SignIn
Kerala Kaumudi Online
Saturday, 20 April 2024 7.32 AM IST

ലക്ഷ്‌മണൻ സീതാരാമന്മാരെ സ്നേഹിച്ചതിനുമപ്പുറം, ഏട്ടത്തിയെ സംരക്ഷിക്കാൻ രമണാകരൻ ത്യജിച്ചത് സ്വന്തം സുഖങ്ങൾ: രാമായണത്തെ വെല്ലുന്ന ജീവിതം

leela-ramanakaran

തിരുവനന്തപുരം: പാട്ടും മേളവും നിറഞ്ഞ ഉത്സപ്പറമ്പുകളിൽ നിറക്കാഴ്‌ചകളില്ലാത്ത ജീവിതവുമായി കഴിഞ്ഞ അമ്പത്തിയഞ്ച് വർഷമായി കപ്പലണ്ടി വിറ്റ് ജീവിക്കുകയാണ് തിരുവനന്തപുരം ചെട്ടിവിളാകം യമുനാനഗറിൽ റോഡരികത്ത് കടയിൽ വീട്ടിൽ 81കാരിയായ ലീലയും 67കാരനായ രമണാകരനും. ദാരിദ്ര്യവും രോഗവും പിടിമുറുക്കിയ ജീവിതത്തിൽ ഈ ചേട്ടത്തിയമ്മയ്‌ക്കും സഹോദരനും ഉപജീവനമാർഗത്തിന് കപ്പലണ്ടി കച്ചവടമല്ലാതെ മറ്റ് മാർഗങ്ങളില്ല. ആറ്റുകാൽ, വെളളായണി ദേവീക്ഷേത്രങ്ങൾ മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, കഴക്കൂട്ടം മഹാദേവ ക്ഷേത്രം എന്നിങ്ങനെ ഇരുവരും കപ്പലണ്ടി കച്ചവടം നടത്തിയ ക്ഷേത്രങ്ങളുടെ പട്ടിക ഒരുദിവസം കൊണ്ട് പറഞ്ഞ് തീരില്ല. ഇപ്പോൾ കുടപ്പനക്കുന്ന് പേരാപ്പൂര് ദേവീക്ഷേത്രത്തിലെ മകം മഹോത്സവത്തിന്റെ കച്ചവടത്തിരക്കിലാണ് രമണാകരനും ലീലയും.

63 വർഷം മുമ്പായിരുന്നു രമണാകരന്റെ ചേട്ടൻ ശിവാനന്ദനെ ലീല വിവാഹം കഴിക്കുന്നത്. ഇരുവർക്കും മൂന്ന് മക്കളുണ്ട്. മൂന്നാമത്തെ മകളെ പ്രസവിച്ച സമയത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ കടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയായിരുന്ന ശിവാനന്ദന് കണ്ണിലെ കാഴ്‌ച നഷ്‌ടമായി കിടപ്പിലായി. അന്ന് മുതൽ കുടുംബം പുലർ‌ത്താൻ ചേട്ടത്തിയമ്മയോടൊപ്പം 12 വയസുകാരനായ രമണാകരൻ ഇറങ്ങിത്തിരിച്ചു. ചല്ലിയടിയും വാർക്കപ്പണിയുമൊക്കെയാണ് ആദ്യം ചെയ്‌തത്. ഒടുവിൽ ഉത്സപ്പറമ്പുകളിൽ കപ്പലണ്ടി കച്ചവടം ആരംഭിച്ചു. കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിലായിരുന്നു ആദ്യത്തെ കച്ചവടം. ചെറിയലാഭം കിട്ടിയതോടെ ഉത്സവപ്പറമ്പുകളിലായി ജീവിതം. ഇതിനിടെ ഉത്സവപ്പറമ്പുകളിൽ ചായക്കടയും നടത്തി. പന്ത്രണ്ട് വർഷം മുമ്പ് ശിവാനന്ദൻ മരിച്ചു. രമണാകരൻ ഹൃദ്രോഗ ബാധിതാനാണ്. ചേട്ടന്റെ കുടുംബം പോറ്റാനുളള ഓട്ടത്തിനിടെ വിവാഹം കഴിക്കാൻ മറന്നു. ലീലയ്‌ക്കും ശാരീരിക അവശതകളുണ്ട്. നടക്കാൻ ഇരുവർക്കും ബുദ്ധിമുട്ടാണ്. കിട്ടുന്ന ലാഭം കൊണ്ട് ജീവിക്കാൻ കഴിയാത്തസ്ഥിതി വരുമ്പോൾ മരുന്ന് കഴിക്കുന്നത് മറക്കും.

ഉത്സവസീസൺ അല്ലാത്ത സമയത്ത് വീട്ടിലുളള പശുവാണ് വരുമാന മാർഗം. പുറമ്പോക്ക് ഭൂമിയിലാണ് താമസം. ഗൂഗിൾ പേ കാലത്ത് കുലുക്കി സർബത്തും ഐസ്‌ക്രീമും കോളിഫ്ലവർ പക്കോടയുമൊക്കെ ഉത്സവപ്പറമ്പുകളിൽ വലിയതോതിൽ വിറ്റഴിയുമ്പോൾ കപ്പലണ്ടി വാങ്ങാൻ ആരെങ്കിലുമൊക്കെ വന്നാലായെന്ന് ലീല പറയുന്നു. കച്ചവടം ആരംഭിച്ചപ്പോൾ ഒരു കിലോ കപ്പലണ്ടിയ‌്‌ക്ക് ഏഴ് രൂപയായിരുന്നു. ഇന്നത് 150 രൂപയായി. സ്വന്തമായൊരു വീട് വേണമെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമെന്നും നിറകണ്ണുകളോടെ ലീല പറഞ്ഞുനിറുത്തി.

ലീലയുടെ മൂത്തമകൾ സുഭജല ക്യാൻസർ ബാധിതയാണ്. തയ്യൽക്കാരനായിരുന്ന രണ്ടാമത്തെ മകൻ സുദർശൻ കാലിൽ വെരിക്കോസ് പിടിപ്പെട്ട് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി. മൂന്നാമത്തെ മകൾ സുധർമ്മ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMANAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.