'ന്നാ താൻ കേസ് കൊട്' സിനിമയിലൂടെ ശ്രദ്ധ നേടിയ അഡ്വ.സി.ഷുക്കൂറും ഭാര്യയും മഞ്ചേശ്വരം ലോ കാമ്പസ് ഡയറക്ടറുമായ ഷീന ഷുക്കൂറും സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം അടുത്തിടെ വീണ്ടും വിവാഹിതരായിരുന്നു. ഇസ്ലാമിക നിയമപ്രകാരം പിതാവിന്റെ മരണാനന്തരം സ്വത്ത് മുഴുവനായും പെൺമക്കൾക്ക് കിട്ടാത്ത സാഹചര്യം മറികടക്കാനാണ് വിവാഹം വീണ്ടും രജിസ്റ്റർ ചെയ്തതെന്ന് സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനം ഉയർന്നിരുന്നു. എന്നാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായാലുള്ള ഗുണങ്ങളെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ വിശദീകരണം നൽകുകയാണ് ഷുക്കൂർ ഇപ്പോൾ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇസ്ലാം മതാചാര പ്രകാരം നിക്കാഹ് കഴിഞ്ഞവർ വീണ്ടും SMA വകുപ്പ് 15 പ്രകാരം രജിസ്റ്റർ ചെയ്താൽ ..
1. ഭർത്താവിന്റെ തലാഖ് അവകാശം നഷ്ടപ്പെടും.
2. ഭാര്യയുടെ ഖുല/ ഫസ്ഖ് അവകാശങ്ങൾ നഷ്ടപ്പെടും.
3 ഭർത്താവിന്റെ ബഹുഭാര്യത്വത്തിനുള്ള അവകാശം നഷ്ടപ്പെടും.
4 ഭാര്യയ്ക്ക് 1986 ലെ മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമം വകുപ്പ് 3 പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല , എന്നാൽ Cr PC 125 ബാധകമാകും . സഹോദരിമാരെ ആലോചിച്ച് തീരുമാനിക്കുക.
വീടിന് പൊലീസ് കാവൽ
അതേസമയം ഷൂക്കൂറിന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഭീഷണി വന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ലക്ഷ്മി നഗർ ഹാജി റോഡിലുള്ള വീടിന് മുന്നിൽ രണ്ട് പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. വനിതാ ദിനത്തിലാണ് അഡ്വ സി.ഷുക്കൂറും ഷീന ഷുക്കൂറും ഹോസ്ദുർഗ് സബ് രജിസ്ട്രാർ മുമ്പാകെ വിവാഹം രജിസ്റ്റർ ചെയ്തത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ബുധനാഴ്ച മുതൽ തന്നെ അദ്ദേഹത്തെ നിശിതമായി വിമർശിച്ച് പോസ്റ്റുകൾ വന്നിരുന്നു. തലയെടുക്കുമെന്നും വീട് തകർക്കുമെന്നുമടമക്കമാണ് ഭീഷണി. ഷുക്കൂർ രണ്ടുതവണ യാദൃച്ഛികമാണെങ്കിലും റോഡപകടത്തിൽപ്പെട്ടിട്ടുണ്ട് . ഒരപകടം ഇനി ഉണ്ടായാലും അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പറയുന്നു.
അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടില്ലെന്നും രണ്ടു പൊലീസുകാർ രാപ്പകൽ തന്റെ വീടിന് കാവൽ നിൽക്കുന്നതിൽ മാനസിക പ്രയാസമുണ്ടെന്നും ഷുക്കൂർ പറയുന്നു. ഷുക്കൂർ വക്കീലിനെതിരെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച് അടക്കമുള്ള സംഘടനകൾ പ്രതിഷേധിച്ചിട്ടുണ്ട്. ഇസ്ലാമിലെ അനന്തരാവകാശ നിയമം പിതാവിന്റെ മരണശേഷം മാത്രമാണ് ബാധകമെന്നും ജീവിത കാലത്ത് സമ്പാദ്യം മുഴുവൻ പെൺമക്കൾക്ക് വീതിച്ചു നൽകാൻ മതം തടസമല്ലെന്നിരിക്കേ, ഇസ്ലാമിക നിയമം മറികടക്കാൻ രജിസ്റ്റർ വിവാഹം എന്ന സാഹസത്തിന്റെ ആവശ്യമില്ലെന്നും കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച് കഴിഞ്ഞ ദിവസം ഇറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |