കും ആരെയും ഹഠാദാകർഷിക്കുന്നതാണ്.


പഴനി മലനിരകളിൽ നിന്നുതുടങ്ങി ഇരവികുളംവരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടനിരകളിൽ ഒരുകാലത്ത് കുറിഞ്ഞി വസന്തമുണ്ടായിരുന്നു. പണത്തോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തിയുടെ ഫലമായി തേയില, യൂക്കാലി, ഗ്രാന്റിസ് തുടങ്ങിയ തോട്ടങ്ങൾക്കായി കുറിഞ്ഞിമലകൾ തീയിട്ടും വെട്ടിയും നശിപ്പിച്ചപ്പോൾ ഒരിക്കലും വിലകൊടുത്തു വാങ്ങാനാവാത്ത മഹത്തായ ഒരു പൈതൃകത്തിന്റെ തായ്വേരുകളാണ് നാം അറുത്തുമാറ്റുന്നതെന്ന് ആരും അറിഞ്ഞില്ല. ഓരോ കുറിഞ്ഞിക്കാലം കഴിയുന്തോറും കുറിഞ്ഞി നിലങ്ങളുടെ വിസ്തൃതി കുറഞ്ഞുകുറഞ്ഞുവരുന്നു.


വയലറ്റ് കലർന്ന നീലനിറമുള്ള പൂക്കൾ കൊഴിഞ്ഞ് അധികം താമസിയാതെ കുറിഞ്ഞിച്ചെടികൾ ഉണങ്ങുകയും മാസങ്ങൾ കഴിയുമ്പോൾ വിത്തുകൾ അതിൽനിന്ന് പൊട്ടിച്ചിതറുകയും ചെയ്യുന്നു. പുനർജനിക്കുന്ന കുറിഞ്ഞി തൈകൾ വീണ്ടും അടുത്ത പൂക്കാലത്തിനായി കഠിനവും ഘോരവുമായ വ്യാഴവട്ടചക്രം പൂർത്തീകരിക്കുന്നു. ജനിമൃതികൾക്കപ്പുറമുള്ള ജന്മാന്തരസുകൃതമൊരുക്കുന്ന നീലക്കുറിഞ്ഞീ, നീ എത്ര ധന്യ.


(കേരള സംസ്ഥാന ഹോർട്ടികൾച്ചർ
ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ
മാനേജിംഗ് ഡയറക്ടറായിരുന്നു ലേഖകൻ. ഫോൺ: 9447037877)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEELAKKURINJI, MUNNAR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY