SignIn
Kerala Kaumudi Online
Friday, 19 April 2024 9.37 AM IST

നീറിപ്പുകഞ്ഞ് ബ്രഹ്മപുരം , കൊച്ചിയിൽ മാസ്ക് നിർബന്ധം

bhramapuram

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീയും പുകയും പത്തു ദിവസമായിട്ടും ശമിക്കുന്നില്ല. കൊച്ചിയിൽ പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശിച്ചു. ഹൈക്കോടതി നിയോഗിച്ച ഉന്നതതല സമിതി ബ്രഹ്മപുരം സന്ദർശിച്ചു. സർക്കാർ നിയോഗിച്ച ഉന്നതതല സമിതി മലിനീകരണ നിയന്ത്രണ ബോർഡിനോട് റിസ്ക് അനാലിസിസ് നടത്താൻ നിർദ്ദേശം നൽകി.
ഇന്നലെ വൈകിട്ട് പ്ലാന്റിന്റെ വലതുഭാഗത്ത് എടുത്ത ആറടിയിലേറെ ആഴമുള്ള കുഴിയിൽ നിന്ന് ഉയർന്ന പുക തുടർച്ചയായി വെള്ളം ചീറ്റിയാണ് ശമിപ്പിച്ചത്. ഏക്കറുകണക്കിന് സ്ഥലത്ത് സമാന സാഹചര്യമാണ്. പ്ളാന്റിലെ ഏഴ് സെക്ടറുകളിൽ രണ്ടിൽ മാത്രമാണ് തീയുള്ളതെന്നും പുകയാണ് യഥാർത്ഥ പ്രശ്നമെന്നും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.

ദിവസങ്ങൾക്ക് ശേഷം കൊച്ചി നഗരത്തിൽ നിന്ന് മാലിന്യങ്ങളുമായെത്തിയ അമ്പതോളം ലോറികളെ ഇന്നലെ പുലർച്ചെ ബ്രഹ്മപുരത്ത് നാട്ടുകാർ തടഞ്ഞു. പൊലീസ് ഇടപെട്ടാണ് ഇവരെ മാറ്റിയത്.

• 14 മുതൽ ആരോഗ്യസർവേ

ചൊവ്വാഴ്ച മുതൽ കൊച്ചിയിൽ ആരോഗ്യ സർവേ നടത്തുമെന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ യോഗത്തിൽ മന്ത്രി വീണ ജോർജ് പറഞ്ഞു. ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തും. ആവശ്യമുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും. മെഡിക്കൽ ക്യാമ്പുകളും മൊബൈൽ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കും. മെഡിക്കൽ കോളേജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം കാക്കനാട് ഹെൽത്ത് സെന്ററിൽ ലഭ്യമാക്കും. എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കും.

വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങൾക്കു വഴിയൊരുക്കാൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ഘടകം മുന്നറിയിപ്പ് നൽകി. എൻ 95 പോലുള്ള മാസ്‌കുകൾ വാതകങ്ങളെ പ്രതിരോധിക്കില്ല.

• തെർമൽ കാമറകൾ വാങ്ങും

ബ്രഹ്മപുരത്ത് തീപിടിത്ത സാദ്ധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ കാമറകളും എച്ച്.എച്ച്. ഗ്യാസ് മോണിറ്ററുകളും വാങ്ങാൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിദഗ്ദ്ധ സമിതി യോഗം തീരുമാനിച്ചു.

• ഹൈക്കോടതി സമിതി ബ്രഹ്മപുരത്ത്

ഹൈക്കോടതി നിയോഗിച്ച ഉന്നതതല സമിതി ഇന്നലെ വൈകിട്ട് ബ്രഹ്മപുരത്ത് സന്ദർശനം നടത്തി. കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്ളാന്റിൽ യോഗം ചേർന്നു. റിപ്പോർട്ട് ഉടനെ ഹൈക്കോടതിയിൽ സമർപ്പിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ, ശുചിത്വമിഷൻ ഡയറക്ടർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജോയിന്റ് ചീഫ് എൻവയോൺമെന്റൽ എൻജിനീയർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRAHMAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.