SignIn
Kerala Kaumudi Online
Friday, 29 March 2024 2.02 PM IST

ഡോക്ടർക്ക് മാത്രമല്ല, ഇരയ്ക്കും നീതി വേണ്ടേ...?​

opinion

അനിഷ്ടസംഭവങ്ങളാണ് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. രോഗിയുടെ ബന്ധുക്കൾ ആശുപത്രി അടിച്ചുതകർക്കുകയും ഡോക്ടറെ മർദ്ദിക്കുകയും ചെയ്തു. ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റായ ഡോ. പി.കെ അശോകനാണ് മർദ്ദനമേറ്റത്. അദ്ദേഹം അതിന്റെ ആഘാതത്തിൽ നിന്നും വേദനയിൽ നിന്നും ഇപ്പോഴും പുറത്തുകടന്നിട്ടില്ല. അതിന്റെ അലയൊലികൾ കേരളം മുഴുവൻ വലിയ പ്രതിഷേധമായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ഒ.പി.ബഹിഷ്‌കരണവും റോഡ് തടയലുംവരെ ഡോക്ടർമാരുടെ സംഘടന നടത്തി. സർക്കാർ ഡോക്ടർമാർ കോഴിക്കോട് മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രികളിലും പ്രതിഷേധിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും സമാനമായ സമരങ്ങൾ അരങ്ങേറി. കൂടുതൽ കടുത്ത സമരങ്ങളിലേക്ക് പോകുമെന്ന് ഡോക്‌ടർമാരുടെ സംഘടനകൾ പറയുന്നു.

ആരോഗ്യമന്ത്രി വീണ ജോർജ് മിനിട്ടുകൾക്കകം പ്രശ്‌നത്തിൽ ഇടപെട്ടു. അനുവദിച്ചുകൂടാത്ത അക്രമം, കുറ്റക്കാർക്കെതിരെ കർശന നടപടികളുണ്ടാവും. ഡോക്ടർമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാവാത്ത സാഹചര്യം സംസ്ഥാനത്ത് അനുവദിക്കാനാവില്ലെന്നും അവർ പറഞ്ഞു. ഉടനെ പൊലീസും അധികാരികളും സടകുടഞ്ഞെഴുന്നേറ്റു. പ്രതികളെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തു. തീർച്ചയായും പ്രതിഷേധാർഹമാണ് ഡോക്‌ടർക്ക് നേരെ നടന്ന അതിക്രമം. ആശുപത്രികളിൽ ചികിത്സാപിഴവിന്റെ പേരിൽ ഡോക്ടർമാരും ആശുപത്രികളും നഴ്‌സുമാരുമൊക്കെ ആക്രമിക്കപ്പെടാൻ തുടങ്ങിയാൽ കേരളത്തിൽ എങ്ങനെ ആതുരാലയങ്ങൾ പ്രവർത്തിക്കും. എല്ലാവരും ഡോക്ടർമാരേയും ജീവനക്കാരേയും ആക്രമിക്കാനൊരുങ്ങിയാൽ തൊഴിൽമേഖലയ്ക്കപ്പുറത്തെ സേവനമേഖല എങ്ങനെ തടസം കൂടാതെ മുന്നോട്ട് പോകും. ഐ.എം.എ അടക്കം സംഘടനകളും പൊതുസമൂഹവും ഉയർത്തുന്ന ആശങ്ക വളരെ വലുതാണ്. പ്രതിഷേധിക്കുകതന്നെ വേണം.

പക്ഷേ അതിനിടെ മറന്നുപോകുന്നൊരു ചോദ്യമുണ്ട്. പ്രസവ ചികിത്സയ്‌ക്കെത്തിയ ഒരു പാവം പെൺകുട്ടിയുടെ കുഞ്ഞ് എങ്ങനെയാണ് മരിച്ചത്. മരണത്തിൽ വല്ല അസ്വാഭാവികതയുമുണ്ടോ..? ശരിയായ രീതിയിലുള്ള പരിചരണം ലഭിച്ചിട്ടുണ്ടോ..? അതുസംബന്ധിച്ച് എന്തന്വേഷണമാണ് നടന്നത്..? ഒമ്പതുമാസം ചുമന്ന് ആറ്റുനോറ്റ് പ്രസവിച്ച കുഞ്ഞ് ,​ അത്യാധുനിക ചികിത്സ ലഭ്യമാകുന്ന ഈ കാലത്ത് പെട്ടന്നങ്ങനെ ഇല്ലാതായി .? എന്തായിരുന്നു കുഞ്ഞിനും അമ്മയ്ക്കുമുള്ള പ്രശ്‌നം...? കുഞ്ഞ് മരിച്ചിട്ടും അമ്മയെ ഡിസ്ചാർജ് ചെയ്യാതെ നീട്ടികൊണ്ടുപോയത് എന്തിനാണ്..? ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും മറ്റൊരാശുപത്രിയിലേക്ക് മാറ്റാതിരുന്നത് എന്തുകൊണ്ടാണ്..? അത് വിശദീകരിക്കാൻ ആശുപത്രി അധികൃതരും ഡോക്ടർമാരും അന്വേഷണ സംഘങ്ങളും ബാദ്ധ്യസ്ഥരല്ലേ..? അതുമാത്രമാണ് എളിയ ചോദ്യം.

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ കോലാഹലങ്ങളുണ്ടാക്കിയ വാർത്തയിലെ ഇരയാണ് കോഴിക്കോട് കുന്ദമംഗലത്തെ വരട്ടിയാക്കൽ ഹാജറ നജ. ഫെബ്രുവരി 25നാണ് പ്രസവവേദനയെത്തുടർന്ന് ഹാജറ നജ ഫാത്തിമ ആശുപത്രിയിൽ എത്തുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാർത്ഥനാ സമയമായതിനാൽ വീട്ടിൽ പുരുഷൻമാരാരും ഇല്ലായിരുന്നു. പ്രസവത്തിന് അനുവദിച്ച ഡേറ്റിന് മുമ്പേ ആരോഗ്യ പ്രശ്‌നമുണ്ടായപ്പോൾ പെട്ടന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷേ നിസംഗമായ സമീപനമായിരുന്നു ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. കാഷ്വാലിറ്റിയിൽ മൂന്നുമണിക്കൂറോളം കിടത്തിയ യുവതിക്ക് മതിയായ പരിചരണങ്ങളൊന്നും കിട്ടിയില്ല. തുടർന്ന് ബന്ധുക്കൾ മുറവിളി കൂട്ടിയപ്പോഴാണ് സിസേറിയന് വിധേയമാക്കിയത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഭർത്താവും മറ്റ് ബന്ധുക്കളും ആശുപത്രിയിലേക്കെത്തിയപ്പോൾ കുഞ്ഞു മരിച്ചെന്ന വാർത്ത വലിയ ആഘാതമായി. അതുവരെ നടത്തിയ സ്‌കാനിംഗിലോ പരിശോധനകളിലോ കുഞ്ഞിന് ഒരു കുഴപ്പുവുമുണ്ടായിരുന്നതായി ചികിത്സിച്ച ഡോക്ടർ പറഞ്ഞിരുന്നില്ല. എന്നിട്ടും മിനിട്ടുകൾക്കുള്ളിൽ കുഞ്ഞ് നഷ്ടമായെന്ന വാർത്ത അവരെ സ്വാഭാവികമായും പ്രകോപിപ്പിച്ചു. ചോദിക്കുന്ന ഡോക്ടർമാരോ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളോ വ്യക്തമായ ഒരു മറുപടിയും നൽകിയില്ല. എന്നിട്ടും അവർ ക്ഷമിച്ചു. കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങി മതാചാരപ്രകാരം സംസ്‌കരിച്ചു. പക്ഷേ ഒരാഴ്ചയായിട്ടും നജയെ ഡിസ്ചാർജ് ചെയ്യുന്നില്ല. പലപല കാരണങ്ങൾ, അസുഖങ്ങൾ, മറ്റൊരാശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടുപോലും തയ്യാറായില്ല. നജയുടെ ആരോഗ്യാവസ്ഥ വളരെ മോശമായി. അതുവരെ അടക്കിനിറുത്തിയ പ്രതിഷേധങ്ങളാണ് അപ്പോൾ പുറത്ത് ചാടിയതെന്ന് ബന്ധുക്കൾ. കുഞ്ഞും നഷ്ടപ്പെട്ടു,​ പിന്നാലെ അമ്മയും പോകുമെന്ന അവസ്ഥ. ഒരു സാധാരണ കുടുംബം,​ പ്രത്യേകിച്ച് സ്വാധീനങ്ങളൊന്നുമില്ലാത്തവർ. തുടർന്നാണ് അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറിയത്.

മർദ്ദനത്തിൽ പരിക്കേറ്റ ഡോക്ടർക്ക് അവകാശപ്പെട്ട സ്വാഭാവികനീതി തങ്ങൾക്കും അവകാശപ്പെട്ടതല്ലേ. ഡോക്ടർക്കും ആശുപത്രിക്കും നേരേയുണ്ടായ അക്രമങ്ങൾ ന്യായീകരിക്കപ്പെടാനാവാത്തതാണ്. ഉണ്ടാവാൻ പാടില്ലാത്തത്. അതിന് ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ ഒരുക്കമാണ്. പക്ഷേ ആറ്റുനോറ്റുണ്ടായ കൺമണിയെ നഷ്ടപ്പെട്ട സംഭവത്തിൽ സ്വാഭാവികനീതി തങ്ങൾക്കും അവകാശപ്പെട്ടതല്ലേ?. ഇരകളുടെ ചോദ്യങ്ങൾക്കൊന്നും ആർക്കും മറുപടിയില്ല. അക്കാര്യത്തിലും അന്വേഷണങ്ങളുണ്ടാവണം. വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആശുപത്രിക്കെതിരെയും ഡോക്ടർമാർക്കെതിരെയും നടപടികളുണ്ടാവണം. അവിടെയാണ് ശരിയായ നീതി.

സമരത്തിനൊരുങ്ങി

നജയുടെ ബന്ധുക്കൾ

ആശുപത്രി അക്രമത്തിൽ നജയുടെ ഭർത്താവിന്റെ സഹോദരനേയും അമ്മാവനേയും പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യം പോലും കിട്ടിയിട്ടില്ല. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതിനെ തുടർന്ന് ആശുപത്രിക്കും ഡോക്ടർക്കുമെതിരെയുണ്ടായ അക്രമങ്ങൾ വലിയ കോലാഹലങ്ങളാവുമ്പോൾ നീതിക്കായി യുവതിയുടെ കുടുംബം സിറ്റിപൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുകയാണ്. കുഞ്ഞ് മരിച്ചതിന്റെ ആഘാതത്തിൽ നടന്ന അനിഷ്ടസംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടും യുവതിയുടെ ഭർത്താവ് സൽമാനെക്കൂടി അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. കുഞ്ഞുമരിച്ച യുവതിയുടേയും കുടുംബത്തിന്റേയും സങ്കടങ്ങൾ കേൾക്കാൻ ആരുമില്ല. ഡോക്ടർമാരും അവരുടെ സംഘടനകളും വലിയ പിടിപാടുള്ളവരായതിനാൽ യഥാർത്ഥത്തിൽ നീതി കിട്ടേണ്ട കുടുംബത്തെ സർക്കാരും ആരോഗ്യവകുപ്പും പൊലീസുമെല്ലാം മറക്കുകയാണെന്നും സംഭവത്തിലെ വസ്തുത പുറത്തുകൊണ്ടുവരാൻ അന്വേഷണം നടക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ രാജ് പാൽമീണക്ക് നൽകിയ പരാതിയിൽ ബന്ധുക്കൾ. ഇപ്പോൾ നടക്കുന്ന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും, ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണസംഘം സ്വീകരിക്കുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ പരാതി കൊടുത്തിട്ട് രണ്ടുദിവസമാകുന്നു. നടക്കാവ് പൊലീസിൽ ആദ്യം കൊടുത്ത പരാതിയും അതുപോലെ കിടക്കുന്നു. ഒരടിപോലും മുന്നോട്ട് പോയിട്ടില്ല. അതോടെ ആശുപത്രിക്ക് മിമ്പിലും സിറ്റിപൊലീസ് കമ്മിഷണർ ഓഫീസിനുമുമ്പിലും സത്യാഗ്രഹത്തിനൊരുങ്ങുകയാണ് ബന്ധുക്കൾ.

വാൽക്കഷണം

കാലുമാറി ശസ്ത്രക്രിയ ചെയ്യുന്നു, ഭാര്യയെ പ്രസവത്തിന് കൊണ്ടുവന്ന ആദിവാസി യുവാവ് ആശുപത്രി വളപ്പിൽ ആത്മഹത്യ ചെയ്യുന്നു , ഓപ്പറേഷനിടെ വയറിൽ കുടുങ്ങിയ കത്രികയുമായി ഹർഷീന എന്ന യുവതി അഞ്ചുവർഷം നരക ജീവിതം നയിക്കുന്നു... വളരെ ഒറ്റപ്പെട്ട സംഭവങ്ങളാണിതെല്ലാം അല്ലേ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VICTIMS OF MEDICAL NEGLIGENCE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.