SignIn
Kerala Kaumudi Online
Friday, 19 April 2024 11.14 AM IST

കേരളത്തിൽ മൂന്ന്  വർഷത്തിനിടെ ചരിഞ്ഞത് 86 നാട്ടാനകൾ,   ജീവനെടുത്ത് എരണ്ടക്കെട്ടും പാദരോഗവും  

kerala-elephant-

തിരുവനന്തപുരം: ഉത്സവ സീസണിലെ വിശ്രമമില്ലായ്മ അടക്കമുള്ള കാരണങ്ങളാൽ പിടിപെടുന്ന പാദരോഗം, എരണ്ടക്കെട്ട് (മലബന്ധം) തുടങ്ങിയവ ബാധിച്ച് ചരിയുന്ന നാട്ടാനകളുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് മൂന്നു വർഷത്തിനിടെ ചരിഞ്ഞത് 86 ആനകൾ. ഈ വർഷം ഇതുവരെ ആറെണ്ണം. 12 വർഷത്തിന് മുമ്പ് രണ്ടായിരത്തോളം നാട്ടാനകളുണ്ടായിരുന്നു. ഇപ്പോഴുള്ളത് 391 എണ്ണം മാത്രം. ടി.ബിയും ആനാരോഗ്യവുമെല്ലാം നാട്ടാനകളുടെ ജീവനെടുക്കുന്നു.

ഉത്സവകാലങ്ങളിൽ ആവശ്യത്തിന് വിശ്രമം നൽകാതെ എഴുന്നള്ളത്തിനടക്കം ഉപയോഗിക്കുന്നത് എരണ്ടക്കെട്ടിന് ഇടയാക്കുന്നു. ലോറിയിൽ കൊണ്ടുപോകുമ്പോഴുള്ള ഒരേ നിൽപ്പ് കുടൽരോഗങ്ങൾക്കടക്കം കാരണമാകുന്നു. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും ബാധിക്കാറുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും പ്രശ്നമാണ്. വൈറസ് രോഗങ്ങളും വർദ്ധിക്കുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അണുബാധയ്ക്ക് ഇടയാക്കുന്നു.
കൊവിഡ് കാലത്ത് മുഴുവൻ സമയവും വിശ്രമത്തിൽ കഴിഞ്ഞതും ആരോഗ്യത്തെ സാരമായി ബാധിച്ചു. പുറമേയ്ക്ക് പ്രകടമാകാത്ത അസുഖം വന്നാൽ കണ്ടെത്താനുളള ആധുനിക ചികിത്സാസംവിധാനങ്ങൾ സംസ്ഥാനത്ത് ഇല്ലാത്തതും വെല്ലുവിളിയാണ്. കേരളത്തിലുള്ള നാട്ടാനകളിൽ ഭൂരിപക്ഷത്തിനും 40 വയസിന് മുകളിലാണ് പ്രായം. 60 - 70 വയസ് വരെയാണ് ആനകളുടെ ശരാശരി ആയുർദൈർഘ്യം. നാട്ടാനകളുടെ വംശവർദ്ധനയ്ക്ക് ക്യാപ്ടീവ് ബ്രീഡിംഗ് നടത്തണമെന്നും ആവശ്യമുണ്ട്. തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ ഇതുണ്ട്.


ദിവസം 6 മണിക്കൂർ വിശ്രമം

നാട്ടാന പരിപാലന ചട്ടപ്രകാരം ഒരു ദിവസം ആനയെ എഴുന്നളളിച്ചാൽ അടുത്ത 72 മണിക്കൂർ വിശ്രമം നൽകണം. വൈകിട്ട് അഞ്ച് വരെ ടാറിട്ട റോഡിലൂടെ എഴുന്നള്ളത്തിന് ഉപയോഗിക്കരുത്. അല്ലാത്ത ദിവസങ്ങളിൽ കുറഞ്ഞത് ആറു മണിക്കൂർ വിശ്രമം നൽകണം. കിടന്നുറങ്ങാൻ ശാന്തമായ അന്തരീക്ഷവും വേണം. ദിവസം 250 ലിറ്റർ വെള്ളവും 150 - 250 കിലോവരെ ഭക്ഷണവും നൽകണം. ചൂടുകാലത്ത് തണുത്ത ഭക്ഷണം ഉറപ്പാക്കണം. ഉണങ്ങിയ ഇലകളും പട്ടയുടെ തണ്ടും കൊടുക്കരുത്.

ആകെ നാട്ടാനകൾ 391
കൊമ്പന്മാർ 332
പിടിയാനകൾ 59

  • ചരിഞ്ഞ നാട്ടാനകൾ

2020 -24
2021 -24
2022 - 32
2023 - 6

''കേരളത്തിൽ ആനകൾക്കായി മികച്ച ആശുപത്രി ഉണ്ടെങ്കിൽ പകുതി മരണങ്ങൾ കുറയ്ക്കാനാകും.


ഹരിദാസ് മച്ചിങ്ങൽ,
ആനപ്രേമിസംഘം,

പാലക്കാട് ജില്ലാ പ്രസിഡന്റ്

'കാലാവസ്ഥ വ്യതിയാനം ആനകൾക്കുണ്ടാക്കുന്ന ശാരീരിക സമ്മർദ്ദങ്ങൾ നിസാരമായി കാണരുത്. മൂന്ന് മണിക്കൂറിൽ കൂടുതൽ ഒരു ആനയെ എഴുന്നള്ളിക്കരുത്. ഉച്ചസമയത്തെ എഴുന്നള്ളത്ത് ഒഴിവാക്കണം.
ഡോ.രാജീവ്.ടി.എസ്,
ആന ചികിത്സകൻ,
വെറ്ററിനറി സർവകലാശാല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHNAT, KERALA ELEPHANT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.