തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കൗൺസിലർമാരെ മർദിച്ച സംഭവം നിയമസഭയിൽ. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എം എൽ എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സ്പീക്കർ അനുമതി നൽകിയില്ല.
ആദ്യ സബ്മീഷനായി പരിഗണിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. മുതിർന്ന നേതാക്കളെ വരെ പൊലീസ് ക്രൂരമായി മർദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്കേറ്റമായി.
അതേസമയം, യു ഡി എഫ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നതാണെന്ന് നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പ്രശ്നങ്ങളും നിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്ന് സ്‌പീക്കറും വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |