കൊച്ചി: ഭിന്നശേഷി വിഭാഗക്കാർക്ക് വീടിനടുത്തുള്ള സെന്ററുകളിൽ പരീക്ഷ എഴുതാൻ പി.എസ്.സി അനുമതി നൽകണമെന്ന സംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പി.എസ്.സി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഷാജി. പി ചാലിയുടെ നടപടി. ഭിന്നശേഷി കമ്മിഷണർക്ക് സാക്ഷികളെ വിളിച്ചു വരുത്താനും തെളിവുകൾ പരിശോധിക്കാനും സിവിൽ കോടതിയുടെ അധികാരമുണ്ടെങ്കിലും പരാതികളിൽ തീർപ്പുകല്പിക്കുന്നതിൽ സ്വതന്ത്രമായ അധികാരമില്ലെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. എന്നാൽ ഇക്കാര്യത്തിൽ ശുപാർശ സർക്കാരിനും പി.എസ്.സിക്കും നൽകാൻ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭിന്നശേഷിക്കാരനായ തനിക്ക് വീടിനടുത്തുള്ള പരീക്ഷാ സെന്റർ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ കണ്ടംകുളം സ്വദേശി എൻ.എ. അൻസീർ സർക്കാരിന് നൽകിയ അപേക്ഷ കമ്മിഷണർക്ക് കൈമാറിയിരുന്നു. തുടർന്നാണ് 2017 ആഗസ്റ്റ് എട്ടിന് കമ്മിഷണർ പി.എസ്.സിക്ക് ഈ നിർദ്ദേശം നൽകിയത്. സിവിൽ കോടതിയുടെ അധികാരമുപയോഗിച്ചാണ് ഉത്തരവെന്നും വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിന്റെ പരിധിക്കു പുറത്തുള്ളതാണെന്ന പി.എസ്.സിയുടെ വാദം സിംഗിൾബെഞ്ച് ശരിവച്ചു.
ലോട്ടറി കേസുകൾക്കായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികൾ
തിരുവനന്തപുരം: ലോട്ടറി തട്ടിപ്പുകേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഇനി എല്ലാ ജില്ലകളിലും പ്രത്യേക ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികൾ നിശ്ചയിച്ച് ആഭ്യന്തരവകുപ്പ് അസാധാരണ ഗസറ്റ് പുറപ്പെടുവിച്ചു. 1998ലെ ലോട്ടറീസ് റഗുലേഷൻ നിയമത്തിന് കീഴിൽ വരുന്ന തട്ടിപ്പുകൾ കൈകാര്യം ചെയ്യാനുള്ള പ്രത്യേക കോടതികൾ:
തിരുവനന്തപുരത്ത് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-നാല് (മൊബൈൽ കോടതി), കൊല്ലത്ത് താത്കാലിക ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി, പത്തനംതിട്ടയിൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2, ആലപ്പുഴയിൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 (മൊബൈൽ), കോട്ടയത്ത് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 (മൊബൈൽ), ഇടുക്കിയിൽ തൊടുപുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി, എറണാകുളത്ത് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-3 (മൊബൈൽ), തൃശൂരിൽ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-2, പാലക്കാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-3, മലപ്പുറത്ത് മഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2, കോഴിക്കോട് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി, വയനാട്ടിൽ കല്പറ്റ ക്രിമിനൽ വിംഗ് ഒഫ് മുനിസിഫ്- മജിസ്ട്രേറ്റ് കോടതി, കണ്ണൂരിൽ തലശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-1, കാസർകോട്ട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |