തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ എത്തിയില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾ പിഴ നൽകണമെന്ന് ശബ്ദ സന്ദേശമയച്ചതിൽ പ്രതികരണവുമായി ആനാട് പഞ്ചായത്തംഗമായ ശ്രീജ. താൻ തമാശ രൂപേണെയാണ് കുടുംബശ്രീ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പിൽ ശബ്ദ സന്ദേശം പങ്കുവെച്ചതെന്ന് സിപിഐ പ്രാദേശിക നേതാവ് കൂടിയായ ശ്രീജ വാർത്താ മാദ്ധ്യമത്തിനോടായി പ്രതികരിച്ചു.
നിരവധി വർഷങ്ങളായി കുടുംബശ്രീ അംഗമായി പ്രവർത്തിച്ചിരുന്നതായും എല്ലാവരും ചടങ്ങിൽ പങ്കെടുക്കണമെന്ന് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളു എന്നും അവർ വ്യക്തമാക്കി. തമാശ രൂപേണെയാണ് ഫൈനിന്റെ കാര്യം ഉൾപ്പെടുത്തിയതെന്നും അതാണ് വിവാദത്തിലേയ്ക്ക് വഴിതെളിച്ചതെന്നും ശ്രീജ അറിയിച്ചു.
അതേസമയം പൊതുമരാമത്ത് മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടന ചടങ്ങിൽ എത്തിയില്ലെങ്കിൽ പിഴ നൽകണമെന്ന് കുടുംബശ്രീ അംഗങ്ങളോട് പഞ്ചായത്തംഗം പറയുന്നതിന്റെ ശബ്ദരേഖ വാർത്തയായിരുന്നു. നെടുമങ്ങാട് പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനത്തിന് എത്താനാണ് ശ്രീജ സന്ദേശമയച്ചത്. പങ്കെടുക്കാത്തവർ 100 രൂപ പിഴയടയ്ക്കണമെന്നും വാട്സാപ്പ് ഗ്രൂപ്പിലയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. സംഭവം വാർത്തയായതോടെ, പരിപാടിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനാണ് ഇത്തരമൊരു ശബ്ദ സന്ദേശം അയച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ പഞ്ചായത്ത് അംഗത്തിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |