കണ്ണൂർ: സി.ഒ.ടി നസീർ വധശ്രമക്കേസിൽ തന്റെ പേര് പറയാൻ നസീറിനെ ചിലർ സ്വാധീനിച്ചതായി സി.പി.എം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ഇക്കാര്യം നസീർ തന്നെ തന്നോട് പറഞ്ഞതായും തലശ്ശേരിയിൽ നടന്ന വിശദീകരണ യോഗത്തിൽ ജയരാജൻ പറഞ്ഞു.
ആശുപത്രിയിൽ വച്ചും വീട്ടിൽ പോയും ഞാൻ നസീറിനെ കണ്ടിരുന്നു. അപ്പോൾ അയാൾ പറഞ്ഞത്, ജയരാജന്റെ പേരൊന്ന് പറഞ്ഞാൽ മതി കേന്ദ്രത്തിൽ നിന്ന് അടക്കം സഹായം എത്തിക്കാമെന്ന് പറഞ്ഞവർ വരെ ഉണ്ടെന്നായിരുന്നു" ജയരാജൻ പറഞ്ഞു.
പി ജയരാജനെ കുടുക്കാൻ തലശ്ശേരി എം.എൽ.എ എഎൻ ഷംസീർ ആസൂത്രണം ചെയ്തതാണ് വധശ്രമമെന്ന് സി.ഒ.ടി നസീർ നേരത്തെ ആരോപിച്ചിരുന്നു. തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് ഷംസീറിന് വൈരാഗ്യമുണ്ടെന്ന് നസീർ ആരോപിച്ചിരുന്നു. തലശ്ശേരിയിലെ സ്റ്റേഡിയം നവീകരണത്തിൽ അപാകതയുള്ളതായി പി ജയരാജൻ വേദിയിൽ തുറന്ന് പറഞ്ഞതും ശ്രദ്ധേയമായി. അഴിമതിയെന്ന നിലയ്ക്കെല്ലെങ്കിലും സ്റ്റേഡിയം പുൽത്തകിടി നിർമാണത്തിൽ അപാകതകൾ ഉണ്ടായിരുന്നെന്ന് ജയരാജൻ വേദിയിൽ പറയുകയായിരുന്നു.
അതേസമയം സി.ഒ.ടി നസീർ കേസിൽ തന്നെ വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമമെന്ന് എം.എൻ. ഷംസീർ എം.എൽ.എ പ്രതികരിച്ചു.