SignIn
Kerala Kaumudi Online
Friday, 19 April 2024 6.28 PM IST

കെ - മാഷും അപ്പമൂല്യ സിദ്ധാന്തവും

varavisesham

കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യാ മാർക്സിസ്റ്റ് എന്ന് ഗോവിന്ദൻമാഷ് പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരുമാതിരിപ്പെട്ട ബൂർഷ്വാസികളെല്ലാം പേടിച്ചോടുന്നത് കണ്ടവരുണ്ട്. മാഷിൽനിന്ന് ആ പദം ബഹിർഗമിക്കുമ്പോൾ അവിടെയൊരു വാഴയില ഉണ്ടായിട്ടുണ്ടെങ്കിൽ അതിങ്ങനെ കിടന്ന് വിറയ്ക്കും. കരിയില ഇളകിയാടും.

വൈരുദ്ധ്യാത്മക ഭൗതികവാദം, ജനകീയ ജനാധിപത്യ വിപ്ലവം, ചരിത്രപരമായ ഭൗതികവാദം,​ തൊഴിലാളിവർഗ സർവാധിപത്യം,​ മിച്ചമൂല്യം,​ മൂലധനം എന്നുവേണ്ട ഗോവിന്ദൻമാഷുടെ നാക്കിൽ നിന്ന് പുറത്തേക്ക് തള്ളിത്തള്ളി വരുന്ന പദാവലികൾ കേൾക്കുന്ന മാത്രയിൽ പലരും മോഹാലസ്യപ്പെട്ട് വീഴുകയോ ഒരിറ്റ് വെള്ളമൊന്ന് തൊണ്ട നനയ്ക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോവുകയോ ചെയ്യുമായിരുന്നു. പക്ഷേ മാഷ് അതൊന്നും കണ്ടിട്ട് പറയുന്നത് നിറുത്തുന്ന ഏർപ്പാട് സ്വീകരിച്ചിട്ടില്ല.

പീച്ഛേ മൂഡ്, ബായേ മൂഡ് എന്ന് പറഞ്ഞ് സ്കൂളിൽ കുട്ടികളെ വിറപ്പിച്ച മാഷ് തന്നെയാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തെപ്പറ്റി പറഞ്ഞും ആളുകളെ വിറപ്പിക്കുന്നത്. ഡ്രിൽ മാഷന്മാരുടെ കൊമ്പൻമീശ തന്നെയായിരുന്നു മാഷിനും. ഡ്രിൽമാഷിന്റെ പണി ഉപേക്ഷിച്ചതിൽപ്പിന്നെയും മീശ അതേനിലയിൽ തുടർന്നു. കൊമ്പൻമീശ അല്പമൊന്ന് മയപ്പെട്ടുവെന്ന് മാത്രം.

'കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യാ മാർക്സിസ്റ്റി'നെപ്പറ്റി ഏത് ഉറക്കപ്പായയിൽ നിന്ന് വിളിച്ചെണീപ്പിച്ചാലും മാഷ് ഒരൊന്നൊന്നര ക്ലാസ്സെടുക്കും. അത് മാഷിന്റെ ഒരു ശീലമാണ്.

ഏത് നേരവും വൈരുദ്ധ്യാത്മക ഭൗതികവാദത്തെപ്പറ്റി ചിന്തിച്ച് ചിന്തിച്ചാണ് മാഷ് അത് നമ്മുടെ ഇന്ത്യൻ പശ്ചാത്തലത്തിൽ പ്രായോഗികമല്ല എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. ബൂർഷ്വാസികൾ തക്കം പാർത്തിരിക്കുകയാണ് എന്നല്ല മാഷ് പറഞ്ഞത്. ബൂർഷ്വാസികളുടെ ജനാധിപത്യത്തെ പോലും ഉൾക്കൊള്ളാൻ പറ്റാത്തത്ര ജീർണമാണ് ഇന്ത്യൻ സമൂഹം എന്നാണ് പറഞ്ഞത്. അവിടെ ഭൗതികനിലപാട് പോലും സ്വീകരിക്കാനുള്ള പശ്ചാത്തലമില്ല. അപ്പോളെങ്ങനെ വൈരുദ്ധ്യാത്മക ഭൗതികവാദം കൊണ്ടുവരും. അതുകൊണ്ട് ഇന്ത്യൻ സമൂഹത്തിന് ദഹിക്കാൻ പറ്റുന്ന ആശയങ്ങളുമായിട്ടേ ഏത് പുരോഗമനപ്രസ്ഥാനത്തിനും പോകാൻ സാധിക്കൂ. ആ സത്യം മാഷങ്ങ് തുറന്ന് പറഞ്ഞു.

അതുകൊണ്ട് ബൂർഷ്വാസിയോടുള്ള ശത്രുത മാഷ് ഉപേക്ഷിച്ചു എന്നാരും ധരിക്കരുത്. തക്കം പാർത്തിരിക്കുന്ന ബൂർഷ്വാസികൾ തന്നെയാണ് മാഷിന്റെ എക്കാലത്തെയും ഒന്നാം നമ്പർ ശത്രു. ബൂർഷ്വാസികളെ ഒരു നിശ്ചിത അകലം പാലിച്ച് തന്നെ നിറുത്താൻ മാഷ് എപ്പോഴും ബദ്ധശ്രദ്ധനാണ്. ബൂർഷ്വാസികൾക്ക് മുന്നിൽ വേഷപ്രച്ഛന്നനായി നിൽക്കുന്നതും അവറ്റകളെ അകറ്റിനിറുത്താൻ ഉപകരിക്കും.

പുതിയ കെ-പിണറായി സഖാവിന്റെ കെ-കേരളത്തിൽ അതിനൊക്കെയുള്ള ഏറ്റവും നല്ല പ്രതിവിധി കെ-ഗോവിന്ദൻമാഷായി ഇരിക്കുക എന്നാണെന്ന് മാഷിന് അറിയാം. അങ്ങനെയാണ് മാഷും കെ-മാഷായത്. നിങ്ങളെന്നെ കെ-മാഷാക്കി എന്ന് പറയുന്നതാവും കുറച്ചുകൂടി നല്ലതെന്ന് മാഷ് ബൂർഷ്വാസികളോടോ പിണറായി സഖാവിനോടോ പറഞ്ഞിട്ടില്ല. പറയണമെന്നുണ്ടായിരുന്നു.

കെ-മാഷ് ആയതിന് ശേഷം മാഷ് അവതരിപ്പിച്ച ആദ്യത്തെ മിച്ചമൂല്യ സിദ്ധാന്തം കേറെയിലിൽ കയറി കൂറ്റനാട് അപ്പം വിൽക്കുന്നതിനെപ്പറ്റിയായിരുന്നു. കേറെയിൽ വന്നാൽ 50 കൊല്ലത്തിനപ്പുറത്തെ വളർച്ചയാണ് കേരളത്തിൽ എന്ന് മാഷ് പറഞ്ഞു. 20 മിനിറ്റ് ഇടവിട്ട് കേറെയിലിലൂടെ വണ്ടികളിങ്ങനെ ചൂളം വിളിച്ച് പായും. ഐശ്വര്യത്തിന്റെ ചൂളംവിളിയാണത്. കൂറ്റനാട് നിന്ന് കുടുംബശ്രീക്കാർ ചെയ്യേണ്ട കാര്യം മാഷ് പറഞ്ഞുകൊടുത്തു. വലിയ രണ്ട് കെട്ട് അപ്പവുമായി രാവിലെ വീട്ടിൽ നിന്നിറങ്ങണം. ഷൊർണൂരിൽ പോയി കേറെയിലിൽ കേറണം. എട്ട് മണിക്ക് വീട്ടിൽ നിന്നിറങ്ങുക. എട്ടരയ്ക്ക് ഷൊർണൂരിൽ. ഒരു 10 മിനിറ്റ്. അതാ കേറെയിൽ. റിസർവേഷനൊന്നും വേണ്ട. ചെറിയ ചാർജേയുള്ളൂ. അപ്പത്തിന്റെ മാർക്കറ്റ് കൊച്ചിയാണ്. 10- 25 മിനിറ്റിൽ കൊച്ചിയിലെത്തും. ചൂടപ്പം അരമണിക്കൂർ കൊണ്ട് കൊച്ചിയിൽ വിറ്റുപോവും. വിറ്റ് പൈസയും വാങ്ങി ഒരു ചൂടുചായയും കുടിച്ച് അടുത്ത കേറെയിലിൽ കേറുക. ഉച്ചയ്ക്ക് ഊണിന് മുമ്പ് കൂറ്റനാട്ടിലെത്തും.കെ- മാഷിന്റെ കേറെയിൽ മിച്ചമൂല്യ സിദ്ധാന്തം കേട്ട ചില കുടുംബശ്രീക്കാരെങ്കിലും ബോധംകെട്ട് വീണുവെന്ന് പറയുന്നുണ്ട്.

കേറെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ലെന്ന് ചില ശത്രുക്കൾ പറഞ്ഞ് പരത്താതിരിക്കുന്നില്ല. അതിപ്പോൾ ഒരു സ്റ്റോപ്പ് ഉണ്ടാക്കുന്നതിനാണോ പാട്. നമ്മുടെ സാദാ തീവണ്ടി ഓടിത്തുടങ്ങുമ്പോൾ സകല ഓണംകേറാമൂലയിലും സ്റ്റോപ്പ് ഉണ്ടായിരുന്നോ. ഇല്ലല്ലോ. ഇന്നിപ്പോൾ വടക്കേമുറിയിലും ചെറുതുരുത്തി വള്ളത്തോൾ നഗറിലും ഏഴിമലയിലും ഉള്ളാളിലും വരെ സ്റ്റോപ്പുള്ള വണ്ടികളില്ലേ.

കേറെയിലിന്റെ ടിക്കറ്റെടുക്കാൻ ഒരു കെട്ട് അപ്പം വിറ്റാലും കിട്ടാത്ത പണം കൊടുക്കണമെന്ന് പ്രചരിപ്പിക്കുന്ന ചില പെറ്റി ബൂർഷ്വകളുണ്ട്. അവന്മാർക്ക് ജനകീയ ജനാധിപത്യ വിപ്ലവം വിരിയുമെന്ന ധാരണ അശേഷമില്ല. അത് വിരിയുമ്പോൾ കേറെയിലിന്റെ ടിക്കറ്റ് ചാർജൊക്കെ മൂക്കിൽപൊടി വലിക്കുന്നത്രയേ വരൂ.

തൃശൂർ മാളയിൽ മൈക്ക് ഓപ്പറേറ്റർ മാഷിന് ക്ലാസെടുക്കാൻ ഒരുമ്പെട്ട കഥ കേട്ട് പലരും ഞെട്ടുകയുണ്ടായി. മാഷ് ക്ലാസെടുത്തിട്ടുണ്ട്. എന്നാൽ മാഷിന് ക്ലാസെടുക്കാൻ ധൈര്യം കാണിച്ച ആദ്യത്തെ ആളായിട്ടാണ് ഈ മൈക്ക് ഓപ്പറേറ്ററെ ഇപ്പോൾ എല്ലാവരും വിലയിരുത്തുന്നത്. മൈക്കിന്റെ അടുത്ത് നിന്ന് പറയണമെന്ന ക്ലാസാണ് മൈക്കുകാരൻ മാഷിന് പഠിപ്പിച്ച് കൊടുത്തത്. പഠിപ്പിച്ചതേ അയാൾക്ക് ഓർമ്മയിലുള്ളൂ. മറ്റൊന്നും അയാൾക്കിപ്പോൾ ഓർമ്മയിലില്ല എന്നാണ് പറയുന്നത്.

മാഷ് മൈക്കിനെപ്പറ്റിയും അതിന്റെ ബൂർഷ്വാവൈകല്യങ്ങളെപ്പറ്റിയും തികഞ്ഞ ബോധമുള്ളയാളാണ് എന്ന് ക്ലാസെടുക്കാൻ തുനിഞ്ഞിറങ്ങിയ മൈക്കുകാരൻ അറിഞ്ഞിരുന്നില്ല. ഈ മൈക്ക് ചെറിയ കാര്യമല്ലെന്ന് മാഷ് പറയുകയുണ്ടായി. ഇതേറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നത് കൊണ്ട് കാര്യമില്ല. ആൾക്കാരോട് സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാനറിയണം- മാഷ് ഉപദേശിച്ചുവിട്ടു. മൈക്കിനെ എങ്ങനെ ജനകീയ ജനാധിപത്യ വിപ്ലവത്തിലേക്ക് പരിവർത്തിപ്പിച്ചെടുക്കാം എന്ന രഹസ്യം മാത്രമേ മാഷ് പറയാതിരുന്നുള്ളൂ. അന്ന് തൊട്ടിങ്ങോട്ട് മൈക്കുകാരൻ രാത്രിയിൽ ഉറക്കത്തിൽ ഞെട്ടിയുണരുകയും മാഷേ, മാഷേ എന്ന് നിലവിളിക്കുകയും ചെയ്യുന്നതായി മാളക്കാർക്കിടയിൽ സംസാരമുണ്ട്.

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K-MASH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.